Skip to main content

സന്തോഷാശ്രുക്കളോടെ, ഇന്നലെകളിലേക്ക്.....

ഞാന്‍ കരയുകയാണ്. മനസിന്റെ വിങ്ങല്‍ കണ്ണു നീരായി പതിക്കുന്നത് എന്തു കൊണ്ടെന്നെഴുതാനാണ് ഞാന്‍ ശ്രമിക്കുന്നത്. സത്യത്തില്‍ എനിക്കുമറിയില്ല എന്തുകൊണ്ട് എന്ന്. ഇന്ന് എനിക്ക് (ഫെബ്രുവരി 27) ഇരുപത്തീയെട്ട് വയസ് പൂര്‍ത്തിയായി. നീണ്ട ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കൊണ്ട് ഞാനെന്ത് നേടി എന്നൊന്ന് തിരിഞ്ഞു നോക്കുമ്പോളാണീ വിങ്ങല്‍... കടന്നു പോയ മധുരനൊമ്പരങ്ങളുടെതായ സമ്മിശ്ര പാതയിലൂടെ മനസുകൊണ്ട് ഒരു ഫ്ലാഷ് ബാക് യാത്ര. മനസിനല്ലേ കഴിയൂ ഇന്നലെകളിലേക്ക് തിരിഞ്ഞു നടക്കാന്‍.....!!

കുടുംബം, വീട്, എന്നൊക്കെ ചിന്തിക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണ് എന്നാണ് എനിക്കു തോന്നിയുട്ടുള്ളത്. അല്ലാ... ഞാന്‍ ഭാഗ്യവാന്‍ തന്നെയാണ്.

അമ്മയുടെ കൈയില്‍ പിടിച്ചുള്ള പള്ളിയില്‍ പോക്ക്. അപ്പച്ചന്റെ തോളത്തിരുന്നുള്ള പെരുന്നാള്‍ - ഉത്സവപരിപാടികള്‍ക്കുള്ള യാത്ര. ചെണ്ട കൊട്ടു കാണാന്‍ എവിടെയും അപ്പച്ചന്‍ എന്നെ തോളത്തിരുത്തി കൊണ്ടൂ പോകുമായിരുന്നു. തിടനാട് പള്ളിപ്പെരുന്നാള്‍ മുതല്‍ പാതാഴ ആറാട്ട് വരെ. അപ്പച്ചന്‍ പള്ളിയീലേക്ക് വേണ്ടിയോ അല്ലെങ്കില്‍ ഏതെങ്കിലും നാടകങ്ങള്‍ക്ക് വേണ്ടിയോ മേക്കപ്പ് സാധനസാമഗരികള്‍ ഉണ്ടാക്കുമ്പോള്‍ ഞാനുണ്ടാവും അടുത്ത് ഇരുന്ന് ശ്രദ്ധിച്ച് അതെല്ലാം പഠിക്കുന്നവനെ പോലെ.

ചേച്ചിമാര്‍ പഠിക്കുമ്പോള്‍ അവരെ ആവശ്യത്തിലധികം ശല്യം ചെയ്യാന്‍ എന്തു രസാരുന്നു. സീരിയസായി കാണപ്പെടുന്ന ചേട്ടായിയെ ഇത്തിരി പേടീം ബഹുമാനോം ഉണ്ടാരുന്നു. ആയതിനാല്‍ തന്നെ ചേട്ടനെ ശല്യം ചെയ്യാന്‍ പോവാറില്ലായിരുന്നു.

നാലാം വയസില്‍ പള്ളിവക നേഴ്സറിയില്‍ ചേര്‍ക്കാന്‍ അമ്മയാണ് കൊണ്ടു പോയത്. കൊല്ലാന്‍ കൊണ്ടു പോകുന്നവന്റെ മാനസികാവസ്ഥയോടെന്ന പോലെ ഞാന്‍ അലമുറയിട്ടു കരഞ്ഞു....!! അമ്മ എന്നെ അവിടേ വിട്ടീട്ടു പോകാ‍ന്‍ ആവും വിധം ശ്രമിച്ചു. നടന്നില്ല.ഞാന്‍ ചങ്കു പൊട്ടി നിലവിളിച്ചു. അന്നത്തെ വികാരിയച്ചനായിരുന്ന നെടുമ്പുറത്തച്ചന്‍ പള്ളിമേടയില്‍ നിന്നും വലിiയൊരു ഛൂരലുമായി ഇറങ്ങി വന്നു.... “എടാ ജോസേ...., ഇനി കരഞ്ഞാല്‍ ഞാന്‍ ഈ വടി കൊണ്ട് തല്ല് വച്ച് തരും.....!!!” ഞാന്‍ നടുങ്ങി, പേടിച്ചു. കരച്ചില്‍ നിറുത്തി... എന്നിട്ട് പറഞ്ഞു... “എന്റെ പേര് ജോ‍സന്നെല്ലാ... ജോസ്മോന്‍ എന്നാ...!” എല്ലാവരും ചേര്‍ന്നൊരൊറ്റ ചിരിയാരുന്നു...!!! അത് എന്നെ കളിയാക്കിയതാന്നറിഞ്ഞ ഞാന്‍ വീണ്ടും കരഞ്ഞു. പിന്നിട് ഞാനവിടുത്തെ ഹീറോ ആയി. ചേട്ടന്‍ എന്നെ രാവിലെ കൊണ്ടു വന്ന് വിടും. അപ്പന്റെ കലകള്‍ രക്തത്തിലുള്ളതു കൊണ്ട് നേഴ്സറിയിലേ ഞാന്‍ തുടങ്ങി കഥാപ്രസംഗം. അന്നേ പേരും കിട്ടി.... “വാഴ.”

കാലം മാറി. ഞാന്‍ വെയില്‍കാണാംപാറ എല്‍.പി.സ്കൂളില്‍ പഠനമാരംഭിച്ചു. അന്നെനിക്ക് നല്ലൊരു കൂട്ടുകാരനെ കിട്ടി. പടന്നമാക്കലേ അരുണ്‍. ഞാനും അവനും വലിയ കൂട്ടുകാരായിരുന്നു. അവന് ക്ലസില്‍ ഫസ്റ്റ് എനിക്ക് സെകന്റ്. ചിലപ്പോള്‍ അത് തിരിച്ചും. (ഇന്നെനിക്കറിയില്ലാ അവനെവിടെ എന്ന്. ഇതു വായിക്കുന്നവര്‍ ആരെങ്കിലും അവനെ അറിയുമെങ്കില്‍, എന്നെ അറിയിക്കണേ... ഞാനവനെ തിരയുകയാണ്.) പിന്നെ ഉണ്ടായിരുന്നു ഒരു ഉണ്ണി. ജീവിതത്തിലെ ചില വല്ലാത്ത നിമിഷങ്ങളേ ഓര്‍ക്കുമ്പോള്‍ ഞാന്‍ ഉണ്ണിയേയും അവന്റെ അമ്മയേയും ഓര്‍ക്കാറുണ്ട്. അന്നൊരിക്കല്‍ ക്ലാസില്‍ വച്ച് എനിക്ക് വയറ്റീന്നൊഴിച്ചില്‍ പിടിപെട്ടു. ടീച്ചറോ‍ട് പറയാന്‍ മടി. അവസനം ഗതിയില്ലാതെ ടീച്ചറോട് പറഞ്ഞു. ഉണ്ണിയുടെ വീട് സ്കൂളീനടുത്തായിരുന്നു. അങ്ങനെ ഉണ്ണിയേം കൂട്ടി എന്നെ അവന്റെ വീട്ടില്‍ വിട്ടു. വീടെത്തൂം വരെ എനിക്ക് പിടിച്ചു നില്‍ക്കാനായില്ല. നിക്കറില്‍ കാര്യം സാധിക്കപ്പെട്ടു. അവന്റെ അമ്മയെന്നെ കുളിപ്പിച്ച്. ഉണ്ണീയുടെ ഒരു നിക്കറും ഷര്‍ട്ടുമിടിച്ച് വൈകുന്നെരം വീട്ടില്‍ വിട്ടു. ഉണ്ണീ നീയെവിടെയാണ്? നീയീതു വായിക്കുന്നെങ്കില്‍... അമ്മയോട് പറയണം... ഈ മകനെ കുറിച്ച്.... മറന്നിട്ടില്ലാന്ന്... മറക്കില്ലാന്ന്....!!!
നാലാം ക്ലാസില്‍ ആ കൂട്ട് പിരിഞ്ഞു.

പിന്നെ ചെമ്മലമറ്റം ഹൈസ്കൂള്‍. വീട്ടില്‍ നിന്നും കുറച്ച് ദൂരെ ബസില്‍ വേണം പോ‍കാന്‍. അവിടെ എന്തെല്ലാം തമാശകള്‍. എല്ലാവരും അറിയുമായിരുന്നു... മിമിക്രി കാട്ടുന്ന “വാഴയെ”. മിക്കവര്‍ക്കും വാഴ എന്നല്ലാതെ എന്റെ പേരറിയില്ലായിരുന്നു. അന്നൊരിക്കല്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. ക്ലാസില്‍ മോണിറ്ററാ‍യ ഷിബി മൂവേലിലിനോട് എനിക്കെന്തോ ഒരു വല്ലാത്ത ദേഷ്യമുള്ള സമയം. കാരണം എനിക്കവളോട് കൂട്ടുകൂടണമെന്നുണ്ടായിരുന്നെങ്കിലും ഷിബി ഒന്ന് ചിരിച്ച് കാട്ടുക പോലുമില്ലായിരുന്നു. അതു മാത്രമല്ല ഷിബി അന്ന് ഞാനായിരൂന്ന പാര്‍ട്ടിയുടെ എതിര്‍ പാര്‍ട്ടിയില്‍ നിന്നു കൊണ്ട് വിജയം കരസ്ഥമാക്കിയ സ്ഥാനാര്‍ത്ഥികൂടിയായിരുന്നു. ഷിബി അന്ന് ബോയ്കട്ട് തലമുടിയുള്ള ഒരു പെണ്ണാ‍ണ് ക്ലാസില്‍. അന്നൊരു ദിവസം ഞാനും രാജേഷേന്ന എന്റെ കൂട്ടുകാരനും എല്ലാവരും പോയിട്ടാണ് ക്ലാസില്‍ നിന്ന് പോകുന്നത്. സമയം നല്ലതെന്ന് മനസിലാക്കി ഞാന്‍ ഷിബി ഇരിക്കുന്ന സ്ഥലത്ത് ചോക്കു കൊണ്ട് എഴുതി വച്ചു... “നീ പോടീ മൊട്ടേച്ചീ.....” എന്ന്. പിറ്റേന്ന് ഞാന്‍ വൈകിയാണ് ക്ലാസില്‍ എത്തിയത്. എല്ലാവരും എന്നെ പ്രതീക്ഷിച്ചിരിക്കുന്നതു പൊലെ. ഞാന്‍ കണ്ടു. ഷിബിയുടെ സീ‍റ്റ് ആരുമിരിക്കാതെ കാലിയായിട്ട് കിടക്കണു. ഉള്ളില്‍ കൊള്ളിയാന്‍ മിന്നി. രാജേഷ് പറഞ്ഞ് എല്ലാവരും അറിഞ്ഞു. അതെഴുതിയത് ഞാനാന്ന്. എന്നാലും കിട്ടിയ സമയം കൊണ്ട് കൂട്ടുകാരുടെ ഇടയില്‍ ഞാനത് തിരുത്തിച്ച്... ഞാനല്ലാ എന്നാക്കി. ക്ലാസ് സര്‍ ഫിലിപ്പ് സാര്‍ ക്ലാസില്‍ എത്തി. പ്രശ്നം ഷിബി അവതരിപ്പിച്ചു. ഞാനല്ലാ എന്ന് ആവും വിധം ഞാനും കൂട്ടുകാരും വാദിച്ചു. സാറിന്റെ അപാര ബുദ്ധി... സാറെന്റെ നോട്ട് ബുക്ക് പരിശോദിച്ച് അക്ഷരസാമ്യം കണ്ടു പിടിച്ചു. ചൂരലിന്റെ ചൂട് നാലു തവണ എന്റെ തുടയില്‍ ആഞ്ഞു പതിച്ചു. എന്റെ ഭാഗ്യത്തിന് ഞാനന്ന് ഒരു ജീന്‍സാണിട്ടിരുന്നത്. എന്നാലും....!!! ഷിബീ.., നീ ഗോവയില്‍ ഇന്ന് ഡോക്ടറാണെന്നാണെന്റെ അറിവ്. സദയം ക്ഷമിക്കുക. കുട്ടിക്കാ‍ലത്തെ തമാശകള്‍ അതിരു കടന്ന് മനസ് നോവിച്ചെങ്കില്‍ മാപ്പ്.
പിന്നെ... ജീവിതം ഗതി മാറി ഓടി. മറ്റൊരു ജുറാസിക് പാര്‍ക്ക് ജീവിതത്തില്‍ പുതിയ ഏടുകള്‍ തീര്‍ത്തു.

ജീവിതത്തില്‍ തനിക്കൊരു വിജയം സാധ്യമാല്ലാ‍ എന്ന് ഞാന്‍ മനസിലാക്കി തുടങ്ങിയ കാലത്താണ് മദ്ധ്യപ്രദേശിലേക്ക് പോകുന്നത്. ഭാഗ്യവും ഈശ്വരകൃപയും എന്നുമ്മെനിക്കൊപ്പമുണ്ടായിരുന്നു... അല്ലായിരുന്നെങ്കില്‍... എനിക്കറിയില്ലാ എന്താകുമായിരുന്നുഎന്ന്. അതിനിടയില്‍ എന്റെ കസിന്‍.... അകാലത്തില്‍ പൊലിഞ്ഞു പോയ എന്റെ ചേട്ടന്‍ ജോബിയും മദ്ധ്യപ്രദേശില്‍ വരുന്നത്. ഞങ്ങള്‍ അവിടെ അടിച്ചു പൊളിക്കയായിരുന്നു. തമാശകളും മറ്റും നിറഞ്ഞ ഒരു ജീവിതം.

പിന്നീട് ഞാന്‍ മുംബയിക്ക് കുടിയേറി. സമയത്തിന്റെ തികവില്‍ ജോബിയും പോയി മറ്റൊരു ലോകത്തേക്ക്. മുംബയ് എനിക്ക് തുണയായി. മുകളില്‍ പറഞ്ഞ അതേ വാചകം.... ഭാഗ്യവും ഈശ്വരകൃപയും എനിക്കൊപ്പമുണ്ടായിരുന്നു.

മുംബയില്‍ എത്തിയിട്ട് കഴിഞ്ഞ ജനുവരി മൂന്നാം തിയതി പത്ത് വര്‍ഷം തികഞ്ഞു. ഇന്ന് ഞാന്‍ സന്തുഷ്‌‌ടനാണ്. ഈശ്വരന്‍ കനിഞ്ഞെനിക്കെല്ലാം തന്നു. നല്ല ജോലി. അപ്പച്ചനും ഇവിടെ എനിക്കൊപ്പമുണ്ട്. ഇന്നലെകളിലെ ദുഃസ്വപ്നങ്ങളുടെ രാത്രികള്‍ എന്നെ വല്ലാണ്ട് പേടിപ്പിച്ചിരുന്നു. മുന്നില്‍ ജീവിതം കുറ്റാക്കൂരിരുട്ട് മാത്രമായിരുന്നു എന്ന് ഞാന്‍ പേടിച്ചു. എന്നാല്‍ എല്ലാം ഈശ്വരകൃപ....!!!!

നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു...? ഒരുപാട് പേര്‍ ഉണ്ട്. കഥകളിലൂടെ പരിചയപ്പെടുത്തപ്പെട്ടവര്‍ ചുരുക്കം മാത്രം.

മുംബയില്‍ എനിക്ക് തുണയായിരുന്ന ഷില്‍‌സും ദീപുവും.....! ആരെങ്കിലും ഒന്ന് കണ്ണുരുട്ടിയാല്‍ കണ്ണ് നിറയുമായിരുന്ന എനിക്ക് ഒരുപാട് ധൈര്യം പകര്‍ന്ന് ജീവിതത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാന്‍ അവരാണെന്നെ പഠിപ്പിച്ചത്. എന്നെ മുംബയിലേക്ക് കൊണ്ടു വന്ന, ഞാന്‍ കുഞ്ഞാച്ചന്‍ എന്ന് വിളിക്കുന്ന ജെയിംസ് കൊച്ചയന്‍‌കാനാല്‍ അച്ചന്‍. മദ്ധ്യപ്രദേസിലായിരുന്ന കാലത്ത് എനിക്ക് ടൈഫോയിഡ് കലശലായ്യി മരണത്തെ മുഖാമുഖം കണ്ട നേരത്ത് അന്ന് ബിലാസ്പൂറ് റെയില്‍‌വേയില്‍ ജോലി നോക്കിയിരുന്ന, ഞങ്ങള്‍ക്ക് തുണയായി എത്തിയ ആന്റ്ണിയങ്കിളിനും ആന്റിക്കും.... അവരില്ലായിരുന്നെങ്കില്‍ ഞാനിന്ന് ഓര്‍മ്മകളുടെ ഭാഗമായേനെ. എനിക്ക് ആദ്യ ജോലി സമ്മാനിച്ച ബിലാസ്പൂറിലെ പാപ്പച്ചന്‍ സാറിനും ജോസ്‌സാറിനും. അങ്ങനെ പോകുന്ന നീണ്ട ലീസ്റ്റില്‍ ഒരു കാലത്ത് ഞാന്‍ ശത്രുക്കളെന്നു കരുതിയവരോടും ഞാന്‍ കടപ്പെട്ടവനാണ്. അവരുമെന്റെ ഉയര്‍ച്ചയില്‍ സമപങ്കാളികളാണെന്ന് ഞാനറിയുന്നു.

എന്റെ അമ്മ, അപ്പച്ചന്‍, ചേട്ടന്‍, ചേട്ടത്തി, ചേച്ചിമാര്‍, അളിയന്‍, കുട്ടീകള്‍... ഞാന്‍ നിങ്ങളുടേതാണ്. നിങ്ങള്‍ എന്റേതും.... നന്ദി എന്നൊരു വാക്ക് നിങ്ങള്‍ക്കായില്ലാ എനിക്കൂ തരാന്‍... പകരം ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു. പലപ്പോഴായി ഞാന്‍ വേദനിപ്പിച്ചിട്ടൂണ്ട്... ക്ഷമ ചോദിക്കുന്നില്ലാ... ഞാനതിനു പോലും അര്‍ഹനായിരുന്നില്ലാ പലപ്പോഴും...!! പകരം എന്റെ ജീവിതം ഇതാ...!!!!

കൊഴിഞ്ഞു പോയ 28 വര്‍ഷങ്ങള്‍.... എന്റെ ജീവിത പാതയെ നല്ലതിലേക്കുള്ളുതാക്കി തീര്‍ത്ത സര്‍വേശ്വരനു മുന്നില്‍ തൊഴു കൈയോട് നിന്നു കൊണ്ട്... ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുകയാണ് ഈ സന്തോഷാശ്രുക്കള്‍....!!!!!

Comments

ശ്രീ said…
This comment has been removed by a blog administrator.
Abdhul said…
This comment has been removed by the author.
Abdhul said…
ഇനിയും മോന്നോട്ടു പോവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് മാത്രം...... പ്രാര്‍ത്ഥനകളോടെ ഒരു കൂടുകാരന്‍...........................
ആശംസകള്‍...

സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ഇനിയും മുന്നേറുക.
Anonymous said…
Jose,
Belated birthday wishes, ella postum vayichu, ellathilum oru soka base.
Nannayirikkunnu.
Asamsakal.
Iniyum ezhuthuka.
Abe
നന്ദി... എല്ലാ‍വര്‍ക്കും നന്ദി.

കുട്ടിമാളൂചേച്ചി.., സാധ്യതയില്ലാ. ജയിംസച്ചനെ ചേച്ചിയൊക്കെ (കുട്ടിമാലു) വിളിക്കുന്നത് അങ്ങനെ ആണെന്ന് എനിക്കറിയാം. കുഞ്ഞാച്ചന്‍ തന്നെ പറഞ്ഞറിഞ്ഞതാണ്.... ആയതിനാല്‍ തന്നെ ഞാനും അങ്ങനെ വിളിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അച്ചന്‍ ഒരു ചേട്ടനു സമമാണ്. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുഞ്ഞാച്ചന്‍ ഞങ്ങളുടെ ഇടവകയില്‍ വരുന്നത്. എനിക്കച്ചന്‍ ജീവനായിരുന്നു... തിരിച്ചച്ചനും എന്നോട് ഭയങ്കര സ്നേഹമായിരുന്നു. എന്റെ ആദ്യകുര്‍ബാനയൊക്കെ അച്ചന്റെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു. പിന്നീട് അച്ചന്‍ സ്ഥലം മാറി കാഞ്ഞിരത്താനത്തിനു പോയപ്പോള്‍ ഞാന്‍ വാവിട്ടു കരഞ്ഞു. ഇടക്കിടെ ഞാന്‍ അച്ചനെ പോയി കണ്ടിരുന്നു.

കാലം കടന്നു പോയി.. എന്റെ വഴികള്‍ എവിടെയൊക്കെ തിരിഞ്ഞു മറിഞ്ഞ്... അവസാനം മുംബയിലെത്തി. കുഞ്ഞാച്ചന്‍ മുംബയില്‍ ഉണ്ടായിരുന്നല്ലൊ കുറെ കാലം. ആ ഒരു ബന്ദം വച്ച് അച്ചനാണ് മുബയില്‍ കൊണ്ടു വരുന്നതും എനിക്ക് അദ്യത്തെ ജോലി മേടിച്ചു തരുന്നതും ഒക്കെ.

എന്തായാലും... എനിക്കിങ്ങനെ ഒരു പോസ്റ്റ് വന്നപ്പോള്‍ എനിക്കൊത്തിരി സന്തോഷം തോന്നുന്നു....!!!! നന്ദി....!!! ഇനി കുഞ്ഞാച്ചനെ കാണുമ്പോള്‍ പറയണം.... തിടനാട് വാഴയിലെ ജോസ്മോന്‍ അന്വേഷിച്ചൂന്ന്...!!!!
Indira said…
This comment has been removed by a blog administrator.
Indira said…
This comment has been removed by a blog administrator.

Popular posts from this blog

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ...................................................
.................................. എല്ലാം നല്ലതിനെന്നു കരുതുക...!”

എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!!

“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!)

ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (8-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും.

ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസിനുകള്…

കൊഴിഞ്ഞ ഇന്നലെകൾ...!!

അന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി, അവൾ ഭക്ഷണം വിളമ്പാൻ ഒരുങ്ങുകയായിരുന്നു. ഞാനവളുടെ കയിൽ പിടിച്ച് പറഞ്ഞു, “എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു“. അവൾ എന്റെ അടുത്ത് എന്താണ് കാര്യമെന്നറിയാനുള്ള ജിജ്ഞാസയോടേ ഇരുന്നു. ഞാൻ ശ്രദ്ധിച്ചു അവളുടെ കണ്ണുകളിൽ എന്തു കൊണ്ടോ ഒരു സങ്കടത്തിന്റെ നിഴലാട്ടം. എങ്ങനെ പറയണമെന്നറിയില്ലാ. പക്ഷെ അവളെന്റെ മനസ്സിലെന്താണെന്ന് അറിഞ്ഞെ മതിയാവൂ... “എനിക്ക് വിവാഹമോചനം വേണം.“ ഞാൻ എങ്ങനെയോ അവളോട് കാര്യം പറഞ്ഞു.

എന്റെ വക്കുകളിൽ നിശാര പ്രകടിപ്പിക്കാതെ അവൾ വളരെ ശാന്തമായി ചോദിച്ചു: “കാരണം...??” അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ. അതവളെ ദേഷ്യം പിടിപ്പിക്കുക തന്നെ ചെയ്തു. ചോറു വിളമ്പാൻ എടുത്ത സ്പൂൺ വലിച്ചെറിഞ്ഞു കൊണ്ട് അവൾ എന്നോട് ദേഷ്യത്തോടെ അലറി... “നിങ്ങളൊരു മനുഷ്യനേ അല്ലാ...!!“ അന്ന് രാത്രി പിന്നീട് ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ലാ. അവൾ കരയുകയായിരുന്നു. എനിക്കറിയാം, അവൾക്കറിയണം എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്നെങ്കിലും. പക്ഷെ എന്തു ചെയ്യാൻ, അവൾക്ക് മനസിലാവാനുതകുന്ന ഒരുത്തരവും എന്റെ കൈയിലില്ലാ. എങ്ങനെ പറയും എന്റെ ഹൃദയം നിന്റെ പക്കൽ നിന്നും…