Skip to main content

നീ പറഞ്ഞ പന്തല്‍..., നിനക്കായി തന്നെ...!!!

ജോബി... ജോബിക്കുട്ടന്‍ എന്നു വിളിക്കുന്ന ജോബി...!!! അവനെനിക്ക് സ്വന്തം ചേട്ടനായിരുന്നു...! അതിലേറെ ഒരു സുഹൃത്തായിരുന്നു...! എനിക്കവനും അവന് ഞാനും മനസാക്ഷി സൂക്ഷിപ്പുകാരായിരുന്നു...! അവന് രണ്ട് ഇളയ പങ്ങമ്മാ‍രുണ്ട്... കുഞ്ഞുമാളിയും മുത്തും (മുത്ത് ഇപ്പോള്‍ കന്യാസ്ത്രീയായി) എന്ന് ഞങ്ങള്‍ വിളിക്കും...! അവന്റെ പപ്പാ, അതായത് എന്റെ അമ്മാവന്‍... ജോണിയച്ചന്‍ എന്ന് ഞാന്‍ വിളിക്കുന്ന ജോണി പടിഞ്ഞാറിടത്ത്... പിന്നെ അവന്റെ മമ്മി.., എന്റെ അമ്മായി... ഒത്തിരി സ്നേഹിക്കാനറിയാവുന്ന ഒരു നല്ല കൂട്ടുകാരിയെപോലെ ആയിരുന്നു അമ്മായി. മൂലമറ്റത്തിനടുത്ത് കാഞ്ഞാറാണ് ജോബിയുടെ വീട്. അവധിക്കാലം വന്നാല്‍ എന്‍റെ കൂടുതല്‍ ദിവസങ്ങളും അവിടെയായിരിക്കും... അല്ലെങ്കില്‍ ജോബി എന്റെ വീട്ടിലേക്ക് വരും...!!

ഓണവും ക്രിസ്തുമസും വലിയ അവധിയുമൊക്കെ ഞങ്ങള്‍ ഒരുമിച്ച് കടന്നു പോന്നു. ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയില്‍ ഞാന്‍ മദ്ധ്യപ്രദേശിലെത്തി. അവന്‍ സ്വന്തമായി ഒരു ഓട്ടോ റിക്ഷാ വാങ്ങി അതുമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു വിജയക്കൊടി പാറിക്കാനൊന്നും അവന് അ ഓട്ടോ കൊണ്ട് കഴിഞ്ഞില്ല...!! കൂട്ടുകാരെല്ലാം ഓട്ടോ ഓടിക്കാന്‍ പഠിച്ചു... എല്ലാ ദിവസവും തന്നെ സെകന്‍ഡ്ഷോ കാണാന്‍ കൂട്ടുകാര്‍ക്കെല്ലാം പോകാനൊരു എളുപ്പവഴിയുണ്ടായി... പിന്നെ ഇടക്കിടെ മൂലമറ്റം കള്ളൂഷാപ്പിലോ... കോളപ്ര കള്ളുഷാപ്പിലേക്കോ ഒരോട്ടം.. അതിനു കാശായിട്ടല്ല... കള്ളായിട്ടായിരുന്നു പ്രതിഫലം ലഭിക്കുക. ഇതൊക്കെയെ അവന്റെ ഓട്ടോ വഴി നടന്നുള്ളൂ. ഒരു പക്ഷെ അവനിലെ തമാശക്കാരനായ സ്നേഹസമ്പന്നതയാവണം ഇങ്ങനെയൊക്കെയാക്കിയത്. എന്നാലും അവനെല്ലാര്‍ക്കും കണ്ണിലുണ്ണീയായിരുന്നു. അങ്ങനെ... പിന്നിട് എന്റെ ചേട്ടായി വഴി അവന് മദ്ധ്യപ്രദേശില്‍ ഒരു ജോലി ശരിയാക്കി കിട്ടി.

അവന്‍ വീട്ടില്‍ വന്നാല്‍.. അമ്മയേ... ചാച്ചിയേ എന്ന് വിളിച്ച് ഓടി വന്ന് കെട്ടിപ്പിടിച്ച് എടുത്ത് പൊക്കി നടക്കും... അതായിരുന്നു അവന്റെ സ്റ്റയില്‍...!! വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവന്‍ അവരെ കളീപ്പിച്ച് കളിപ്പിച്ച് ഒരു കുട്ടിക്കെങ്കിലും ഇത്തിരി ഇന്‍‌ജുറി ഉണ്ടാക്കി വല്ലാത്ത ഒരു കരച്ചില്‍ ഒക്കെ ഉണ്ടാക്കിയെ അടങ്ങൂ... എന്നാലും അവനെ കുട്ടികള്‍ക്കിഷ്‌ടവുമായിരുന്നു...! എന്‍റെ ചേട്ടന്‍റെ നാലു കുട്ടികള്‍ക്ക് ജോബിപപ്പന്‍ എന്നു വച്ചാല്‍ ജീവനായിരുന്നു. എല്ലാവരുടേയും തന്നെ കൈയിലും കാലിലും ഒക്കെ അവ്ന്റെ ഓര്‍മ്മകളാവുന്ന മുറിപ്പാടുകള്‍ ഉണ്ട് താനും..!!! ഏറ്റവും മൂത്തവന്റെ താടിയില്‍ ഒരു നല്ല മുറിപ്പാട് തന്നെ ഉണ്ട്... ചോദിച്ചാല്‍ അവന്‍ - ഡെബിന്‍ - പറയും “ജോബിപ്പാപ്പന്റെ കൂടെ കട്ടിലില്‍ കിടന്ന് ഗുസ്തി കൂടിയതാ... ഞാന്‍ കട്ടിലില്‍ നിന്ന് താഴെ വീണൂ.. അപ്പോ മുറിഞ്ഞതാ...” എന്നിട്ട് നീ കരഞ്ഞില്ലേടാ അപ്പോ..? എന്നുള്ളതിനുത്തരം... “ഹേയ്... ഞാനന്നേരം കണ്ടില്ലാ.. പിന്നെ ജോബിപ്പാപ്പനാ പറഞ്ഞത്.. ചോര വരുന്നൂന്ന്...” ഒരു നിമിഷം മൌനമായതിനു ശേഷം അവന്‍ പറയും “എന്തു രസായിരുന്നല്ലേ...അന്നൊക്കെ....”

അതവിടെ നില്‍‌ക്കട്ടെ...!!!

2006, ഫെബ്രുവരി മാസം, ജോബി മദ്ധ്യപ്രദേശില്‍ നിന്നും വിളിച്ചു... “എടാ... മൈ#$%*$#**, *^%$#*@, നിനക്കിടക്കെന്നെ ഒന്ന് വിളിച്ചാലെന്താ...!?“ എടാ സമയം കിട്ടിയില്ലടെ..!! “എന്നാല്‍ അതേയ് ഞാന്‍ വിളിച്ചത്... നമ്മടെ കുഞ്ഞുമാളിടേ കല്യാണമാ.. നീ വന്നേക്കണം ഒരാഴ്ച്ചയെങ്കിലും മുന്‍പേ...” ഞാ‍ന്‍ വരാമെടാ എന്നുറപ്പു പറഞ്ഞു...! അന്ന് മുത്ത് കന്യാസ്ത്രീയാവാന്‍ പോയിട്ട്... നോഷീറ്റിലാണ് (അവസാനത്തെ രണ്ടു വര്‍ഷത്തേ കഠിന സന്യാസ വൃതപരിശീലനം) അന്ന്. ആ‍യതുകൊണ്ട് മുത്ത് കല്യാണത്തിനു വരില്ലാ എന്നും അവന്‍ പറഞ്ഞ് ഫോണ്‍ വച്ചു. അവധി വലിയ കഷ്‌ടപ്പെട്ടാണ് കിട്ടിയത്. കല്യാണത്തിന് മൂന്ന് നാള്‍ മുന്‍പ് ഞനവന്റെ വീട്ടില്‍ ചെന്നു. കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ എനിക്ക് ബോംബെയ്ക്ക് മടങ്ങണം...!!

കുഞ്ഞുമാളിയുടെ കല്യാണം പ്രമാണിച്ച് അവന്റെ വീട് മോടി പിടിപ്പിക്കുന്ന തിരക്ക് കഴിഞ്ഞിരുന്നു. മുറ്റം കുറച്ച് ശരിയാക്കാനുണ്ട്. മുറ്റത്ത് ഒരു കല്ല് ഇത്തിരി ഉയര്‍ന്ന് കാണാം. അത് അവിടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഉപേക്ഷിച്ചെങ്കിലും ജോബി എന്നെ ചൂട് കേറ്റി ജോണിയച്ചനേം കൂട്ടി ഞങ്ങള്‍ ആ കല്ല് പൊട്ടിച്ചോ, കുഴിച്ചോ എടുത്തു കളയാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ പണിയാരംഭിച്ചു. തമാശകളാല്‍ മുഖരിതമായിരുന്നു പണീ. (അതൊന്നും ഇവിടെ കുറിക്കുന്നില്ലാ..! മറ്റു ചിലത് മാത്രം കുറിക്കട്ടേ..)
ജോണിയച്ചന്‍: “ഇപ്പോള്‍ ഈ കല്ലങ്ങട് മാറി കിട്ടിയാല്‍ പിന്നെ മുത്തിന്റെ ഊടുപ്പിടീലിനും, ജോബീടെ കല്യാണത്തിനും ഒക്കെ നല്ലതായിരിക്കും.”
ജോബി: “ഞാനെങ്ങും കെട്ടുന്നില്ലാ...!!”
ഞാന്‍: “അല്ലേലും നിനക്കാരാടാ പെണ്ണു തരികാ..?”
ജോബി: “പിന്നെ, ഈ കല്ല് മാറ്റിയാല്‍ നന്നായിട്ട് ഒരു പന്തല് കെട്ടാന്‍ പറ്റും.”
ജോണിയച്ചന്‍: “നീ കെട്ടുന്നില്ലേല്‍ പിന്നെ എന്തിനാ പന്തല്..?”
ജോബി: “ചത്താലും പന്തലു കെട്ടണമല്ലോ...”
ജോണിയച്ചന്‍: “അതിന് നിന്നെപോലെയുള്ള പാപികള്‍ ഒന്നും പെട്ടന്ന് ചാവില്ലെടാ..”
ഞാന്‍: “അതേ..., നീയങ്ങനെ പെട്ടന്ന് ചാവില്ലെടാ..., നീയൊക്കെ അനുഭവിക്കന്‍ കിടക്കുന്നതല്ലേ ഉള്ളൂ..., എല്ലാം അനുഭവിച്ചിട്ടെ നീയൊക്കെ ചാവൂ..”
ജോബി: “ഹോ... അപ്പോ ഈ കല്ലെടുക്കുന്നത് വെയിസ്റ്റാവുമോ...?”
എന്തായാലും ഞങ്ങള്‍ ആ കല്ല് കുഴിച്ചെടുത്ത് മാറ്റിയിട്ടു. പുറക് വശത്തേക്ക് ഉരുട്ടി മാറ്റി അവിടെ നല്ല ഒരു ഇരിപ്പിടമാക്കി ആ കല്ല്.

കുഞ്ഞുമാളിയുടെ കല്യാണം കെങ്കേമമായി നടന്നു. അന്ന് വൈകുന്നേരം ഞങ്ങള്‍ മൂന്ന് പേര്‍ - ജോബി, ഞാന്‍, പിന്നെ ജോബിയുടെ ഒരു ഉറ്റ സുഹൃത്ത് ജോജോ - കോളപ്ര കള്ളുഷാപ്പില്‍ ജോജോയുടെ ഓട്ടൊയില്‍ പോയി. വഴിക്ക് വച്ച് പെരുമ്പാമ്പിനെ കണ്ടത് പിന്നിട് വാര്‍ത്തയായിരുന്നു. കോളപ്ര കള്ളുഷാപില്‍ ചെന്ന് കപ്പയും മീനും കഴിച്ചു. പിന്നെ മൂലമറ്റത്തിനു വിട്ടു. ഒരു പൈന്റ് വാങ്ങി മൂന്നാക്കി വീശി. എന്നിട്ട് തിരിച്ച് വന്ന്, കാഞ്ഞാര്‍ പാലത്തിനടിയില്‍ കുളിക്കാന്‍ തീരുമാനിച്ചു. അവിടെ പുല്ലില്‍ ഇരുന്ന് വിശേഷങ്ങള്‍ പറഞ്ഞു. ഇടക്ക് ജോബി: “അങ്ങനെ കുഞ്ഞുമാളിയുടെ വലിയൊരാഗ്രഹം സാധിച്ചു കൊടുത്തു... അവളുടെ വലിയൊരു ആഗ്രഹമായിരുന്നു.. വെളുത്ത സാന്‍‌ട്രോ കാറില്‍ വേണം കല്യാണത്തിനു പോകാനെന്ന്... എല്ലാം നടന്നു...! ഇനി മുത്ത്... അവളുടെ ഉടുപ്പിടീലും കഴിഞ്ഞ് ചത്താലും വേണ്ടില്ലടാ...!!” ഞാനും ജോജോയും ഒന്നിച്ച് പറഞ്ഞു... “അതും നമ്മള്‍ അടിച്ചു പൊളിക്കുമെടാ...!” ജോബി: “മദ്ധ്യപ്രദേശില്‍ നിന്നും ഒരുത്തന്റെ കയില്‍ നിന്നും മുപ്പതിനായിരം രൂപ പലിശക്ക് വാങ്ങിയാ ഞാന്‍ വന്നത്...! ഇനി ചെന്നിട്ട് കഷ്‌ടപ്പെട്ട് പണിയണം... ആ കടം തീര്‍ക്കണം....! മുത്തിന്റെ ഉടുപ്പിടീലിനു (സഭാവസ്ത്രം ലഭിക്കുന്ന ദിനം) പിന്നെയും വാങ്ങണമല്ലോ...!!!” ഞങ്ങള്‍ ചിരിച്ചു..! പിന്നെ ഇറങ്ങി കുളിച്ചു... ജോജോയുമായി ഒരു ഫുള്ളിന് പന്തയം വച്ചു... ആറ് നീന്തി കടന്നാല്‍ ഒരു ഫുള്‍. അങ്ങനെ ജോജോ ആറ് നീന്തി കടന്ന് വന്നു. എന്റെ കാശ് പോയി. നന്നായി വീണ്ടും വീശി. പിറ്റേന്ന് ഞാന്‍ മുംബയിക്ക് വണ്ടി കയറി.

ഫെബ്രുവരി 12 ഞായറാഴിച്ച, ഞാ‍നും എന്റെ ഉറ്റസുഹൃത്ത് ഷില്‍‌സും കൂടീ. എന്റെ ഒരു അകന്ന ബന്ധത്തിലുള്ള പെങ്ങളെ കാണാന്‍ പോയതായിരുന്നു. അവിടെ വച്ച്, എന്റെ മറ്റൊരു കസിന്‍, അഭിലാഷ് വിളിച്ചു: “എടാ.., അവിടുന്ന് നാട്ടിലെത്താന്‍ എത്ര സമയം എടുക്കും...?”
ഞാന്‍: “24-26 മണിക്കുറ്....! എന്തു പെറ്റിയെടാ..?!”
അഭിലാഷ്: “എന്നാല്‍ നീയെത്രയും പെട്ടന്ന് അടുത്ത വണ്ടിക്ക് കയറാന്‍ നോക്ക്... ഫ്ലയിറ്റിനു പറ്റുമെങ്കില്‍ അങ്ങനെ...!“
ഞാന്‍: ”അതിനിപ്പോ എന്തു പറ്റി...?”
അഭിലാഷ്: “എടാ, നമ്മുടെ ജോബി... പോയെടാ...”
ഞാന്‍: “ങ്ഹാ.. എനിക്കറിയാം... ഇന്ന് അവന്‍ തിരിച്ചു പോകുമെന്ന് എന്നോട് പറഞ്ഞാരുന്നു...”
അഭിലാഷ്: “അതല്ലെടാ... ജോബിക്കുട്ടന്‍ നമ്മളെ വിട്ടു പോയെടാ...”
എനിക്കെന്തോ തമാശ കേട്ട പോലെ തോന്നി... “ങ്ഹേ.. പോടാ‍ ഒന്ന്... നീയിതെന്തോന്നാ പറയുന്നെ...!!? ഞാനവനോട് ഇന്നലേം മിണ്ടിയതലല്ലേ...!!”
അഭിലാഷ്: “അവനൊരു കൂട്ടുകാരന്റെ കൂടെ ബൈക്കില്‍ മൂലമറ്റത്തിനു പോയതാരുന്നു... അവിടെ വച്ച്.. ബൈക്ക് മണലില്‍ സ്ലിപ്പായി... അവന്‍ തല ഇടിച്ചാ വീണത്...! രണ്ടു പേരും ഇത്തിരി വെള്ളത്തിലായിരുന്നത്രേ...!!! ഓണ്‍-ദ-സ്പോട്ടില്‍ അവന്‍ പോയെടാ...”
എനിക്ക് തല കറങ്ങുന്നത് ഞാനറിഞ്ഞു...!! അഭിലാഷ് വീണ്ടും പറഞ്ഞു...”എടാ നീ തളരരുത്... എത്രയും പെട്ടന്ന് നീയവിടുന്ന് വണ്ടി കയറിക്കോ...!!

പിന്നെ ഒരോട്ടപ്പാച്ചിലായിരുന്നു... എല്ലാത്തിനും -മാനസികമായും, പണമായും, ശാ‍രീരികമായും- ഷി‌ല്‍‌സ് സഹായിച്ചു. രാത്രി പനവേലില്‍ നിന്നും ഒരു ട്രയിന്‍ കിട്ടി. പിറ്റേന്ന് ഉച്ചയായപ്പോഴേക്കും നാട്ടില്‍ കടന്നു... എന്നാല്‍ ഇനിയുമൂണ്ട് ദൂരം. ഇടക്ക് അഭിലാഷിനെ വിളിച്ചു. എനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് അവനോട് പറഞ്ഞെങ്കിലും സാഹചര്യങ്ങള്‍ അനുവദിക്കില്ലായിരുന്നു. ജോബിയുടെ മുഖത്തിന്റെ ഒരു വശം അപകടത്തില്‍ ശരിക്കും മുറിഞ്ഞിട്ടുണ്ട്.. അയതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞു കൂടുതല്‍ സമയം വയ്ക്കേണ്ടാ എന്ന്. അതു മാത്രമല്ല..., വീട്ടിലെ രംഗങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. പലരും എന്നെ വിളിച്ചു പറഞ്ഞു... “എടാ.., നിനക്കായി കാത്തു നില്ക്കണമെന്നുണ്ട്.. കഴിയുന്നില്ലാ...!! നീ ഒന്നും പറയരുത്...” - ഞാന്‍ ഒന്നും പറഞ്ഞില്ലാ‍...!!! വാക്കുകളില്ലാതെ എന്തു പറയാന്‍...!!!

അന്ന് രാത്രി, 12 മണിയോടെ ഞാന്‍ ആലുവായില്‍ വണ്ടി ഇറങ്ങി. ഷില്‍‌സ് പറഞ്ഞു വച്ചിരുന്നതനുസരിച്ച്, അവന്റെ അനിയനും കൂട്ടുകാ‍രനും കൂടി വണ്ടിയുമായി വന്നു. എന്നെ മൂലമറ്റത്ത്, കാഞ്ഞാറ്റിലെത്തിച്ചു... 2 മണിയായപ്പോഴേക്കും. എല്ലാവരും ഉറങ്ങാനുള്ള വിഫലശ്രമത്തിലായിരുന്നു. അമ്മായി കിടന്ന് തളര്‍ന്നുറങ്ങിയിരുന്നു. എന്നെ എല്ലാരും പുറത്ത് തന്നെ തടഞ്ഞു നിറുത്തി... അമ്മായി കണ്ടാല്‍ പ്രശ്നമാകുമെന്നും പറഞ്ഞ്. എന്നാല്‍ എങ്ങനെയോ അമ്മായി അറിഞ്ഞു... ഓടി വന്നു.. എന്നെ കെട്ടി പിടിച്ചു... ഏങ്ങി ഏങ്ങി നിലവിളിച്ചു.... “പോയെടാ...!! അവന്‍ പോയെടാ...!!” എല്ലാവരും കരയുന്നത് എനിക്ക് ഒരു നിഴല്‍ പോലെ കാണാമായിരുന്നു...! എനിക്കെന്നെ നിയന്ത്രിക്കാനാവുനതിലും ഒരുപാടകലെ ആയിരുന്നത്..!! അതിനിടയില്‍ ജോണിയച്ചന്‍ ശാന്തനായി എന്റെ അടുത്ത് വന്ന് പറഞ്ഞു... “നീയെങ്ങനെയാ വന്നത്...?“ എല്ലാവരോടുമായി, അമ്മായി അകത്തു കൊണ്ടു പോകാനും പറഞ്ഞു... എന്നിട്ട് വീടിന്റെ പുറകിലുള്ള ടാങ്കില്‍ വെള്ളം കയറുന്നുണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ് പുറകു വശത്തേക്ക് പോയി... കുറെ നേരത്തിനു ശേഷവും തിരിച്ചു വരാഞ്ഞതിനാല്‍ എന്റെ അമ്മ അങ്ങോട്ട് പോയി നോക്കാമെന്ന് വച്ചെങ്കിലും ഞാന്‍ തടഞ്ഞു.. ഞാന്‍ പോയി നോക്കിക്കോളാമെന്ന് പറഞ്ഞ് ഞാനങ്ങോട്ട് നടന്നു.

വീടിന്റെ പുറകില്‍... കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഞാനും ജോബിയും ജോണിയച്ചനും കൂടി ഉരുട്ടി മാറ്റി കൊണ്ടുവന്നിട്ട ആ കല്ലില്‍ ഇരുന്ന് ജോണിയച്ചന്‍ ഏങ്ങി കരയുന്നുണ്ടായിരുന്നു...!!! എനിക്കിത്തവണ എന്നെ തന്നെ നിയന്ത്രിക്കാനയില്ലാ...!! “എടാ..., അവനന്ന് പറഞ്ഞത് അറം പറ്റിയല്ലോടാ...” എന്ന് പറഞ്ഞുള്ള ആ ഏങ്ങലിനു മുകളില്‍ ഞാന്‍ തകര്‍ന്നു പോയി...!!! “അതേടാ..., അവന്‍ പറഞ്ഞ പോലെ തന്നെ, അവന്‍ തന്നെ ഈ കല്ല് മാറ്റിയിട്ടിട്ട് നന്നായിട്ട് പന്തല്‍ കെട്ടി അവന്‍ പോയി...!!!” എനിക്കായില്ലാ ജോണിയച്ചനെ ആശ്വസിപ്പിക്കാന്‍... ഞാനും ഒപ്പം തകര്‍ന്നതല്ലാതെ...!!!

പിറ്റേന്ന്... രാവിലെ പള്ളിയില്‍ പോകും മുന്‍പ് ഞാ‍നാ കല്ലിനടുത്ത് പോയി കുറെ സമയം നിന്നു... ആ കരിങ്കല്ല് എന്നെ നോക്കി ഇളിച്ചു കാട്ടുന്നതായി എനിക്ക് തോന്നി...!!!! ജോബിയുടെ തമാശകള്‍ നിറഞ്ഞ.... പൊട്ടിച്ചിരിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നെ അന്ന് കൂടുതല്‍ കരയിപ്പിച്ചു....!!!

Comments

ആ വിഷമം അതേ പടി വാ‍യിക്കുന്നവര്‍ക്കും കിട്ടുന്നു...
എഴുത്തിലെ ആത്മാര്‍ത്ഥത ഹൃദയസ്പര്‍ശിയായിരിക്കുന്നു.
അതേ, വക്കാരി പറണ്‍ജതുപോലെ ആ കരച്ചില്‍ വായിക്കുന്നവരിലേക്കും പകരുന്നു.
മയൂര said…
ഉള്ളില്‍ ഒരു വിങ്ങല്‍ ബാക്കി വയ്ക്കുന്ന എഴുത്ത്....
എല്ലാവരും പറഞ്ഞതു തന്നെ പറയട്ടേ..
ഒരു വേദന ബാക്കി നിര്‍ത്തി വായന കടന്നുപോകുന്നു..
Jochie said…
This comment has been removed by the author.
Jochie said…
എനിക്ക് ഈ കഥ വായിച്ച നേരത്തേ പരിചയമേ ഉള്ളു ജോബിയെ പക്ഷേ ജോസ്‌മോനെ എന്റെ ഇട്നെഞ്ച് പൊട്ടുന്ന ഒരു വിങ്ങല്‍ .... ... ജോബിയെ എന്റെ പ്രാര്‍‌ത്ഥനയില്‍ ചേര്‍ക്കുന്നു.....
arun said…
വാഴേ..വളരെ ഹൃദയസ്പര്‍ശിയായ എഴുത്ത്.

Popular posts from this blog

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ...................................................
.................................. എല്ലാം നല്ലതിനെന്നു കരുതുക...!”

എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!!

“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!)

ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (8-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും.

ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസിനുകള്…

കൊഴിഞ്ഞ ഇന്നലെകൾ...!!

അന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി, അവൾ ഭക്ഷണം വിളമ്പാൻ ഒരുങ്ങുകയായിരുന്നു. ഞാനവളുടെ കയിൽ പിടിച്ച് പറഞ്ഞു, “എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു“. അവൾ എന്റെ അടുത്ത് എന്താണ് കാര്യമെന്നറിയാനുള്ള ജിജ്ഞാസയോടേ ഇരുന്നു. ഞാൻ ശ്രദ്ധിച്ചു അവളുടെ കണ്ണുകളിൽ എന്തു കൊണ്ടോ ഒരു സങ്കടത്തിന്റെ നിഴലാട്ടം. എങ്ങനെ പറയണമെന്നറിയില്ലാ. പക്ഷെ അവളെന്റെ മനസ്സിലെന്താണെന്ന് അറിഞ്ഞെ മതിയാവൂ... “എനിക്ക് വിവാഹമോചനം വേണം.“ ഞാൻ എങ്ങനെയോ അവളോട് കാര്യം പറഞ്ഞു.

എന്റെ വക്കുകളിൽ നിശാര പ്രകടിപ്പിക്കാതെ അവൾ വളരെ ശാന്തമായി ചോദിച്ചു: “കാരണം...??” അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ. അതവളെ ദേഷ്യം പിടിപ്പിക്കുക തന്നെ ചെയ്തു. ചോറു വിളമ്പാൻ എടുത്ത സ്പൂൺ വലിച്ചെറിഞ്ഞു കൊണ്ട് അവൾ എന്നോട് ദേഷ്യത്തോടെ അലറി... “നിങ്ങളൊരു മനുഷ്യനേ അല്ലാ...!!“ അന്ന് രാത്രി പിന്നീട് ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ലാ. അവൾ കരയുകയായിരുന്നു. എനിക്കറിയാം, അവൾക്കറിയണം എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്നെങ്കിലും. പക്ഷെ എന്തു ചെയ്യാൻ, അവൾക്ക് മനസിലാവാനുതകുന്ന ഒരുത്തരവും എന്റെ കൈയിലില്ലാ. എങ്ങനെ പറയും എന്റെ ഹൃദയം നിന്റെ പക്കൽ നിന്നും…