Skip to main content

കള്ളന്‍ കള്ളന്‍

ഞാനന്ന് മദ്ധ്യപ്രദേശിലാണ്. 8 -അം ക്ലാസില്‍ പഠിക്കണ കാലത്താണ് വീട്ടുകാര്‍ക്ക് മനസിലായത് എന്റെ പോക്ക് അത്ര ശരിയല്ലാന്ന്. അങ്ങനാണ് കുറ്റീം പറിച്ച് മദ്ധ്യപ്രദേശിലേക്ക് കെട്ട് കെട്ടണത്. അക്കഥയൊക്കെ ഞാന്‍ നേരത്തെ പറഞ്ഞതാണല്ലോ. അന്ന് നാട്ടിലായിരുന്നപ്പോ മെയിന്‍ പരിപാടി അമ്മ തയിക്കണതിന്റെ പൈസ അമ്മ അറിയാതെ വാങ്ങിച്ചിട്ട്, ആ പൈസാ കൊണ്ട് സിനിമ കാണാലായിരുന്നു. ക്ലാസ് കളഞ്ഞാണ് ഈ സിനിമാ കാണല്‍ എന്നത് പ്രത്യേകം പറയേണ്ടതില്ലാല്ലോ. പിന്നെ പിന്നെ അമ്മയും അമ്മയോടൊപ്പം നാട്ടുകാരും വീട്ടുകാരും അറിഞ്ഞു തുടങ്ങി ഞാനത്ര ശരിയല്ലാന്ന്. പലരും കള്ളന്‍ എന്നു വരെ രഹസ്യമായി മുദ്ര കുത്തിയ നേരത്ത് ഞാന്‍ നാട്ടില്‍ നിന്നും പോന്നു. എന്നാലും മദ്ധ്യപ്രദേശിനു വണ്ടി കയറുമ്പോള്‍ വീട്ടിലുള്ളവരുടെ മനസില്‍ ചെറിയ ഒരു കള്ളന്റെ മുഖമായിരുന്നു എനിക്ക്.

എന്തായാലും ഞാന്‍ അങ്ങനെ മദ്ധ്യപ്രദേശില്‍ എത്തി. ഞാനവിടെ ചേട്ടന്‍ പഠിപ്പിക്കണ സ്കൂളില്‍ പോയി തുടങ്ങി. കൂട്ടുകാരെ ഒക്കെ കിട്ടി. അവിടെയുള്ളവരുടെ ഇടയില്‍ എനിക്ക് നല്ല സ്ഥനമായിരുന്നു. ചേട്ടനു കിട്ടുന്ന ബഹുമാനത്തിന്റെ ഒരു ഭാഗമായിരുന്നു അതും. അന്ന് അവിടെ സ്കൂള്‍ കോമ്പൌണ്ടില്‍ റ്റി.വി. ഉള്ളവര്‍ കുറച്ച് പേരെ ഉള്ളു. അതില്‍ ഒരാള്‍ ചേട്ടായും പെടും. അന്നൊക്കെ ശനിയാഴിച്ച രാത്രി 9 മണിക്ക് നാഷ്ണല്‍ ചാനലില്‍ ഹിന്ദി പടം ഉണ്ടാവും അത് കാണാന്‍ ഒരു പാട് പേര്‍ വരുകയും ചെയ്യും. ചില സാര്‍മാര്‍ തുടങ്ങി, ഹോസ്റ്റല്‍ മെസ്സില്‍ വര്‍ക്ക് ചെയ്യുന്നവര്‍ വരെ.

ബിലാസ്പൂറില്‍ നിന്നും 42 കിലോമീറ്റര്‍ ഉള്ളീല്‍ മല്‍ഹാര്‍ എന്ന സ്ഥലത്താണീ സ്കൂള്‍. നഗരത്തില്‍ നിന്നും ഒരു പാട് ദൂരെ, ജില്ലയുടെ ഉള്ളിലേക്ക് കടന്നായതിനാല്‍ തന്നെ, റ്റി.വി.യുടെ ആന്റിന ഒന്ന് ചെറിയ കാറ്റില്‍ ഇളകിയാല്‍ ആകെ നെറ്റ്വര്‍ക്ക് പോകും. പിന്നെ ടെറസില്‍ കയറി ആന്റീന ശരിയാക്കണം സിനിമ ബാക്കി കാണണമെങ്കില്‍. സിനിമ കാണുന്നതിനിടയില്‍ ഈ ആന്റീന ശരിയാക്കുന്ന പണി എന്നും എനിക്കാണ്. കാലാവസ്ഥയുടെ പ്രത്യേക കനിവിനാല്‍ എപ്പോഴും കാറ്റുണ്ടാവും. ആയതിനാല്‍ തന്നെ ഏതു നേരവും ടെറസില്‍ വലിഞ്ഞു കയറുക എന്നത് എന്റെ ഒരു തൊഴില്‍ എന്ന മട്ടായി. ഇതേ ആവശ്യത്തിലേക്കായി, റ്റി.വി. ഓഫ് ചെയ്യാതെ വീടിന്റെ പുറകിലെ വാതില്‍ കുറ്റിയിടാറില്ല. അല്ലെങ്കിലും ആ വാതില്‍ നല്ല ടൈറ്റായിട്ട് അടഞ്ഞോളും. ആ വീടിന് മൂന്ന് മുറിയും ഒരു ഊണ് മുറിയും ഒരു അടുക്കളയും ആണുള്ളത്. റ്റി.വി. ഇരിക്കണ മുറിയിലാണ് അമ്മയും അപ്പച്ചനും കിടക്കുന്നത്. ഞാന്‍ ഏറ്റവും സൈഡിലുള്ള റൂമില്‍. അതില്‍ എന്റെ കട്ടിലും മേശയും വിട്ടാല്‍ ബാക്കി എല്ലാം സ്കൂളിലെ അല്ലറ ചില്ലറ സാധനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.

അങ്ങനെ ഒരു ശനിയാഴിച്ച. പലരും സിനിമ കാണാന്‍ വന്നിരുന്നു. മെസ്സില്‍ വര്‍ക്കു ചെയ്യുന്നവരില്‍ ഒരാള്‍ പുതിയതായി ഉണ്ടായിരുന്നു. അത് അവരില്‍ ഒരുത്തന്റെ കൂടെ വന്നതായിരുന്നു. അവന്റെ ബന്ധുവാണത്രെ. അങ്ങനെ 12 മണിയോടെ സിനിമ കഴിഞ്ഞു. പിറ്റേന്ന് കുട്ടികളേയും കൊണ്ട് അടുത്തുള്ള ഗ്രാമത്തില്‍ (മല്‍ഹര്‍) മേള നടക്കുന്നിടത്ത് പോകേണ്ടതിനാല്‍ ചേട്ടന്‍ "എക്സ്യൂസ്" പറഞ്ഞ് നേരത്തെ പോയി കിടന്നുറങ്ങി. ഞാന്‍ സിനിമ കഴിഞ്ഞ് എല്ലാവരും പോയിട്ടാണ് കിടക്കാന്‍ പോയത്. പിറ്റേന്ന് എനിക്കും പോകണം മേളക്ക് എന്ന ആഗ്രഹവും മനസിലുണ്ടായിരുന്നു. അമ്മയും അപ്പകനും ചേട്ടത്തിയും 32 കിലോ മീറ്റര്‍ അകലെ പള്ളിയില്‍ പോകും, ചിലപ്പോള്‍ എന്നെയും നിര്‍ബന്ദിച്ച് കൊണ്ടു പോകും. അതാണൊരു പ്രശ്നം..., എന്നൊക്കെ ചിന്തിച്ച് ഞാന്‍ കിടന്നുറങ്ങി പോയി.

പിറ്റേന്ന് ഞായറാഴിച്ച, അതിരാവിലെ.... ഞാന്‍ എഴുന്നേറ്റു. പള്ളിയില്‍ പോകാന്‍ നേരത്തെ എഴുന്നേറ്റെ പറ്റു. അല്ലെങ്കില്‍ 7.30 ന്റെ കുര്‍ബാന തുടങ്ങും മുന്‍പേ ചെല്ലാന്‍ കഴിയില്ല. ചേട്ടന്‍ സ്കൂളിലേക്ക് പോകാനായി റെഡിയാവുന്നു. അമ്മയും അപ്പച്ചനും ചേട്ടത്തിയും പള്ളിയില്‍ പോകാനായിട്ടും. ഞാനും റെഡിയായി... എങ്ങോട്ടാണീനി പോക്ക് നടക്കുകാന്നുള്ളത് കണ്ടറിയണം എന്നതാണെന്റെ അവസ്ഥ. പോകാനും വരാനുമൊക്കെയായി അപ്പച്ചന്റെ കയില്‍ കൊടുക്കാനായിട്ട് പൈസ കൊടുക്കാമെന്നാശിച്ച് ചേട്ടായി അലമാരി തുറന്നപ്പോഴാണാ സത്യം അറിഞ്ഞത്. ചേട്ടന്റെ പൈസ വക്കുന്ന ബാഗ് കാ‍ണാനില്ല. പിന്നെ പിന്നെ മനസിലായി... ബാഗ് മാത്രമല്ല ചേച്ചീടെ സ്വര്‍ണ്ണവും ഒക്കെ കാ‍ണാനില്ലാന്ന്...!! ചുരുക്കത്തില്‍ പറഞ്ഞാല്‍ വീട്ടില്‍ കള്ളന്‍ കയറി എന്ന് മനസിലായി.

പിന്നെ ആകെ ടെന്‍ഷനായി. പള്ളിയില്‍ പോക്ക് വേണ്ടാന്ന് വച്ചു. സ്കൂളില്‍ നിന്നും കുട്ടികളെ മേളക്ക് കൊണ്ടു പോകേണ്ട പണി ചേട്ടായി മറ്റൊരു സാറിനെ ഏല്‍പ്പിച്ചു. മേളക്ക് കുട്ടികളെ കൊണ്ടു പോകും മുന്‍പ് കുട്ടികളുടെ ഹോസ്റ്റലില്‍ സാര്‍മാര്‍ വക ഒരു അന്വേഷണവും നടന്നു. പിന്നെ കുട്ടികളേ മേളക്ക് വിട്ടു. അക്കൂട്ടത്തില്‍ ഞാനും മുങ്ങി. കള്ളനെ പിടിക്കുന്നതൊക്കെ വലിയവരുടെ പണി. ഞാനിവിടെ നിന്നിട്ടെന്തു കാര്യം എന്നായിരുന്നു എന്റെ ചിന്ത. എന്തായാലും ചേട്ടായിയും സാറ്മാരും കൂടി പോലീസില്‍ അറിയിച്ചു. പോലീസെത്തി, സംശയാസ്പഥമായി തോന്നിയ മെസ്സിലെ ജോലിക്കാരനേയും ബന്ധുവിനേയും പോലിസ് പൊക്കി. മെസ്സ് ജീവനക്കാരന്റെ ബന്ധുവിനെ ബസ് സ്റ്റോപ്പില്‍ വച്ചാണ് പിടിച്ചത്. അയാള്‍ അതിരാവിലെ പോകാനുള്ള ശ്രമത്തിലായിരുന്നു എന്നതയിരുന്നു അയാളില്‍ തോന്നിയ സംശയം. പോലീസ് വണ്ടി അവരേയും കൊണ്ട് പറന്നു. രണ്ട് പോലീസുകാര്‍ വീട്ടിലും പരിസരപ്രദേശത്തുമായി തമ്പടിച്ചു.

അങ്ങനെ ഇരിക്കെയാണ് വീട്ടുകാര്‍ എന്നെ അന്വേഷിക്കുന്നത്. എന്നെ കാണാനില്ല. ഞാന്‍ മേളക്ക് പോവുകയാണെന്ന് രാവിലിത്തെ തിരക്കില്‍ പറഞ്ഞതുമില്ല. ആകെ ഒരു സംശയം ചേട്ടന്റെയും ഒക്കെ മനസില്‍ മിന്നിമറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ കിടക്കണ മുറിയില്‍ ഒരു ചെറിയ തിരച്ചില്‍ നടത്തിയ വീട്ടുകാര്‍ ഞടുങ്ങി. ചേച്ചിയുടെ കുറച്ച് വളകള്‍ എന്റെ മുറിയില്‍, ഒരു മൂലക്ക് സാധങ്ങള്‍ക്കിടയില്‍, ഒരു ചാക്കില്‍ പൊതിഞ്ഞ് വച്ചിരിക്കുന്നു. ഞാനാ നേരത്ത് മേള കണ്ട് കറങ്ങി നടക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് മനസിലായി, ഞാന്‍ കുറച്ച് സ്വര്‍ണ്ണം ഉപേക്ഷിച്ച് ബാക്കിയുള്ളതും കണ്ടോണ്ട് ഒളിച്ചോടിയിരിക്കുന്നു. ചേട്ടായി ആ വളകള്‍ അവിടെ തന്നെ വച്ചു. എന്നാലും, ഇനിയെന്തെന്നറിയാതെ വീട്ടുകാര്‍ തരിച്ചു നിന്നു.

ആ സമയത്ത്, സംശയാസ്പഥമായി പിടിച്ചവരേയും കൊണ്ട് പോയ പോലീസ് ജീപ്പ് ശരവേഗത്തില്‍ വന്ന് വീടിന്റെ മുന്നില്‍ ചവിട്ടി നിന്നു. മെസ്സ് ജീവനക്കാരന്റെ ബന്ധുവിനെ ചങ്ങലയില്‍ ബന്ദിച്ചിട്ടുണ്ട്. അയാളെയും കൊണ്ട് പോലിസുകാര്‍ വീടിനുള്ളിലേക്ക് കയറി. ഞാന്‍ കിടക്കണ മുറിയില്‍ നിന്നും അവനെ കൊണ്ട് തന്നെ ആ വളകള്‍ എടുപ്പിച്ചു. ഒന്നും മനസിലാവതെ എന്റെ അമ്മയും അപ്പച്ചനും ചേട്ടായിയും ചേട്ടത്തിയും നിന്നു. പിന്നീട് അവനേയും കൂട്ടി ഹോസ്റ്റല്‍ മെസിന്റെ കക്കൂസിന്റെ വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നും പണവും ബാക്കി സ്വര്‍ണ്ണവും അവന്‍ തന്നെ എടുത്ത് പോലീസിനെ ഏല്‍പ്പിച്ചു. എല്ലാം തെളിവായി കൂട്ടികെട്ടി പോലീസ്കാര്‍ മടങ്ങി... അവനേയും കൂട്ടി.

ഞാന്‍ തിരിച്ചെത്തിയപ്പോള്‍, അമ്മ എന്നെ കണ്ടപ്പോള്‍ ആകെ കരച്ചിലും ബഹളവും. എനിക്കൊന്നും മനസിലായില്ല. പിന്നെ അമ്മയും ചേച്ചിയും കൂടി എല്ലാം പറഞ്ഞു. കുറെ നേരത്തേക്ക് എല്ലാവരും എന്നെ വല്ലാണ്ട് സംശയിച്ചു. പോലീസുകാര്‍ കള്ളനോട് ചോദിച്ചു എന്തിനാണ് ഞാന്‍ കിടക്കണ മുറിയില്‍ കൊണ്ടു പോയി സ്വര്‍ണ്ണം വച്ചത് എന്ന്. വീട്ടിലുള്ളവന്‍ തന്നെയാണ് കട്ടത് എന്ന നിലയില്‍ കേസ് ഉണ്ടാവതിരി‍ക്കുകയും അവനെ പീടിക്കാന്‍ പറ്റാതിരിക്കുകയും ചെയുമെന്നവന്‍ കരുതി. ഇത്ര രാവിലെ തന്നെ കളവ് നടന്നത് അറിയുമെന്ന് കക്ഷി വിചാരിച്ചതുമില്ല.

എന്തായാലും... അവിടെയും ഭാഗ്യം എന്നെ കടാഷിച്ചു. അല്ലായിരുന്നെങ്കില്‍ ഇന്നും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നേനെ. ബാക്കി സ്വര്‍ണ്ണവും പണവും എവിടെ എന്ന് ചോദിച്ചാല്‍ ഉത്തരം പോലുമില്ലാതെ.... ഒരു വലിയ കള്ളനെന്ന നാമവും പേറി.

Comments

വാഴേ,
മനസ്സിന്റെ വിവരണം
നന്നായി പറഞ്ഞിരിക്കുന്നു
ശ്രീ said…
എന്തായാലും ഈശ്വരന്‍‌മാരു കൈവിട്ടില്ല, അല്ലേ ജോസ്‌മോനേ?

നന്നായി എഴുതിയിരിയ്ക്കുന്നു.
:)
ചാത്തനേറ്: അന്ന് പള്ളീല്‍ പോകാന്ന് വച്ച് എണീറ്റതുകൊണ്ടാ രക്ഷപ്പെട്ടത്...
evideyo ulla lunkil ninnanu ee linkil ethiyathu..vayichcappol nalla vivaranam..pashe avasanam paranja kunjachan ne engane ariyum..he is my cousin brother..angane varumpol njan iyale ariyumo?
നന്ദി... എല്ലാ‍വര്‍ക്കും നന്ദി.

കുട്ടിമാളൂചേച്ചി.., സാധ്യതയില്ലാ. ജയിംസച്ചനെ ചേച്ചിയൊക്കെ (കുട്ടിമാലു) വിളിക്കുന്നത് അങ്ങനെ ആണെന്ന് എനിക്കറിയാം. കുഞ്ഞാച്ചന്‍ തന്നെ പറഞ്ഞറിഞ്ഞതാണ്.... ആയതിനാല്‍ തന്നെ ഞാനും അങ്ങനെ വിളിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അച്ചന്‍ ഒരു ചേട്ടനു സമമാണ്. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുഞ്ഞാച്ചന്‍ ഞങ്ങളുടെ ഇടവകയില്‍ വരുന്നത്. എനിക്കച്ചന്‍ ജീവനായിരുന്നു... തിരിച്ചച്ചനും എന്നോട് ഭയങ്കര സ്നേഹമായിരുന്നു. എന്റെ ആദ്യകുര്‍ബാനയൊക്കെ അച്ചന്റെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു. പിന്നീട് അച്ചന്‍ സ്ഥലം മാറി കാഞ്ഞിരത്താനത്തിനു പോയപ്പോള്‍ ഞാന്‍ വാവിട്ടു കരഞ്ഞു. ഇടക്കിടെ ഞാന്‍ അച്ചനെ പോയി കണ്ടിരുന്നു.

കാലം കടന്നു പോയി.. എന്റെ വഴികള്‍ എവിടെയൊക്കെ തിരിഞ്ഞു മറിഞ്ഞ്... അവസാനം മുംബയിലെത്തി. കുഞ്ഞാച്ചന്‍ മുംബയില്‍ ഉണ്ടായിരുന്നല്ലൊ കുറെ കാലം. ആ ഒരു ബന്ദം വച്ച് അച്ചനാണ് മുബയില്‍ കൊണ്ടു വരുന്നതും എനിക്ക് അദ്യത്തെ ജോലി മേടിച്ചു തരുന്നതും ഒക്കെ.

എന്തായാലും... എനിക്കിങ്ങനെ ഒരു പോസ്റ്റ് വന്നപ്പോള്‍ എനിക്കൊത്തിരി സന്തോഷം തോന്നുന്നു....!!!! നന്ദി....!!! ഇനി കുഞ്ഞാച്ചനെ കാണുമ്പോള്‍ പറയണം.... തിടനാട് വാഴയിലെ ജോസ്മോന്‍ അന്വേഷിച്ചൂന്ന്...!!!!

Popular posts from this blog

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ...................................................
.................................. എല്ലാം നല്ലതിനെന്നു കരുതുക...!”

എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!!

“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!)

ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (8-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും.

ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസിനുകള്…

കൊഴിഞ്ഞ ഇന്നലെകൾ...!!

അന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി, അവൾ ഭക്ഷണം വിളമ്പാൻ ഒരുങ്ങുകയായിരുന്നു. ഞാനവളുടെ കയിൽ പിടിച്ച് പറഞ്ഞു, “എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു“. അവൾ എന്റെ അടുത്ത് എന്താണ് കാര്യമെന്നറിയാനുള്ള ജിജ്ഞാസയോടേ ഇരുന്നു. ഞാൻ ശ്രദ്ധിച്ചു അവളുടെ കണ്ണുകളിൽ എന്തു കൊണ്ടോ ഒരു സങ്കടത്തിന്റെ നിഴലാട്ടം. എങ്ങനെ പറയണമെന്നറിയില്ലാ. പക്ഷെ അവളെന്റെ മനസ്സിലെന്താണെന്ന് അറിഞ്ഞെ മതിയാവൂ... “എനിക്ക് വിവാഹമോചനം വേണം.“ ഞാൻ എങ്ങനെയോ അവളോട് കാര്യം പറഞ്ഞു.

എന്റെ വക്കുകളിൽ നിശാര പ്രകടിപ്പിക്കാതെ അവൾ വളരെ ശാന്തമായി ചോദിച്ചു: “കാരണം...??” അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ. അതവളെ ദേഷ്യം പിടിപ്പിക്കുക തന്നെ ചെയ്തു. ചോറു വിളമ്പാൻ എടുത്ത സ്പൂൺ വലിച്ചെറിഞ്ഞു കൊണ്ട് അവൾ എന്നോട് ദേഷ്യത്തോടെ അലറി... “നിങ്ങളൊരു മനുഷ്യനേ അല്ലാ...!!“ അന്ന് രാത്രി പിന്നീട് ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ലാ. അവൾ കരയുകയായിരുന്നു. എനിക്കറിയാം, അവൾക്കറിയണം എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്നെങ്കിലും. പക്ഷെ എന്തു ചെയ്യാൻ, അവൾക്ക് മനസിലാവാനുതകുന്ന ഒരുത്തരവും എന്റെ കൈയിലില്ലാ. എങ്ങനെ പറയും എന്റെ ഹൃദയം നിന്റെ പക്കൽ നിന്നും…