Skip to main content

കൊഴിഞ്ഞ ഇന്നലെകൾ...!!


അന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി, അവൾ ഭക്ഷണം വിളമ്പാൻ ഒരുങ്ങുകയായിരുന്നു. ഞാനവളുടെ കയിൽ പിടിച്ച് പറഞ്ഞു, “എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു“. അവൾ എന്റെ അടുത്ത് എന്താണ് കാര്യമെന്നറിയാനുള്ള ജിജ്ഞാസയോടേ ഇരുന്നു. ഞാൻ ശ്രദ്ധിച്ചു അവളുടെ കണ്ണുകളിൽ എന്തു കൊണ്ടോ ഒരു സങ്കടത്തിന്റെ നിഴലാട്ടം. എങ്ങനെ പറയണമെന്നറിയില്ലാ. പക്ഷെ അവളെന്റെ മനസ്സിലെന്താണെന്ന് അറിഞ്ഞെ മതിയാവൂ... “എനിക്ക് വിവാഹമോചനം വേണം.“ ഞാൻ എങ്ങനെയോ അവളോട് കാര്യം പറഞ്ഞു.

എന്റെ വക്കുകളിൽ നിശാര പ്രകടിപ്പിക്കാതെ അവൾ വളരെ ശാന്തമായി ചോദിച്ചു: “കാരണം...??” അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ. അതവളെ ദേഷ്യം പിടിപ്പിക്കുക തന്നെ ചെയ്തു. ചോറു വിളമ്പാൻ എടുത്ത സ്പൂൺ വലിച്ചെറിഞ്ഞു കൊണ്ട് അവൾ എന്നോട് ദേഷ്യത്തോടെ അലറി... “നിങ്ങളൊരു മനുഷ്യനേ അല്ലാ...!!“ അന്ന് രാത്രി പിന്നീട് ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ലാ. അവൾ കരയുകയായിരുന്നു. എനിക്കറിയാം, അവൾക്കറിയണം എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്നെങ്കിലും. പക്ഷെ എന്തു ചെയ്യാൻ, അവൾക്ക് മനസിലാവാനുതകുന്ന ഒരുത്തരവും എന്റെ കൈയിലില്ലാ. എങ്ങനെ പറയും എന്റെ ഹൃദയം നിന്റെ പക്കൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു, അത് ഓഫീസിലെ സെക്രട്ടറി ഡയാനയുടെ പക്കലാണിപ്പോൾ എന്ന്. എനിക്കെന്റെ ഭാര്യയോട് അവജ്ഞ തോന്നി.


മാനസികമായൊരിത്തിരി കുറ്റബോദത്തോടെ ഞാനെന്റെ ഡൈവോഴ്സ് നോട്ടീസ് റെഡിയാക്കി, അവൾക്കായി ഈ വിടും, എന്റെ കാറ്, ഒപ്പം കമ്പനിയിലെ ലാഭത്തിൽ മുപ്പത് ശതമാനവും മാറ്റിവച്ചു കൊണ്ട് തന്നെ. അവളതിലൂടെ ഒന്ന് കണ്ണോടിച്ചതിനൊപ്പം വലിച്ചു കീറി നൂറു കഷ്ണങ്ങളാക്കി. എനിക്കൊപ്പം പത്തു കൊല്ലം ചിലവഴിച്ച സ്ത്രീ എനിക്കൊരപരിചിതയാവാൻ പോകുന്നു. അവൾ നഷ്ടപ്പെടുത്തിയ സമയത്തേയും കഴിവിനേയും ഓർത്ത് എനിക്ക് സഹതാപം തോന്നിയെങ്കിലും ഞാൻ പറഞ്ഞതും തീരുമാനിച്ചിരിക്കുന്നതും തിരിച്ചെടുക്കാൻ പറ്റുന്നില്ലാ. കാരണം ഞാൻ ഡയാനയെ അത്രമാത്രം സ്നേഹിക്കുന്നു. അവസാനം.... അങ്ങനെ അവൾ എനിക്കു മുന്നിൽ ഭ്രാന്തിയെ പോലെ പൊട്ടിക്കരഞ്ഞു. അതായിരുന്നു എനിക്ക് കാണേണ്ടിയിരുന്നതും. അവളുടെ കരച്ചിൽ എനിക്കൊരല്പം ആശ്വാസം തന്നു. വിവാഹമോചനം എന്ന ആശയവും മനസിലേറി നടക്കാൻ തുടങ്ങിയ കുറെ ആഴ്ച്ചകൾക്ക് അവസാനമാവുകയാണ്. കര്യങ്ങൾ അവൾക്കും വ്യക്തമായിരിക്കുന്നു.


പിറ്റേന്ന് വളരെ വൈകി ഞാൻ ഓഫീസിൽ നിന്നെത്തിയപ്പോൾ അവൾ എന്തോ കുത്തിക്കുറിച്ചുകൊണ്ട് ഊണുമേശയിൽ ഇരിപ്പുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ നിൽക്കാതെ നേരെ ഉറങ്ങാൻ കിടന്നു. അല്ലെങ്കിൽ തന്നെ ഡയാനക്കൊപ്പം രസകരമായ ഒരു ദിനം ചിലവിട്ടതിന്റേതായ നല്ല ക്ഷീണമുണ്ടായിരുന്നു താനും. ഇടക്കെപ്പോഴോ ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോഴും അവൾ ഊണുമേശയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. കൂടുതൽ ശ്രദ്ധ കൊടുക്കാതെ തിരിഞ്ഞു കിടന്നുറങ്ങി.

രാവിലെ അവൾ അവളുടേതായ ചില കണ്ടീഷനുകൾ വച്ചു: വിവാഹമോചനകണ്ടീഷൻ. അവൾക്കെന്റെ പക്കൽ നിന്നും കാറോ, വീടോ, ലാഭവിഹിതമോ വേണ്ടായിരുന്നു. അവളാവശ്യപ്പെട്ടത് മറ്റ് ചില കാര്യങ്ങളായിരുന്നു. ഒരു മാസം മുൻ‌കൂർ നോട്ടീസ് നൽകി മാത്രമെ വിവാഹമോചനം ആവശ്യപ്പെടാവൂ. വിവാഹമോചനത്തിനുള്ള മുൻപുള്ള പ്രസ്തുത ആ ഒരു മാസം ഒന്നും സംഭവിക്കാത്തതു പോലെ, വിവാ‍ഹശേഷം ആയിരുന്നതുപോലെയുള്ള ജീവിതം നയിക്കാൻ ശ്രമിക്കണം. ഈ കണ്ടീഷൻ വയ്ക്കാനുള്ള അവളുടെ കാരണം വളരെ സിമ്പളായിരുന്നു. ആ മാസത്തിൽ നമ്മുടെ മകന്റെ പരീക്ഷയാണ്, നമ്മുടെ വിവാഹമോചനപ്രശ്നങ്ങൾ മകന്റെ പരീക്ഷയെ ഒരു തരത്തിലും ബാധിക്കരുത്. എന്നെ സംബന്ധിച്ചിടത്തോളം വിസമ്മതിക്കേണ്ടതായി ഒന്നുമുണ്ടായിരുന്നില്ലാ. പക്ഷെ അവളുടെ കണ്ടീഷനിൽ ഇനിയുമുണ്ടായിരുന്നു ചിലത്... ഞങ്ങളുടെ വിവാഹദിനത്തിൽ എങ്ങനെ അവളെ ബെഡ്‌റൂമിലേക്ക് ഞാൻ എന്റെ കരങ്ങളിൽ പൊക്കിയെടുത്ത് കൊണ്ടു വന്നുവോ അങ്ങനെ വേണം ഈ ഒരു മാസക്കാലം അവളെ എന്നും രാവിലെ ബെഡ്‌റൂമിൽ നിന്നും മുൻ‌വാതിൽ വരെ കൊണ്ടൂവരേണ്ടത്. എന്നിട്ടേ ഓഫീസിൽ പോകാവൂ. കെടാൻ പോകുന്ന വിളക്കിന്റെ അവസാ‍നത്തെ ആളിക്കത്തൽ കണക്കെയുള്ള അവളുടെ സങ്കടങ്ങളിൽ നിറഞ്ഞ ഭ്രാന്തമായൊരു കണ്ടീഷൻ... അത്ര ബുദ്ധിമുട്ടുള്ളതായതൊന്നുമല്ലാ. സമ്മതിച്ചു.


ഭാര്യയുടെ വിവാഹമോചനകണ്ടീഷനുകളെക്കുറിച്ച് ഡയാനയോട് പറഞ്ഞു... അവൾ ഉച്ചത്തിൽ ചിരിച്ചു, “എന്ത് ഉപായവുമവൾ എടുക്കട്ടെ, വിവാഹമോചനമെന്നത് അവൾ നേരിട്ടേ മതിയാവൂ...!!!” ഒരവജ്ഞയുടെ സ്വരത്തിൽ ഡയന പറഞ്ഞു. ഞാനും ഭാര്യയും തമ്മിലുള്ള ശാരീരികമായ എല്ലാ ബന്ധനങ്ങളും വിവാഹമോചനത്തെക്കുറിച്ച് സൂചിപ്പിച്ച നാൾ മുതൽ നിലച്ചിരുന്നു. അതിനാൽ തന്നെ ആദ്യദിവസം ഭാര്യയേ താൻ എടുത്തപ്പോൾ വല്ലാത്തൊരു വല്ലായ്‌മ രണ്ടു പേർക്കുമനുഭപ്പെട്ടു. ഞങ്ങളുടെ മകൻ കൈയടിച്ചു കൊണ്ട് പറഞ്ഞു.. ”ഹി..ഹി.. ഡാഡി മമ്മിയെ എടുത്തു കൊണ്ടു പോകുന്നു.” അവന്റെ വാക്കുകൾ എന്റെ ഇന്ദ്രിയങ്ങളിൽ ഒരു വേദന തന്നുവോ. ബെഡ്‌റൂമിൽ നിന്നു സിറ്റിംഗ്‌റൂമിലേക്ക്, അവിടെ നിന്നും ഹാളിലൂടെ വാതിൽക്കൽ വരെ കുറഞ്ഞത് പത്തടിയോളം അവളെ എന്റെ കരങ്ങളിൽ എടുത്ത്, എന്റെ നെഞ്ചോട് ചേർത്ത് വച്ച് ഞാൻ നടന്നു. അവൾ കണ്ണുകൾ പതിയെ അടച്ചു കൊണ്ട് പറഞ്ഞു.. “വിവാഹമോചനത്തെക്കുറിച്ച് നമ്മുടെ മോനോട് പറയരുത്..!!“ ഞാൻ ഒന്നും പറഞ്ഞില്ലാ. എന്തോ ഒരു വല്ലായിക ബാധിച്ചതു പോലെ. മെയിൻ വാതിൽക്കൽ അവളെ വിട്ടിട്ട് ഞാൻ വണ്ടിയുമെടുത്ത് ഓഫീസിലേക്ക് പോയി.


രണ്ടാം ദിവസം ഞങ്ങൾ രണ്ടുപേർക്കും കുറച്ച് കൂടി അനായാസമായി അവളുടെ കണ്ടീഷൻ നിർവഹിക്കാൻ കഴിഞ്ഞു. ഞാനവളെ പൊക്കിയെടുത്തു, അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്നു. എനിക്കവളുടെ കഴുത്തിലെയും ശരീരത്തിലേയും ഗന്ധം നന്നായി അറിയാൻ കഴിയുന്നുണ്ടായിരുന്നു. ഞാനറിയുകയായിരുന്നു... കഴിഞ്ഞ കുറെ നാളുകളായി ഞാനീ സ്ത്രീയെ ഇത്ര അടുത്ത് അറിയാൻ ശ്രമിച്ചിട്ടേ ഇല്ലാ.... ഇവളുടെ യുവത്വം എങ്ങോ പോയി മറഞ്ഞിരിക്കുന്നു... മുഖത്ത് നേർത്ത വരകൾ വീണ് അവളെ കൂടുതൽ പ്രായമാക്കിയിരിക്കുന്നു, മുടികളിൽ അങ്ങിങ്ങായി വെള്ളിനൂലുകൾ തെളിഞ്ഞിരിക്കുന്നു..!!! ഞങ്ങളുടെ വിവാഹം ഇവളിൽ ഇത്രമാത്രം ഭാരങ്ങൾ നൽകിയോ. ഒരു നിമിഷത്തേക്ക് ഞാൻ അത്ഭുതപ്പെട്ടു.. ഞാനിവളോട് എന്താണ് ചെയ്തത്.


നാലാം ദിവസം ഞാനവളെ കോരിയെടുത്തപ്പോൾ എന്തെന്നറിയാത്ത ഒരടുപ്പം തോന്നിയതു പോലെ. ഇതാ സ്ത്രീയാണ്... കഴിഞ്ഞ പത്തു കൊല്ലമായി സ്വന്തം ജീവിതം എനിക്കായി സമ്മാനിച്ച സ്ത്രീ.


പിന്നീടു വന്ന രണ്ടു നാളുകളിൽ ഞാൻ മനസിലാക്കുകയായിരുന്നു ഞങ്ങൾ തമ്മിലുള്ള മാനസിക-അടുപ്പത്തിന്റെ വളർച്ച കൂടുകയാണെന്ന്. ഞാനിക്കാര്യം ഡയാനയോട് പറയാൻ ശ്രമിച്ചില്ലാ. ദിവസങ്ങൾ കൊഴിഞ്ഞു വീണപ്പോൾ എനിക്കവളെ കൈകളിൽ കോരിയെടുത്ത് മുൻ‌വാതിൽ വരെ എത്തിക്കുക എന്നത് ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഒന്നായി മാറി. എന്നുമാത്രമല്ല ഓരോ ദിവസവും ഇതെന്നെ കൂടുതൽ മാനസികമായി ശക്തനാക്കുകയും ചെയ്തു. ഒരു പ്രഭാത്തതിൽ മാർക്കറ്റിൽ വരെ പോകാനായി അവൾ വേഷം മാറുകയായിരുന്നു. ചേരുന്ന ഒരുടുപ്പ് ഇടാനായി അവൾ ഒരുപാട് തിരഞ്ഞു. അതിനിടയിൽ അവൾ ആരോടെന്നില്ലാതെ പറഞ്ഞു.. “എല്ലാ ഡ്രസ്സുകളും എനിക്ക് ലൂസായിരിക്കുന്നു...!“ അപ്പോഴാണെന്റെ ശ്രദ്ധയിൽ പെട്ടത്, അവൾ വല്ലാണ്ട് മെലിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ അവളേ കൈകളിൽ പൊക്കിയെടുക്കാൻ തനിക്ക് അനായാസം കഴിയുന്നുമുണ്ട്. പ്രായത്തേക്കാൾ ഒരുപാട് ദൂരത്തിൽ അവളുടെ ശരീരം യാത്ര ചെയ്തതു പോലെ. അതെന്നെ പിടിച്ച് കുലുക്കി. ഒരുപാട് വേദനയും സങ്കടവും അവളുടെ മനസിനേയും ശരീരത്തേയും തളർത്തിയിരിക്കുന്നു. അബോധമായൊരവസ്ഥയിലെന്നോണം അറിയാതെ ഞാനവളുടെ തലയിലൊന്നു തലോടി.


അതേ സമയത്തു തന്നെ ആയിരുന്നു മോൻ വന്നതും പറഞ്ഞതും, “ഡാഡീ, മമ്മിയെ പൊക്കിക്കൊണ്ടു പോകാനുള്ള സമയമായി...!“ അവനെ സംബന്ധിച്ചിടത്തോളം അവന്റെ ഡാഡി മമ്മിയേ വാരിപ്പുണർന്നുകൊണ്ട് പുറത്തേക്ക് കൊണ്ടുവരുന്നത് അവന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരിക്കുന്നു. അവൾ മോനേ കൈനീട്ടി വിളിച്ച്, സ്നേഹവായ്‌പോടെ കെട്ടിപ്പുണർന്നു. ഞാനാ കാഴ്ച്ച കാണാൻ ശ്രമിക്കാതെ മനഃപൂർവ്വം മുഖം തിരിച്ചു. അല്ലെങ്കിൽ ഒരു പക്ഷെ ഞാനീ അവസാന നിമിഷം എന്റെ തീരുമാനത്തെ തന്നെ മാറ്റിയാലോ എന്ന് ഞാൻ പേടിച്ചു. പതിയെ ഞാനവളെ എന്റെ കൈകളിൽ കോരിയെടുത്തു, ബെഡ്‌റൂമിൽ നിന്നും സിറ്റിംഗ് റൂമിലേക്ക്, അവിടെ നിന്നും ഹാളിലൂടെ മെയിൻ വാതിൽ‌ക്കലേക്ക്.... അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കിടന്ന് എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു. ഞാനവളെ മുറുകെ പിടിച്ചു... ശരിക്കും വിവാഹദിനത്തിന്റേതു പോലെ തന്നെ തോന്നിച്ചു...!!! പക്ഷെ അവളുടെ മെലിഞ്ഞുണങ്ങിയ ശരീരം... അത് എന്നെ വല്ലാണ്ട് വേദനിപ്പിച്ചു.


അങ്ങനെ അവസാനദിവസവുമെത്തി, ഞാനവളെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ എനിക്ക് ഒരടി പോലും നടക്കാൻ പറ്റുന്നില്ലാ എന്ന് തോന്നി. മോൻ സ്കൂളിൽ പോയിരിക്കുകയാണ്. ഞാനവളെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു... “നമുക്കിടയിൽ അകൽച്ച വന്നത് നാമറിയുന്നില്ലായിരുന്നു.” അവളൊന്നും മറുപടി പറഞ്ഞില്ലാ. ഞാൻ ഓഫീസിലേക്ക് കാറ് പറപ്പിക്കുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങിയിട്ട്, കാറ് ലോക് ചെയ്യാൻ പോലും നിൽക്കാതെ ഓടുകയായിരുന്നു. വൈകും തോറും എന്റെ തീരുമാനങ്ങൾക്ക് മാറ്റം സംഭിവിച്ചേക്കുമെന്ന് ഞാൻ പേടിച്ചു. നടകൾ ഓടിക്കയറി ഓഫീസിൽ എത്തിയപ്പോൾ, ഡയാന വന്ന് വാതിൽ തുറന്ന് തന്നു. ഡയാനയേയും കൊണ്ട് ഓഫീസ് മുറിയിൽ കയറിയ ഉടനെ ഞാനവളോട് പറഞ്ഞു... “ ക്ഷമിക്കണം ഡയാന, എനിക്ക് വിവാഹമോചനം വേണ്ടാ.” അവളെന്നെ തുറിച്ച് നോക്കി. പിന്നെ പതിയെ എന്റെ നെറ്റിയിൽ കൈ അമർത്തികൊണ്ട് ചോദിച്ചു.. “ പനിക്കുന്നുണ്ടോ..?” ഞാനവളുടെ കൈ തട്ടി മാറ്റിയിട്ട് വീണ്ടൂം പറഞ്ഞു, “നോക്ക് ഡയാന, എനിക്ക് വിവാഹമോചനത്തിനു താല്പര്യമില്ലാ. ശരിയാണ് എന്റെ വിവാഹജീവിതം എത്ര സുഖകരമായിരുന്നില്ലായിരിക്കാം. കാരണം ഒരുപക്ഷെ ഞങ്ങൾ പരസ്പരം മനസിലാക്കാൻ ശ്രമിച്ചില്ലാ. ഞാനവളെ മനസിലാക്കാൻ ശ്രമിച്ചില്ലാ, അതിനുള്ള സമയം കണ്ടെത്താൻ പോലും ശ്രമിച്ചില്ലാ. അതിനർത്ഥം ഞങ്ങൾക്കിടയിൽ സ്നേഹമില്ലെന്നല്ലാ. എനിക്ക് മനസിലായി.... ഞാനവളെ വിവാഹം കഴിച്ചു കൊണ്ടൂ വന്ന നാൾ മുതൽ മരണം ഞങ്ങളെ വേർപിരിക്കും വരെ ഞങ്ങളൊന്നായി കഴിയേണ്ടവരാണ്. ഞങ്ങൾക്ക് പിരിയാനാവില്ലാ...!“ ഡയാന ഇരുന്നിടത്തു നിന്നും പതിയെ എഴുന്നേറ്റു, എന്റെ മുഖത്ത് സർവ്വശക്തിയും സംഭരിച്ച് ആഞ്ഞടിച്ചിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി.


എനിക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ലാ. ഞാനും പുറത്തേക്ക് പോന്നു. എങ്ങോട്ടെന്നില്ലാതെ കാറോടിച്ചു. വഴിയിൽ ഒരു പൂക്കൾ വിൽക്കുന്ന കട കണ്ടപ്പോൾ കാർ നിറുത്തി. അവിടെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും നല്ലത് എന്ന് തോന്നിയ ഒരു വലിയ പൂച്ചെണ്ട് ഭാര്യക്കായി വാങ്ങി. സെയിൽ‌സ് ഗേൾ ചോദിച്ചു, “എന്താണ് സാർ കാർഡിൽ എഴുതേണ്ടത്..?” ഞാൻ ചിരിച്ചു കൊണ്ട് ആ കാർഡ് വാങ്ങി സ്വയം എഴുതി, “മരണം നമ്മെ വേർപെടുത്തും വരെ ഞാൻ നിന്നെ എന്റെ കരങ്ങളിൽ വാരിപ്പുണർന്നുകൊണ്ട് വാതിൽക്കൽ വരെ കൊണ്ടു വരും.“. പൂച്ചെണ്ടുമായി ഞാൻ എന്തെന്നില്ലാത്ത ഒരു പുതിയ സന്തോഷത്തോടെ ഓഫീസിലേക്ക് തിരിച്ച് വണ്ടിയോടിച്ചു. ഓഫീസിൽ എത്തിയപ്പോൾ മേശപ്പുറത്ത് ഒരു കവറിൽ ഡയാനയുടെ രാജിക്കത്ത് കിടപ്പുണ്ടായിരുന്നു.


അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും സമയത്ത് തന്നെ ഇറങ്ങി, വീട്ടിൽ എത്തി, കൈയിൽ ഭാര്യക്കായുള്ള പൂച്ചെണ്ട്, മുഖത്ത് പുതുമ നിറഞ്ഞ ഒരു പുഞ്ചിരി, ഞാൻ നടകൾ ഓടിക്കയറി, എത്രയും പെട്ടന്ന് എന്റെ ഭാര്യയെ കാണാൻ...!!! മരിച്ചു കിടക്കുന്ന എന്റെ ഭാര്യയെ കാണാൻ...???? ബെഡ്‌റൂമിലേക്ക് കടന്ന എന്റെ ഹൃദയം നൂറു കഷ്ണങ്ങളായി മുറിഞ്ഞുവോ? ഹൃദയത്തിന്റെ ഭിത്തികൾ അടർന്ന് വീണുവോ? എന്റെ ഹൃദയം നിലച്ചുവോ? എന്റെ ഹൃദയവും കണ്ണുകളും കരഞ്ഞു... അലറിക്കരഞ്ഞു.... അതിനിടയിൽ ഞാൻ അവളെ അവസാനമായി ഒരിക്കൽ കൂടി എന്റെ കൈകളിൽ കോരിയെടുത്തു.... ബെഡ്‌റൂമിൽ നിന്നും സിറ്റിംഗ്‌റൂമിലേക്ക്, ഒഴുകിയൊലിക്കുന്ന കണ്ണുനീർ എന്റെ കാഴ്ച്ച മറച്ചുവെങ്കിലും ഞാനനായാസപ്പെട്ട് എന്റെ മകനെ നോക്കി, അവന്റെ കണ്ണുകളിൽ നിന്നുറ്റു വീഴുന്ന കണ്ണുനീർതുള്ളികളും, നിലവിളിയും എന്റെ കണ്ണിനെ കൂടുതൽ ഇരുട്ടാക്കി, ഞാനും അവനൊപ്പം അലറിക്കരഞ്ഞു...!!! എനിക്കെല്ലാം നഷ്ടപ്പെട്ടു..., ഞാനെല്ലാം നഷ്‌ടപ്പെടുത്തി... എന്റെ സ്വന്തം സ്നേഹത്തെ, എന്റെ ഭാര്യയെ, എന്റെ മോന്റെ അമ്മയെ...!!! ഇന്നലെകളെ തിരിച്ചു കൊണ്ടൂവരാൻ ഇനിയെനിക്കാവില്ലാ. നിശ്ചലമായ ആ ശരീരത്തെ തന്നെ നോക്കിയിരുന്ന ഞാനറിഞ്ഞു, ഇനിയധിക നേരം ഈ ശരീരമെനിക്ക് മുന്നിൽ കാണാൻ ഉണ്ടാവില്ല. അവൾ യാത്രയായിക്കഴിഞ്ഞിരിക്കുന്നു ഈശ്വരനേ കാണാൻ. ഞാനെന്റെ മകനേയും നെഞ്ചോട് ചേർത്ത് പിടിച്ചവളുടെ നിശ്ചലശരീരത്തിനരികിൽ, ഇന്നലെകളിൽ - അവൾക്കു ജീവനുണ്ടായിരുന്ന കാലത്ത് - അവൾക്കായി ചെയ്യാൻ സാധിക്കാതെ പോയവയെക്കുറിച്ച് ചിന്തിച്ച് ഞാനിരുന്നു. അവൾ എന്നേക്കുമായി പോയി, ഇനി എന്റെ കണ്ണുനീർത്തുള്ളികൾക്ക് അവളെ തിരിച്ചു കൊണ്ടു വരാനാവില്ല. അവൾക്കായി കൊണ്ടൂവന്നിരുന്ന പൂച്ചെണ്ട് - അതിൽ വീണൊഴുകിയ എന്റെ കണ്ണുനീർ തുള്ളികൾക്കൊപ്പം - അവളുടെ കൈകളിൽ ഞാൻ തിരുകിവച്ചു. അവളുടെ ആത്മാവെങ്കിലും അത് സ്വീകരിക്കട്ടെ...!!!!


* * * * * * * * * * * *


ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിലാണ് പലപ്പോഴും ബന്ധങ്ങളുടെ അന്തഃസത്ത അടങ്ങിയിരിക്കുന്നത്. ബംഗ്ലാവും, കാറും, പ്രോപ്പർട്ടിയും, ബാങ്ക് ബാലൻസും ഇതിൽ പെടുന്നില്ല, സാഹചര്യങ്ങളെ സന്തോഷകരമാക്കാൻ ഇവയൊക്കെ സഹായിച്ചേക്കാം, പക്ഷെ ഇവയൊന്നും ജീവിതബന്ധങ്ങളെ കൂട്ടിയിണക്കാനോ അവയെ കൂടുതൽ വളർത്താനോ വേണ്ടി നിലകൊള്ളുന്നില്ലാ. കൊച്ചു കൊച്ചു നിമിഷങ്ങൾ കൂട്ടിയിണക്കി കുറച്ച് സമയങ്ങൾ കൂട്ടാളിക്കായി സമ്മാനിക്കാം... അങ്ങനെ ഒരു പുതിയ ജീവിതം തുടങ്ങാം... ഓരോ ദിവസവും കുടുംബജീവിതത്തിലെ ആദ്യദിവസവും, ആദ്യരാത്രിയുമാക്കാം.

(ആശയം: സുഹൃത്ത് അയച്ച ഫോർവേർഡഡ് മെയിൽ ഭാര്യ എനിക്കയച്ചതിൽ നിന്നും... ;)

Comments

Very very good. I could not not stop reading the story once it was started.Congrats josmon. You have to write again again and be a good writer.

Popular posts from this blog

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ...................................................
.................................. എല്ലാം നല്ലതിനെന്നു കരുതുക...!”

എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!!

“ദ ഗൈഡ്” - എ ഷോർട്ട് ഫിലിം

ഒരിക്കൽ കൂടി ഒരു ഷോർട്ട് ഫിലിൽ എടുക്കാൻ അവസരം ഒരുങ്ങി. കല്യാൺ എപ്പാർക്കി യൂത്ത്, വിക്രോളീയുടേതായി, 9 മിനിറ്റിന്റെ ദൈർഖ്യത്തിൽ ഞങ്ങൾ എടുത്ത ഈ സിനിമയിൽ ഞങ്ങളുടെ വിക്രോളി ഇടവകയിലെ പരമാവധി യുവജനങ്ങ്ക്കേയും പങ്കെടുപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു. കല്യാൺ രൂപത ഈ വർഷം ആതുരസേവനവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ട്, കല്യാൺ എപ്പാർക്കി യൂത്തിനു വേണ്ടിയാണ് ഈ സിനിമ എടുത്തത്. സോഷ്യൽ ഇൻ‌വോൾ‌വ്മെന്റ് ഇൻ ക്രിസ്ത്യൻ യൂത്ത് എന്ന ടോപിക്കിൽ ഞങ്ങൾ എടുത്ത ഈ ഷോർട്ട്ഫിലിം ഒരുപാട് അഭിനന്ദനങ്ങൾക്ക് അർഹമായി എന്നുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു.


ഇൻഫന്റ് ജീസസ് ചർച്ച് ബാനറിൽ, ഇടവക വികാരി, ഫാ. വിൻസന്റ് കണിമംഗലത്തുകാരൻ നിർമ്മാണം നിർവഹിച്ച്, നിർമ്മിക്കപ്പെട്ട ഈ ചെറുസിനിമയുടെ കഥ, തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ്.

സിനിമ നിങ്ങൾക്കിവിടെ കാണാം.