Skip to main content

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ...................................................
.................................. എല്ലാം നല്ലതിനെന്നു കരുതുക...!”

എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!!

== * ===== * ===== * ===

ഒരു മഴക്കാലം. ഞാനന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്നു. അന്നും പതിവു പോലെ ഞാന്‍ സ്കൂളില്‍ പോയി. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ നല്ല ജലദോഷം ഉണ്ടായിരുന്നു. മൂക്ക് ചീറ്റാന്‍ ഒരുഗ്രന്‍ തൂവാല അമ്മ പോകറ്റില്‍ ഇട്ട് തന്നിരുന്നുവെങ്കിലും... അതിന്റെ ആവശ്യമൊന്നും എനിക്ക് തോന്നിയില്ലാ. പകരം നല്ല ഒന്നാന്തരം കിര്‍ലോസ്കര്‍ പമ്പിന്റെ പവറില്‍ മൂക്ക് ഇടക്കിടെ വലിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരു പ്രത്യേക ആനന്ദം കണ്ടെത്തി നടക്കുന്ന സമയം. അന്ന് ഉച്ചയൂണിന്റെ നേരം. ചോറും ഉണ്ട്... കിണറ്റിന്‍‌കരയില്‍ ചെന്ന് വെള്ളം കോരി പാത്രോം കഴുകി. കുറച്ച് വെള്ളം കുടിക്കേം ചെയ്തു. അപ്പോഴാണൊരു തമാശ എന്റെ ശ്രദ്ധയില്‍ പെട്ടത്.

ഞാന്‍ വായിലൂടെ കുടിക്കുന്ന വെള്ളം പകുതിമുക്കാലും ദേയ് മൂക്കിലൂടെ പുറത്തേക്ക് പോരുന്നു. കേള്‍ക്കുന്നവര്‍ക്കൊരു തമാശയായി തോന്നാം. അന്നെനിക്കും ആദ്യം അങ്ങനെ തോന്നി. പിന്നെയാണ് അതിന്റെ സീരിയസ്സ്നസ്സ് മനസിലായത്. എന്തു കുടിച്ചാലും അതിതാ മൂക്കിലൂടെ ഇങ്ങ ഒഴുകി പോരും. അതിപ്പോ പച്ചവെള്ളമാണോ ചായയാണോ കാപ്പിയാണോ എന്നൊന്നും നമ്മന്റെ ഈ മൂക്കിന് നോട്ടമില്ലാ. എന്തു കുടിച്ചാലും.. ദേയ് പോരണു മൂക്കിലൂടെ. ജലദോഷം മാറിയെന്നത് വേറൊരു സത്യോം.

പിറ്റേന്നാണ് ഞാന്‍ വീട്ടില്‍ അമ്മയോട് കാര്യം പറയണത്. അമ്മ ആദ്യം വിശ്വസിച്ചില്ലാ. പിന്നെ കാണിച്ചപ്പോ അമ്മയും എല്ലാവരും നടുങ്ങി. അപ്പച്ചനാകെ വേവലാതിയായി. അപ്പച്ചന്റെ പുന്നാരമോനാ ഞാന്‍. പക്ഷെ പാവം അപ്പച്ചനന്ന് ആകെ കിടപ്പിലായിരുന്ന അവസ്‌ഥേലാരുന്നു. അതുകൊണ്ട് ഒന്നും ചെയ്യാനും മേലാത്ത അവസ്ഥ. എന്തായാലും അന്ന് തന്നെ എന്നെയും കൊണ്ട് അമ്മ പാലാക്കടുത്ത് ഭരണങ്ങാനം മേരീഗിരി ആശുപത്രിയില്‍ കൊണ്ടു പോയി. ഡോക്ടറേ കണ്ടു. പക്ഷെ അവര്‍ എന്നെ അവിടെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ലാ.

അമ്മയുടെ ആധി പിന്നെയും കൂടി. അവിടുത്തെ ഡോക്‍ടര്‍മാര്‍ ഞങ്ങളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞ് വിട്ടൂ. എന്നേയും കൂട്ടി പിറ്റേന്നാണ് അമ്മയും ഞാനും കൂടി കോട്ടയത്തിന് പോകുന്നത്. കോട്ടയത്ത് കുട്ടികള്‍ക്കായി പ്രത്യേകം ഒരു മെഡിക്കല്‍ കോളേജു ഉണ്ട്. അവിടെയാണ് ആദ്യം ചെന്നത്. അവിടെ നിന്ന് അവര്‍ മെയിന്‍ മെഡികല്‍ കോളേജിലേക്ക് പറഞ്ഞു വിട്ടു.

ഒന്നും മനസിലാവാത്ത എനിക്ക് അത്ര വലിയ ഒരു സീരിയസ്സ് ആയിട്ടൊന്നും തോന്നിയില്ലാ. പക്ഷെ അമ്മയെ സംബന്ധിച്ചിടത്തോളം... കൂടുതല്‍ കൂടുതല്‍ തളരുകയായിരുന്നു. എന്നാലും അമ്മ പിടിച്ചു നിന്നു. അവിടെ ചെന്ന് ഡോക്ടറെ കണ്ടു. പല പല ഡോക്ടര്‍മാര്‍ കേട്ട പാതി കേള്‍ക്കാത്ത പാതി അത്ഭുത അസുഖക്കാരനെ കാണാന്‍ ഓടി വന്നു. അര്‍ക്കും എന്താണ് അസുഖമെന്ന് മാത്രം പറയാന്‍ കഴിയുന്നില്ലാ. പറയുന്നുമില്ലാ.

എന്തായാലും എന്നെ അപ്പോള്‍ തന്നെ അവിടെ അഡ്മിറ്റ് ചെയ്തൂ. ഒരു കട്ടിലില്‍ മൂന്നും നാലും അസുഖക്കാരാണ് തമ്പടിച്ചിരിക്കുന്നത്. ഹോ.. അതൊരു വല്ലാത്ത അവസ്ഥ തന്നെ. പിന്നെ കുറെ സമയം കഴിഞ്ഞ് എനിക്ക് പ്രത്യേകം മുറി സജ്ജമായി കിട്ടി. ഡോക്ക്‍ടര്‍മാര്‍ പലരും എന്നെ വന്ന് കണ്ടു. അമ്മയുടെ ചോദ്യങ്ങള്‍ക്കൊന്നും ഒരു ഡോക്ക്‍ടര്‍ക്കും ഉത്തരം തരാനായില്ലാ. എന്താണെന്റെ മകന്റെ അസുഖമെന്ന സ്വഭാവികമായ ചോദ്യത്തിനുള്ള ഉത്തരം “ഞങ്ങള്‍ അതാണ് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്” എന്നായിരുന്നു.

രക്തം, മലം, മൂത്രം, അങ്ങനെ എല്ലാം തന്നെ സൂക്ഷ്മമായി പരീക്ഷണത്തിലൂടെ കടത്തി വിട്ടെങ്കിലും, അതൊക്കെ എന്നും പോകുന്ന പോലെ തന്നെയല്ലാതെ ഒന്നും പ്രത്യേകതയില്ലാന്നായി. പിന്നെയായിരുന്നു ഒരു വല്ലാത്ത കുത്തിയെടുപ്പ്. നട്ടെലില്‍ വലിയ സൂചി കടത്തി വിട്ട് മജ്ജയില്‍ നിന്നോ മറ്റോ വെള്ളമെടുക്കുന്ന രീതി. ഹോ... അസഹനീയം...!! ഒന്നല്ലാ... രണ്ടല്ലാ... മൂന്ന് തവണയാണ് കുത്തിയത്...!! അത് ആവശ്യമായിരുന്നോ അതോ കിട്ടാഞ്ഞിട്ടാണോ ആവോ... അറിയില്ലാ. ആ സൂചി മുതുകിലൂടെ കയറിയപ്പോള്‍ ഉണ്ടായ എന്റെ അലര്‍ച്ച.. അത് കോട്ടയം മെഡിക്കല്‍ കോളേജിനെ ഒന്നടങ്കം പേടിപ്പിച്ചിട്ടുണ്ടാവാം. ആരൊക്കെ പേടിച്ചാലും ഇല്ലെങ്കിലും... ഒരു വാതില്‍‌പുറ അപ്പുറെ ശ്വാസമടക്കി പിടിച്ച് വാവിട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു പാവം എന്റെ അമ്മ. എന്റെ മുതുകിലൂടെ ഒരു ചെറിയ സൂചി കടന്നു പോയ വേദനയിലെ അലര്‍ച്ചയില്‍.... അമ്മയുടെ നെഞ്ചിലൂടെ കടന്നു പോയത് മൂര്‍ച്ചയേറിയ ഇരുതലവാളാണെന്നതില്‍ സംശയമില്ലാ.

പിറ്റേന്ന് രാവിലെ ഡോക്ക്‍ടര്‍ വന്നിട്ട് സിസ്റ്റര്‍മാരോട് എന്തോ പറഞ്ഞു. എന്നെ ഒരു റൂമിലേക്ക് കൊണ്ടു പൊയി. തൊട്ടു മുന്നുള്ള ദിവസത്തെ വേദന പുറത്ത് ഒരു വലിയ മുറിവായി തന്നെ ഉണ്ട്. അതില്‍ ബാന്‍ഡേജും ഒട്ടിച്ചിട്ടുണ്ട്. ഇനി കൊണ്ടു പോകുന്നത് എങ്ങോട്ടൊന്നെള്ളു പേടി എന്നെയേക്കാളും അമ്മക്കായിരുന്നു. അമ്മ ചോദിച്ചപ്പോള്‍ ട്യൂബിടാനാന്ന് പറയുവേം ചെയ്തു. അമ്മ ആകെ പേടിച്ചു. എങ്ങോട്ടാണി പോക്ക്.. അറിയില്ലാ. അവിടെ വച്ച് എന്റെ മൂക്കിലൂടെ ഒരു ട്യൂബ് അനായാസം ഒരു ഡോക്ടര്‍ അകത്തേക് കടത്തിവിട്ടു.

ഇനി ട്യൂബ് മാറ്റും വരെ എനിക്ക് ഭക്ഷണം കഴിക്കാനാവില്ലാ. പകരം വെള്ളവും പിന്നെ വെള്ളത്തില്‍ ബിസ്കറ്റൊ മറ്റൊ കലക്കിയോ മാത്രം ട്യൂബിലൂടെ അമ്മ തരും. പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത്. അമ്മയും ഭക്ഷണം കഴിക്കുന്നില്ല. ഞാനമ്മയോട് ചോദിച്ചു... അമ്മയെന്തിയേ ചോറൊന്നും വാങ്ങി കഴിക്കാത്തെ...?? “അത് സാരമില്ലാ..., എന്റെ മോന്‍ ഭക്ഷണം കഴിക്കാതെ ഞാന്‍ കഴിക്കാനോ... അത് പറ്റില്ലെടാ...!! അമ്മക്ക് ഒരു വിശപ്പും ഇല്ലാ. മോന്‍ കഴിക്കുന്നതൊക്കെ അമ്മേം കഴിക്കുന്നുണ്ടല്ലോ...!!!” ഞാന്‍ ഒരു പാട് പറഞ്ഞെങ്കിലും അമ്മ കേട്ടില്ലാ. പിന്നേയും ആരൊക്കെയൊ പറഞ്ഞെങ്കിലും അമ്മ തയാറാല്ലായിരുന്നു. പച്ചവെള്ളവും ബിസ്കറ്റും കഴിച്ച് എനിക്കൊപ്പം അമ്മയും കഴിയുകയായിരുന്നു.

അങ്ങനെ 6 നാള്‍. അത് കഴിഞ്ഞ് ട്യൂബ് മാറ്റി. എനിക്ക് കുടിക്കാന്‍ ഡോക്ക്‍ടര്‍ വെള്ളം തന്നു. ഇല്ലാ. ആ പ്രശ്നം മാറിയിരിക്കുന്നു. ഇപ്പോള്‍ വെള്ളം മൂക്കിലൂടെ പുറത്തേക്ക് വരുന്നില്ലാ. അമ്മക്ക് ദീര്‍ഘശ്വാസം ഒന്ന് നേരെ വിടാന്‍ കഴിഞ്ഞു. ഞാനൊന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ അമ്മ സന്തോഷം കൊണ്ടൊന്ന് പൊട്ടിക്കരഞ്ഞു.

അന്ന് ആറു ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഭക്ഷണം കഴിക്കുന്നതിനൊപ്പം അമ്മയും ഭക്ഷണം കഴിച്ചു. അമ്മയുടെ മുഖത്ത് ആറു ദിവസം ഭക്ഷണം കഴിക്കാതിരുന്ന് കഴിക്കുന്നതിന്റെ എന്തെങ്കിലുമൊരു പ്രത്യേകത ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അമ്മയുടെ കണ്ണുകള്‍ മുഴുവന്‍ എന്റെ മുഖത്തേക്കായിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോള്‍ ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പി. അന്നെനിക്ക് അത്രമാത്രം ചിന്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ചോദിച്ചേനേം... “അമ്മയുടെ സന്തോഷം മുഴുവന്‍ ഞാനെന്നില്‍ ഒളിപ്പിച്ചു വച്ചിരിക്കയാണൊ അമ്മേ...???” എന്ന്...!!!

പിന്നേയും ദിവസങ്ങള്‍ മെഡികല്‍ കോളേജില്‍ തന്നെ കഴിച്ചു കൂട്ടി. ഡോക്‍ടര്‍മാരുടെ പ്രത്യേക ഒബ്സര്‍വേഷനില്‍. മൂന്ന് ദിവസം കഴിഞ്ഞ് എന്റെ മുതുക് തുളച്ചെടുത്ത അതില്‍ നിന്ന് അവര്‍ കാരണവും തപ്പി പിടിച്ച് വന്നു. ശക്തമായ ജലദോഷത്തെ തുടര്‍ന്ന് ഞാന്‍ ശക്തമായ രീതിയില്‍ മൂക്ക് ചീറ്റിയതിന്റെ ഫലമായി, മൂകിനേയും വായേയും ബന്ധിപ്പിക്കുന്ന ഒരു നേര്‍ത്ത പാട പോലുള്ള വാല്‌വ് പൊട്ടിയതിനെ തുടര്‍ന്നാണ്.... വായിലൂടെ കുടിക്കുന്നതെല്ലാം മൂക്കിലൂടെ വരാന്‍ കാരണം എന്ന്.

എതൊക്കെയായാലും... അന്ന് ആശുപത്രി വിടുമ്പോള്‍ എന്നെക്കാള്‍ ഒരു പാട് സന്തോഷം അമ്മക്കായിരുന്നു. ആയിരത്തിലൊരാള്‍ക്കൊക്കെ വന്നേക്കാവുന്നതെന്ന് ഡോക്ക്ടര്‍മാര്‍ വിശേഷിപ്പിച്ച അത്ഭുത അസുഖത്തില്‍ നിന്നും തന്റെ മകന്‍ രക്ഷപെട്ട് തിരിച്ചു പൊകുകയാണ്. അതില്‍ കൂടുതല്‍ അമ്മക്ക് സന്തോഷിക്കാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ലാ.

അപ്പച്ചനന്ന് വയാണ്ട് കിടപ്പായിരുന്നു. ആയിടക്കാണിങ്ങനേം.... എന്നിട്ടും അമ്മയുടെ ആ കണ്ണുകള്‍ നിറഞ്ഞെങ്കില്‍ തന്നെയും, ആ മനസ് തളര്‍ന്നില്ലാ. ആ വയര്‍ വിശന്നില്ലാ. എന്നെയും ശുശ്രൂഷിച്ചിരുന്ന ആ കണ്ണുകളില്‍ ഉറക്കം കളിയാടിയില്ല. മരുന്നിനായും മറ്റും ഓടി നടന്ന് ആ കാലുകള്‍ തളര്‍ന്നതുമില്ലാ.

അമ്മേ, അമ്മെക്കെവിടെ നിന്നാണിത്ര കഴിവുകള്‍ ലഭിച്ചത്...??

കാലത്തിന്റെ തികവില്‍, എത്രയോ തവണ... എത്രയോ രീതിയില്‍ ഞാനാ പാവം അമ്മയെ വേദനിപ്പിച്ചു... എന്നിട്ടും....
അമ്മേ, അമ്മക്കൊരിക്കലും എന്നെക്കുറിച്ച് ദേഷ്യം തോന്നിയിട്ടില്ലേ അമ്മേ...??
അമ്മേ, ഞാനെത്ര ധിക്കാരിയായി പെരുമാറിയിട്ടും അമ്മെയെന്നോടെങ്ങനെ ക്ഷമിക്കുന്നു...??

സത്യം.... അമ്മയൊരത്ഭുതമാണ്... ഒരു മഹാ അത്‌ഭുതം....!!!!
അമ്മേ, എന്റെ മനസ് വേദനിക്കുന്നത് അമ്മയെങ്ങനെ അകലെയിരുന്നറിയുന്നു...??
അമ്മേ, അപ്പച്ചന്റെ ദേഷ്യപ്പെടലുകളൊക്കെ അമ്മയെങ്ങനെ സഹിക്കുന്നു അമ്മേ...??
അമ്മേ, അപ്പച്ചനാവാതെ വന്ന കാലത്ത്, ഞങ്ങള്‍ക്കായി കഷ്‌ടപ്പെട്ട് മടുത്തില്ലേ അമ്മേ..??
അമ്മേ, മക്കള്‍ക്ക് വേണ്ടിയിത്ര മാത്രം കഷ്‌ടപ്പെട്ട് മടുപ്പ് തോന്നിയില്ലേ അമ്മേ...???
അമ്മേ, അമ്മ അമ്മയെക്കുറിച്ചിനി എന്നോര്‍ക്കും അമ്മേ...???
അമ്മേ, സ്വാര്‍ത്ഥതയെ അമ്മ തോല്പിച്ചതെങ്ങനെയാണമ്മേ....???
അമ്മേ, ഞങ്ങളെ ഇത്രയധികം എങ്ങനെ സ്നേഹിക്കുന്നമ്മേ...??
അമ്മേ, അമ്മയെ ഞാനെന്തിനോടുപമിക്കും അമ്മേ...??
അമ്മേ, എന്റെ മനസിലെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമുണ്ടാകുമോ അമ്മേ...???

അമ്മയാണെന്റെ അമ്മ.
ദൈവമാണെന്റെ അമ്മ
അദ്ധ്യാപികയാണെന്റെ അമ്മ
കൂട്ടുകാരിയാണെന്റെ അമ്മ
ആശ്രയമാണെന്റെ അമ്മ
അഭയമാണെന്റെ അമ്മ
സ്നേഹമാണെന്റെ അമ്മ
നിസ്വാര്‍ത്ഥതയാണെന്റെ അമ്മ
എന്റെ എല്ലാമെല്ലാമാണെന്റെ അമ്മ.

അമ്മേ... ഞാന്‍ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ അറിയില്ലാ... ആവുകയുമില്ലാ. എന്നാലും ഞാന്‍ പലപ്പോഴും അമ്മയെ വേദനിപ്പിച്ചു. ക്ഷമിക്കൂ അമ്മേ... ക്ഷമിക്കൂ....!!!

Comments

അതെ.അതാണ്‌ അമ്മ.
Rajesh said…
:) അമ്മ അത്ഭുതം തന്നെയാണ്..മനുഷ്യരില്‍ മാത്രമല്ല...എല്ലാ ജീവികളിലും...
കനല്‍ said…
അമ്മയെ കണ്ടു ഈ പോസ്റ്റില്‍.
ജോസെ ഇതു വായിച്ചപ്പോള്‍ ഞാന്‍ എന്റെ അമ്മയെ കാണുകയായിരുന്നു..

“അമ്മ” വെറും രണ്ട് അക്ഷരങ്ങള്‍ പക്ഷെ അതിന്റെ നിര്‍വചനം ഇതുവരെയും ആര്‍ക്കും വ്യക്തമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല ഇനി കഴിയുകയുമില്ല...
sajan said…
അമ്മ” വെറും രണ്ട് അക്ഷരങ്ങള്‍ പക്ഷെ അതിന്റെ നിര്‍വചനം ഇതുവരെയും ആര്‍ക്കും വ്യക്തമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല ഇനി കഴിയുകയുമില്ല...
eatta ee ezhutheyathu realy great

now i am proud of u

realy eannekku ezhuthan vakkukall kettunnella eatta realy

u r the great.....
Risha said…
അമ്മ എന്ന 2 അക്ഷരത്തില്‍ ഈ ലോകം മുഴുവന്‍ എന്ന അര്‍ത്ഥം ആണു . ഞാന്‍ ഈ ലോകം കാണുന്നത് എന്റെ അമ്മയിലൂടെയാ..
വാഴെ നന്നായിരിക്കുന്നു... എല്ലാ അമ്മമാരുടെയും അനുഗ്രഹം നിന്റെ കൈകളില്‍ എന്നും ഉണ്ടാവട്ടെ ..!!!!
അമ്മയുടെ സ്നേഹത്തിന് പകരം വെയ്ക്കാനായി മറ്റൊന്നുമില്ല...
“അമ്മേ... ഞാന്‍ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ അറിയില്ലാ... ആവുകയുമില്ലാ. എന്നാലും ഞാന്‍ പലപ്പോഴും അമ്മയെ വേദനിപ്പിച്ചു. ക്ഷമിക്കൂ അമ്മേ... ക്ഷമിക്കൂ....!!!“
ഒന്നും പറയാനില്ല ആയിരം വാക്കുകളുടെ ശക്തി മൌനത്തിനുണ്ടല്ലോ????
Risha said…
. ആരൊക്കെ പേടിച്ചാലും ഇല്ലെങ്കിലും... ഒരു വാതില്‍‌പുറ അപ്പുറെ ശ്വാസമടക്കി പിടിച്ച് വാവിട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു പാവം എന്റെ അമ്മ. എന്റെ മുതുകിലൂടെ ഒരു ചെറിയ സൂചി കടന്നു പോയ വേദനയിലെ അലര്‍ച്ചയില്‍.... അമ്മയുടെ നെഞ്ചിലൂടെ കടന്നു പോയത് മൂര്‍ച്ചയേറിയ ഇരുതലവാളാണെന്നതില്‍ സംശയമില്ലാ.

ഇത് മറ്റാര്‍ക്കും മനസ്സിലാക്കാന്‍ ആവാത്തത്ര സത്യം
ഇതാണോ ‘അമ്മ’? ആയിരിക്കാം..കാരണം ഇന്നുവരെ ഞാൻ ആരെയും അമ്മേ എന്ന് വിളിച്ചിട്ടില്ല, ഒരമ്മയുടെ സ്നേഹം ഞാൻ അനുഭവിച്ചിട്ടില്ല. ഓർമ്മകളിൽ, സ്വപ്നങ്ങളിൽ , ഇതുപോലെ വായിച്ച് അറിഞ്ഞ അമ്മ...ആ അമ്മ...അതായിരിക്കും യഥാർത്ത അമ്മ. ഏതായാലും ഇവിടെ ഒരമ്മയെ എനിക്ക് കാണാൻ കഴിഞ്ഞു. ആ അമ്മയോടുള്ള സ്നേഹം ലോകത്തിനു മുൻപിൽ വിളിച്ചുപറഞ്ഞ ജോസേ, അഭിനന്ദനം....
Risha said…
നിന്റെ മനസ്സിലെ അമ്മ നിന്റെ കൈകള്‍ക്ക് ശക്തിയാവട്ടെ....
Risha said…
നിന്റെ മനസ്സിലെ അമ്മ നിന്റെ കൈകള്‍ക്ക് ശക്തിയാവട്ടെ....
usha said…
നിന്റെ മനസ്സിലെ അമ്മ നിന്റെ കൈകള്‍ക്ക് ശക്തിയാവട്ടെ....
ഒരു നല്ല അമ്മയുടെമകനായി
ജനിയ്ക്കാന്‍ ഭാഗ്യമുണ്ടായല്ലൊ എന്നല്ല
ഇത്രയും നല്ല ഒരു മകന്റെ
അമ്മ ആവാന്‍ സാധിച്ചല്ലോ....
അതാണ് സഫലമായ പുണ്യജന്മം ...
മോക്ഷപ്രാപ്തിയ്ക്ക് ഒരു മകന്‍ എന്ന സങ്കല്പം
ഇവിടെ സാക്ഷാല്കരിക്കുന്നു ..
ജോസ്മോനെ ദൈവം എന്നെന്നും അനുഗ്രഹിക്കട്ടെ
Bindu Syam said…
This comment has been removed by the author.
Bindu Syam said…
എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍.. വളരെ ശരിയാണ് ... കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയില്ല.. പക്ഷെ എനിക്കറിയാം.. കാരണം മിഴി തുറന്നടക്കുന്ന വേഗതയില്‍ ഒറ്റ ദിവസം കൊണ്ട് .. അമ്മയെ നഷ്ടപെട്ടവള്‍ ആണ് ഞാന്‍.. അത് കൊണ്ട് തന്നെ എനിക്ക് നന്നായി അറിയാം ഒരു അമ്മയുടെ വില,, എന്റെ അമ്മയെ പിന്നെ ഞാന്‍ കാണുന്നത് ഇന്ദിര അമ്മയില്‍ കൂടി ആണ് ,... സത്യം.... സ്വന്തം അമ്മക്ക് പകരം വെക്കാന്‍ ആകില്ലെന്കിലും സ്വന്തം അമ്മയെ പോലെ കാണാന്‍ ഒരു അമ്മയുള്ളത് എന്നെ പോലെ ഉള്ള ഏകാന്ത വാസികള്‍ക്ക് എപ്പോളും നല്ലതാണ്.. വാഴയുടെ ഈ ബ്ലോഗ് എന്നെ ഒരു ഒമ്പത് വര്ഷം പിറകിലേക്ക് കൊണ്ട് പോയി,... കൈ വളരുന്നോ കാലു വളരുന്നോ എന്ന് നോക്കി പോറ്റി വളര്‍ത്തുന്ന അമ്മയെ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ വൃദ്ധ സദനത്തില്‍ കൊണ്ട് തള്ളുന്ന ഒരു പാട് മക്കള്‍ ഉള്ള നമ്മുടെ സാക്ഷര കേരളത്തില്‍ അമ്മയെ സ്നേഹിക്കുന്ന ഒരുപാടു മക്കള്‍ ഉണ്ടെന്നു തെളിവാകുന്നു ഈ ബ്ലോഗ്.... വാഴ ചേട്ടന് അഭിനന്ദനങള്‍.... !!!
PIN said…
പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു...
അമ്മയുടെ സ്നേഹത്തിനെ നിർവ്വചിക്കാൻ ആവില്ല...
ഭൂമിയിലുള്ളതിൽ ഏറ്റവും ദൃഡമായ ബന്ധമാണ്‌ അമ്മയും കുഞ്ഞും തമ്മിലുള്ളത്‌.

ഗർഭത്തിലെ കുഞ്ഞിനെ കൊന്നുകളയുന്ന ചില സ്ത്രീകൾ ഇതിന്‌ അപവാദമായി ഉണ്ട്‌..
krishnaa said…
അമ്മ എന്നാല്‍ സ്നേഹം..അതാണ് അമ്മ.
"ഏത് തെറ്റിനും കുറ്റങ്ങള്‍ക്കും മാപ്പ് കൊടുക്കുന്ന കോടതി" അതാണ് അമ്മ.ജോമോനേ, നല്ല മക്കളെ കിട്ടുന്നതാണ് ഒരമ്മയുടെ ഏറ്റവും വലിയ ഭാഗ്യം. ഒരമ്മ അതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല.
ഈ മോനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്.
അമ്മയെ നിര്‍വചിക്കാന്‍ എത്ര വാക്കുകള്‍ ഉണ്ടായാലും മതിയാവില്ല.
നന്നായിരിക്കുന്നു. നീ ഞങ്ങളെയൊക്കെ കരയിച്ചുവല്ലോ മോനേ.
yaz said…
എന്താ എഴുതേണ്ടത് എന്ന് എനിക്കറിയില്ല.......................
അമ്മ എന്താണോ അതാണ് അമ്മ
ഇതിലെ പല ഭാഗങ്ങളും എന്റെ ജീവിതവുമായി ബൻഡമുണ്ട് ..
സ്നേഹം കണ്ണടച്ച് വിശ്വസിക്കാമെങ്കിൽ അത് അമ്മയുടേത് മാത്രം....
മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗം എന്ന് മുഹമ്മദ് നബി(സ) പറഞ്ഞിട്ടുണ്ട്
അത് തന്നെയാണ് സത്യം എന്ന് ഒരായിരം തവണ തോന്നിപ്പിക്കുന്നതായിരുന്നു ഈ വരികൾ
പ്രത്യേകിച്ച് എന്നെപ്പോലെ വിദേഷത്തുള്ള ആളുകൾക്ക് വായിക്കുൻബോൾ കണ്ണ് നനയാതെ ഇത് വായിക്കാൻ കഴിയില്ല...............

നന്ദി.............
hi said…
വാഴേ നീ ഭാഗ്യവാനാണ്. ആ അമ്മയെ കിട്ടിയതില്‍. നിന്നെ മകനായി കിട്ടിയതില്‍ ആ അമ്മയും . :)
എഴുത്ത് നന്നായിട്ടുണ്ട്.
ആശംസകള്‍ !
smitha adharsh said…
നന്നായിരിക്കുന്നു...
അമ്മയ്ക്ക് പകരം അമ്മ മാത്രം..
ഈ വായന എന്നെ തിരികെ എന്റെ വീട്ടില്‍ എന്റെ അമ്മയുടെ അടുത്ത് കൊണ്ടെത്തിച്ചു...ഇത്ര സ്നേഹമുള്ള ഒരു മകനെ കിട്ടിയ അമ്മയുടെ ഒരു ഭാഗ്യമേ...
ജ്ന്മം കൊടൂത്തു എന്ന ഒറ്റകാരണം കൊണ്ട് ആര്‍ക്കും ഒരമ്മയാകാനാവില്ല, അല്പം സ്നേഹം, കരുണ, ആര്‍ദ്രത ഇതെല്ലാം കൂടീച്ചേര്‍ന്നാല്‍ ആര്‍ക്കും ഒരമ്മയാകാം..എത്രയൊ പ്രാവശ്യം ഈ വരികള്‍ ഞാനേറ്റു പറഞ്ഞിരിക്കുന്നു..അമ്മയ്ക്കു പകരം വെക്കാന്‍ മറ്റൊന്നുമില്ല..
അമ്മയ്ക്കും അമ്മയെ വാനോളം ഉയര്‍ത്തുന്ന ഈ ജോസ് എന്ന നല്ല മകനും ആശംസകള്‍, എന്റെ പ്രാര്‍ത്ഥനകള്‍..
Anonymous said…
അമ്മ ..............???????????
anoi said…
ഇവിടെ ഒരമ്മയെ എനിക്ക് കാണാൻ കഴിഞ്ഞു.

Popular posts from this blog

വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...

എന്റെ നാടായ തിടനാട് നിന്നും അന്നൊക്കെ ഏതാണ്ട് മൂന്ന് രൂപ മുടക്കിയാല്‍ ഭരണങ്ങാനത്ത് എത്താമായിരുന്നു. ആദ്യമായി ഞാന്‍ ഭരനങ്ങാനത്ത് പോകുന്നത് അമ്മയുടെ കൈയും പിടിച്ചായിരുന്നു. ഭരണങ്ങാനത്തിനു തൊട്ടടുത്തായുള്ള മേരിഗിരി ഹോസ്പിറ്റലില്‍ ആരൊയോ കാണാന്‍ പോയിട്ട് വരുന്ന വഴിയായിരുന്നു ആദ്യമായി അമ്മ എന്നെ ഭരണങ്ങാനത്ത് കൊണ്ടു പോയത്. ഭരണങ്ങാനത്ത് ബസിറങ്ങുന്നിടത്ത് മുന്നില്‍ തന്നെ കാണുക അല്‍‌ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠമാണ്. അന്നെനിക്ക് വ്യക്തമായി അറിയില്ല ആരാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. അമ്മ എനിക്കന്ന് ബസില്‍ ഇരുന്ന് പറഞ്ഞു തന്നു. ഈയിടെ മാര്‍പ്പാപ്പാ കോട്ടയത്ത് വന്ന് ഈ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു എന്നു വരെ പറഞ്ഞു തന്നു. എനിക്കന്ന് അധികമൊന്നും മനസിലായില്ലെങ്കിലും ഇത്രയും മനസിലായി അന്ന്. ഒത്തിരി നല്ലതായി ജീവിച്ച് മരിച്ച് ഈശോയുടെ അടുക്കല്‍ എത്തിയ ഒരാളാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. എന്റെ കുഞ്ഞുമനസില്‍ അത് ഒരു വലിയ കാര്യം തന്നെ ആയിരുന്നു. അമ്മ എന്റെ കൈയും പിടിച്ച് അല്‍‌ഫോന്‍സാമ്മയുടെ ക്ലാരമഠത്തില്‍ കയറിചെന്നു. തീക്കോയിയിലാണ് (വാഗമണ്ണിനു പോകുന്ന വഴിയില്‍) എന്റെ അമ്മ ജനിച്ച് വളര്‍ന്നത്. അവിടെ

“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!) ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (9-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും. ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസ