Skip to main content

“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!)

ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (9-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും.

ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസിനുകള്‍ വീട്ടില്‍ തമാശക്കായോ അല്ലെങ്കില്‍ ഒരു ജാഡക്കായോ‍ വരുത്തുന്നുണ്ടായിരുന്നവരുടെ മക്കളായ എന്‍റെ ചില കൊമ്പത്തെ ചങ്ങാതികള്‍... ജുറാസിക്ക് പാര്‍ക്ക് എന്ന് വരച്ചല്ല മറിച്ച് കട്ടിംഗ് ആന്‍ഡ് പേസ്റ്റിംഗ് വരെ നടത്തി..., ക്ലാസില്‍ അതിന്റെ പേരിലൊരു എക്സ്ട്രാ ജാഡയും കാട്ടി നടന്നിരുന്ന അന്തകാലം...!! അതാണ് സംഭവത്തിന്‍റെ പശ്ചാത്തലമാക്കിയിരിക്കുന്നത്.

ചേട്ടന്‍ മദ്ധ്യപ്രദേശില്‍ ആണ്. ഏറ്റവും മൂത്ത ചേച്ചി ലൌക്നൌവില്‍. രണ്ടാമത്തെ ചേച്ചി‍ മുംബയിലേക്ക് വണ്ടി കയറിയിട്ട് നാളുകള്‍ ആകുന്നതേയുള്ളു. വീട്ടില്‍ ഇപ്പോള്‍ ഞാനും അമ്മയും അപ്പച്ചനും മാത്രം. ഞാന്‍ രാവിലെ സ്കൂളിലേക്ക് പോകുന്നത് ബസിലാണ്. അന്ന് ബസില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള വണ്ടിക്കുലി 10 പൈസയില്‍ തുടങ്ങുന്നു. എനിക്ക് വീട്ടില്‍ നിന്നും സ്കൂള്‍ വരെയെത്താന്‍ സെയിം 10 പൈസാ മതി. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടും, പിന്നെ മക്കളെ നേരായ വഴിയിലൂടെ നടത്തണമെന്ന അതിയായ ആഗ്രഹം (ഇതിനായിരിക്കും അത്യാഗ്രഹം എന്നു പറയുന്നതും) കൊണ്ടും, എന്നെ എന്നും പറഞ്ഞു വിടുന്നത് 20 പൈസയും തന്ന് വിട്ടാണ്. ഒരു തരത്തിലും അതും ഇതുമൊക്കെ വാങ്ങി ചീത്തയായി പോകരുത് എന്നൊരു നല്ല ഉദ്ദേശമാണ് ഇത്ര കറക്‍ട് കാശ് മാത്രം തന്നു വിടുന്നതിന്റെ പുറകിലെ ഉദ്ദേശം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ദിവസം പോക്കറ്റില്‍ നിന്നും പത്ത് പൈസാ വീണു പോയി... അന്ന് ഞാന്‍ നടന്നാണ് വീട്ടിലെത്തിയത്. അന്ന് അമ്മക്കും അപ്പച്ചനും ഒരു നല്ല ബോധമുദിച്ചതിന്റെ ഭാഗമായി 20 പൈസക്ക് പകരം 30 പൈസാ ആക്കി ഉയര്‍ത്തി എന്നും തന്നു വിടുന്ന ക്യാഷിന്‍റെ കണക്ക്. ഫലമോ... സ്ഥിരമായി എക്സ്ട്രാ 10 പൈസാ കാണാതെ പോകാന്‍ തുടങ്ങി - 5 പൈസായുടെ 2 നാരങ്ങാമിട്ടായി രൂപത്തില്‍.

മുകളില്‍ പറഞ്ഞ അതേ കാരണം വീണ്ടും - വീട്ടിലെ സാമ്പത്തികം, മക്കള്‍ക്ക് നേരായ വഴി..!!! ആയതിനാല്‍ തന്നെ സിനിമ എന്നൊരു പരിപാടി എന്‍റെ ജീവിതത്തില്‍ പലപ്പോഴും സ്വപനം മാത്രമായിരുന്നു അന്ന്. പുതിയ പുതിയ സിനിമകള്‍ കണ്ട് വന്ന് ക്ലാസിലെ ഡെസ്കിനു മുകളില്‍ കയറിയിരുന്ന് കഥ പറയുന്നവര്‍ക്കിടയില്‍ ഞാനെന്നും ഒരു സാധാ കേള്‍വിക്കാരന്‍ മാത്രമായി ഒതുങ്ങി. ചിലപ്പോല്‍ സ്വയവും, ചിലപ്പോള്‍ പിറന്നു വീണ വീടിനേയും എന്റെ അറിവില്ലാത്ത മനസു കൊണ്ട് പ്‌രാകി. ഞായറാഴിച്ച വൈകുന്നേരം റ്റി.വി.യില്‍ ഉള്ള സിനിമ കാണാനും അമ്മയും അപ്പച്ചനും അടുത്ത വീട്ടില്‍ (ഇത്തിരി അകലെയാണേ റ്റി.വി. ഉള്ള അടുത്ത വീട്) വിടില്ല. എന്നാല്‍ ഏതു നേരവും എന്നെ സ്വാതന്ത്ര്യത്തൊടെ പറഞ്ഞു വിടുന്ന ഒരു സ്ഥലമുണ്ടായിരുന്നു... ഞങ്ങളുടെ ഇടവക പള്ളി - സെന്‍റ്‍‍ ജോസഫ് ചര്‍ച്ച്, തിടനാട്. അങ്ങനെ എന്റെ കുരുട്ടുബുദ്ധിയിലെ കുഞ്ഞുബുദ്ധി കൊണ്ട് - പളിയിലേക്കെന്നും പറഞ്ഞ് - ഞാന്‍ ഞായറാഴിച്ചത്തെ സിനിമ അടുത്ത വീട്ടില്‍ നിന്നും ചിലപ്പോള്‍ കാണാന്‍ ആരംഭിച്ചെങ്കിലും, അതുകൊണ്ട് എന്റെ കൂട്ടുകാര്‍ക്കിടയില്‍ ഒരു സ്ഥാനവും എനിക്കു നേടാനായില്ല...!! നാളുകള്‍ കഴിയുന്തോറും എന്റെ മനസില്‍ സിനിമാ ഒരു ഭ്രാന്തായി തുടങ്ങി... കിട്ടാത്ത മുന്തിരിയായിട്ടും..!!!

അങ്ങനെ ഇരിക്കെ ഒരു നാള്‍..., പള്ളിയില്‍ ഇരുന്ന് കൂട്ടുകാര്‍ക്കൊപ്പം -എല്ലാം കോളേജില്‍ പഠിക്കുന്ന ചേട്ടായിമാര്‍- ക്യാരംസ് കളിക്കുന്നതിനിടയില്‍, കൊച്ചച്ചന്‍ (അസ്സി.വികാരി) സജീവിനോടും സാജുവിനോടും ജോസഫിനോടും ഒക്കെയായി പറയുന്നത്: “കോട്ടയത്ത് അഭിലാഷ് തിയറ്റടില്‍ “ജൂറാസിക് പാര്‍ക്ക്” വന്നിട്ടുണ്ട്... നമുക്കൊന്ന് പോയി നോക്കിയാലോ...!!?” എല്ലാവരും ഓകെ എന്ന് പറഞ്ഞു..! മനസു കൊണ്ട് ഞാനും “ഓകെ” എന്ന് പറഞ്ഞെങ്കിലും, പുറത്തേക്ക് എനിക്കൊന്നും പറയാനില്ലായിരുന്നു... കാരണം ആ ചോദ്യത്തിന്റെ ഒരംശം പോലും എന്നൊടായിരുന്നില്ലാ എന്നതു കൊണ്ടും, എന്നെ വീട്ടില്‍ നിന്നും വിടില്ലാ എന്നുറപ്പുണ്ടായിരുന്നതു കൊണ്ടും. അവര്‍ എല്ലാവരും കൂടി വ്യാഴാഴിച്ച പോകാമെന്ന് ഉറപ്പിക്കുകയും ചെയ്ത് പിരിഞ്ഞു. ഞാന്‍ അന്ന് വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോള്‍ എന്റെ മനസ് ആ കൊച്ചച്ചന്റെ ചോദ്യത്തിലായിരുന്നു.... കൂടാതെ ഞാനപ്പോള്‍ തന്നെ മനസു കൊണ്ട് പറഞ്ഞ് ആ “ഓകെ” എന്ന ഉത്തരവും. ആ സ്വപ്നം എങ്ങനെ സത്യമാക്കിയെടുക്കും എന്ന് ചിന്തിച്ച് ചിന്തിച്ച് അവസാനം ഒരു ചെറിയ പ്രത്യാശക്കുള്ള വകുപ്പ് മനസില്‍ ഉണ്ടാക്കി. പിറ്റേന്ന് രാവിലെ ഞാന്‍ പള്ളിയില്‍ കുര്‍ബാനക്ക് പൊയി... (ബുദനാഴിച്ച) കൊച്ചച്ചനെ നേരിട്ട് കണ്ട് ചെറുതായി സോപ്പൊക്കെ ഇട്ട് ഞാന്‍ ചോദിച്ചു...”അച്ചാ, നാളെ സിനിമ കാണാം ഞാനും പോരെട്ടെ...??” വികാരിയച്ചനോട് നുണ പറഞ്ഞാണ് കൊച്ചച്ചന്‍ ഈ പരിപാടിക്ക് പോകുന്നത് അത് അറിയാവുന്ന എന്നെ കൊണ്ടു പോകുന്നതാണ് ബുദ്ധി എന്നു തോന്നിയിട്ടാവാം അച്ചന്‍ സമ്മതിച്ചു... വിത്ത് എ കണ്ടീഷന്‍ “ആരോടും പറയരുത്.. അച്ചന്റെ കൂടെയാ പോയത് എന്ന്...” ഞാന്‍ സമ്മതിച്ച് വീട്ടിലേക്ക് ഓടി.... ഇനി വീട്ടിലും കൂടി സമ്മതിക്കണോല്ലോ എന്ന് ചിന്തിച്ച്...!!!

വീട്ടില്‍ ചെന്ന് കാര്യം ഇങ്ങനെ അവതരിപ്പിച്ചു: “അതേ ഇന്ന് കൊച്ചച്ചന്‍ പറഞ്ഞു, നാളെ കോട്ടയത്ത് ജൂറാസിക് പാര്‍ക്ക് എന്ന സിനിമാ കാണാന്‍ അച്ചനും സജീവും ഒക്കെ പോകുവാ.. എന്നോടും ചെല്ലാന്‍ പറഞ്ഞു...” അമ്മ അപ്പോള്‍ തന്നെ എതിര്‍ത്തു...”കോട്ടയത്തോ... ഹേയ് വേണ്ടാ വേണ്ടാ...!!” ഞാന്‍ കരഞ്ഞു പറഞ്ഞു... സമ്മതിച്ചില്ലാ... അങ്ങനെ കരഞ്ഞ് കരഞ്ഞ് ഞാന്‍ അന്നും സ്കൂളില്‍ പോയി. വൈകിട്ട് വന്ന് വീണ്ടും കരഞ്ഞു, നിലവിളിച്ചു, അലറി, അലറിക്കരഞ്ഞു. എന്തായാലും ഇതിലെന്തിലോ ഒന്നില്‍ അപ്പച്ചന്‍ വീണു... സമ്മതിച്ചു. ഞാന്‍ പിന്നെ അലറിച്ചിരിച്ചു മനസില്‍...!! ബ്‌ഹാ...ഹാ...ഹാ....!!!!

പിറ്റേന്ന് അച്ചന്‍ പറഞ്ഞിരുന്നതനുസരിച്ച്, പള്ളിയുടെ മുന്നിലെ ബസ് സ്റ്റോപ്പില്‍ രാവിലെ ഒന്‍പതേകാലോടെ ഞാന്‍ റെഡിയായി നിന്നു. പിന്നെ ഓരോരുത്തരായി വന്നു. അവസാനം കൊച്ചച്ചനും വന്നു... വികാരിയച്ചനോട് കള്ളം പറഞ്ഞിറങ്ങിയപ്പോള്‍ താമസിച്ചു പോയെന്ന കാരണം സത്യം സത്യമായി പറയുകയും ചെയ്തു. ഒന്‍പതരക്ക് ഒരു പാലാ ബസ് ഉണ്ട്. അതിനായി ഞങ്ങള്‍ കാത്തു നിന്നു. ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ എന്റ് സ്കൂളിലെ എന്റെ ഡ്രില്‍ ടീച്ചര്‍ (പള്ളിയുടെ പുറകിലാണ് ടീച്ചറിന്റെ വീട്) ബസ് കയറാനായി വന്നു. ഞാന്‍ ആദ്യം ഒന്ന് നടുങ്ങിയെങ്കിലും... ഉള്ള ധൈര്യം കെട്ടിപ്പിടിച്ച് നിന്നു..! ടീച്ചര്‍ എന്നെ കണ്ടതും: നീയെങ്ങോട്ടാ വാഴേ...? സ്കൂളില്‍ വരുന്നില്ലേ..?!” ഞാന്‍ സത്യം പറഞ്ഞു..: “ഇല്ലാ... ഞങ്ങള്‍ കോട്ടയത്തിനു പോകുവാ സിനിമാ കാണാന്‍”. ടീച്ചര്‍ എന്നെ തുറിച്ച് നോക്കി പറഞ്ഞു... “സ്കൂള്‍ കളഞ്ഞ സിനിമക്ക് പോകുന്നോ...?” “ടീച്ചറെ ജൂറാസിക് പാര്‍ക്ക് കാണാനാ...!! ഒരവസം കിട്ടിയതാ ഇവരുടെ കൂടെ... അതു കളഞ്ഞാന്‍ പിന്നെ കാണാന്‍ പറ്റില്ലാല്ലോ.... നമ്മുടെ ഇവിടെ വരുവോന്ന് അറിയില്ലാല്ലോ..!!!” ജൂറാസിക് പാര്‍ക്ക് എന്നു കേട്ടപ്പോ ടീച്ചര്‍ ഒന്ന് തണുത്തു... “ങ്ഹാ ഹാ... എന്നാ കണ്ടിട്ടു വാ... കഥ പറയണേ...!! അല്ലാ..., അച്ചനും പോകുവാണോ പിള്ളേരുടെ കൂടെ...?” “ഹേയ്... എനിക്ക് പാലാ വരെ ഒന്ന് പോകണം.... ഇവിടെ വന്നപ്പൊളാ ഇവരെ കണ്ടത്...” അച്ചന്‍ കൂസാതെ പറഞ്ഞു. പിന്നെ സമയാസമയങ്ങളില്‍ കിട്ടിയ ബസില്‍ ഞങ്ങള്‍ കോട്ടയത്തെത്തി... അഭിലാഷ് തിയറ്ററിന്റെ വെള്ളിത്തിരയില്‍ ഞാനും അച്ചനും കൂട്ടുകാരും സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ആ വിസ്മയം ചിത്രം കണ്ണിമക്കാതെ കണ്ടിറങ്ങി. ഇടക്കൊക്കെ ഞാന്‍ ചെറുതായി പേടിച്ചു എന്നുള്ളത് ഇന്നുവരെ എനിക്കു മാത്രമറിയാമായിരുന്ന ഒരു സത്യം. ജൂറാസിക്ക് പാര്‍ക്കിന്റെ ഹാങ്ങോവറില്‍ ഞാന്‍ പിന്നെ അങ്ങട് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു.

തിരിച്ച് ബസില്‍ പോരുമ്പോള്‍, നാളെ സ്കൂളില്‍ കൂട്ടുകാരോട് എങ്ങനെ കഥ പറയണം എന്നതിന്റെ ഒരു റിഹേഴ്സല്‍ തന്നെ നടത്തി. വീട്ടില്‍ എത്തി ആ വിസ്മയ കഥ പല ആംഗിളില്‍ പറഞ്ഞ് അമ്മയേയും അപ്പച്ചനേയും ജീവനോടെ കൊല്ലാകൊല നടത്തി. പിറ്റേന്ന് റ്റി.വി.യില്‍ കണ്ടിട്ടുള്ള കോമ്പ്ലാന്‍ കുടിച്ച കുട്ടിയേ പോലെ നൂറിരട്ടി ഉന്മേഷവാനായി ഞാന്‍ സ്കൂളിനേ ലക്ഷ്യമാക്കി യാത്രയായി. എല്ലാവര്‍ക്കും മുന്‍പേ ഞാന്‍ ക്ലാസിലെത്തി. പിന്നെ വന്നു കയറിയ ഒരോരുത്തരോടായി പറഞ്ഞു: “ഞാനിന്നലെ ജൂറാസിക് പാര്‍ക്ക് കണ്ടു..” എന്നാല്‍ ഫലം രാം ഗോപാല്‍ വര്‍മ്മയുടെ ആഗ് (ഷോലെ) പോലെ..., പ്രതീക്ഷകളെ കീഴ്മേല്‍ മറിച്ച്, നൂറു നിലയില്‍ പൊട്ടി എന്റെ സ്വപ്നങ്ങള്‍..!!! “മലയാളത്തിലുള്ള ഒരു നല്ല സിനിമ പോലും മര്യാദക്ക് കണ്ടിട്ടില്ലാത്ത നീയാ കോട്ടയത്ത് പോയി ജൂറാസിക് പാര്‍ക്ക് കണ്ടെന്ന് പുളുവടിക്കുന്നത്...!!?? ഞങ്ങള്‍ ഇത് വിശ്വസിക്കാന്‍ മാത്രം പൊട്ടന്മാരല്ലടാ വാഴേ....!!” “നീയേതെങ്കിലും സിനിമാ മാസികയില്‍ കഥ വായിച്ചു കാണും” എന്നൊക്കെയുള്ള രീതിയില്‍ ഉള്ള കമന്റുകളല്ലാതെ ഒരാള്‍ പോലും എന്റെ കഥ കേള്‍ക്കാന്‍ തയ്യാറായില്ല...! എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. എന്നാല്‍....!!

വെള്ളിയാഴിച്ചത്തെ നാലാമത്തെ പീരിയഡ്... ടീച്ചര്‍ കടന്നു വന്നു.. ഡ്രില്‍ ടീച്ചര്‍...!!! എല്ലാവരും എഴുന്നേറ്റ് “ഗുഡ് മോര്‍ണിംഗ് ടീ‍ീച്ചാ‍ാര്‍..” എന്നുറക്കെ അലറിക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ അദ്യം ചോദിച്ചതിങ്ങനെയാണ്... “അല്ലാ... വാഴെയെന്തിയേ...!!???” ഞാന്‍ എഴുന്നേറ്റ്...., ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ചു. അപ്പോള്‍ വന്നു ടീച്ചറിന്റെ അടുത്ത ചോദ്യം.. “ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു ജൂറാസിക് പാര്‍ക്ക്...?” കൂട്ടുകാര്‍ ഒന്ന് നടുങ്ങുന്നത് ഞാന്‍ കണ്ടു. എന്റെ തല മാനം മുട്ടുമെന്ന് എനിക്കപ്പോള്‍ തോന്നി. “നല്ലതായിരുന്നു.... എനിക്കൊത്തിരി ഇഷ്ടപ്പെട്ടു...!! പറ്റിയാല്‍ പോയി കാണണം ടീച്ചറെ..!!” എന്നൊക്കെ അടങ്ങിയ ഒരു നല്ല ഉത്തരവും പിന്നെ വന്ന ചോദ്യങ്ങള്‍ക്ക് സ്പില്‍ബര്‍ഗിനേക്കാള്‍ ആ സിനിമയേക്കുറിച്ച് അറിവുണ്ടെനിക്ക് എന്ന ഭാവത്തിലും ഞാന്‍ ഉത്തരങ്ങള്‍ കാച്ചി. ആ പീരിയഡ് കഴിഞ്ഞ് ഉച്ചഭക്ഷണസമയം ഒരു മണിക്കൂര്‍...!!! ഞാന്‍ ഡസ്കിനു മുകളില്‍...! കൂട്ടുകാര്‍ പലയിടങ്ങിലായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഞാന്‍ കഥ പറയുകയാണ്... ഞാനെങ്ങനെ കഥ പറഞ്ഞാലും എല്ലാവരും സ്വീകരിക്കാന്‍ തയാറാണ്. ഒരു പക്ഷെ ഞാനന്ന് പറഞ്ഞ കഥ സ്പില്‍ബര്‍ഗ് കേട്ടാല്‍ ഒരു പക്ഷെ പുതിയ ഒരു സിനിമ തന്നെ പിടിച്ചെന്നും വരാം. ഇംഗ്ലീഷിന് 3 മാര്‍ക്കെന്ന നേട്ടങ്ങള്‍ വരെ കിട്ടിയിട്ടുള്ള ഞാനാണ് ഒരു ഇംഗ്ലീഷ് സിനിമയുടെ കഥ ഡയലോഗ്സ്-റ്റു-ഡയലോഗ്സ് പറഞ്ഞ് ഫലിപ്പിച്ച് അന്ന് കയടി നേടിയത്. അന്നെനിക്ക് മനസിലായി സിനിമാ കഥ പറഞ്ഞ് ആളാവുന്നതിന്റെ ഒരു സുഖം. പിന്നീട്... മഹാന്മാരുടെ കാര്യങ്ങളില്‍ പറയുമ്പോള്‍ ഉപയോഗിക്കുന്ന വാക്ക് ഉപയോഗിച്ച് പറഞ്ഞാല്‍... പില്‍ക്കാലങ്ങളില്‍ മുകളില്‍ പറഞ്ഞ ആ സുഖം ഒരു അസുഖം ആയി എന്നില്‍ ഉടലെടുത്തു.

അങ്ങനെ.., ആ ജൂറാസിക്ക് പാര്‍ക്കിന്റെ ബാക്കി കഥയായി....., പാവം അമ്മ തയിക്കുന്നതിന്റെ കൂലി ഞാന്‍ പലയിടത്തും നിന്നും അമ്മയറിയാതെ കളക്ഷന്‍ ആരംഭിച്ചു. എന്നിട്ട് അതുമായി പാലാ മഹാറാണി, യുവറാണി, യൂണിവേഴ്സല്‍, എന്നിവടങ്ങളില്‍ നിരങ്ങിയിറങ്ങി. (പാലാ ടൌണിനെക്കുറിച്ച് കൂടുതലറിയാവുന്നവരോട്... “പാലാ ന്യൂ തിയറ്ററി“ല്‍ ‍ ഞാനിതുവരെ കയറിയിട്ടില്ലാ... മൂന്ന് വട്ടം സത്യം.) ഒരു ദിവസം രണ്ടു പടം എന്ന് രീതിയില്‍ കണ്ട്, പിറ്റേന്ന് ഞാന്‍ നിര്‍ബന്ദമായും സ്കൂളില്‍ പോയിരുന്നു. കഥ പറയാനായി മാത്രം. സ്കൂള്‍ ഡയറിയില്‍ സ്വയം എഴുതി അപ്പച്ചന്റെ അക്ഷരങ്ങളായി...! അങ്ങനെ അപ്പച്ചന്റെ ഒപ്പ് അപ്പച്ചനെക്കാല്‍ നന്നായി ഇടാന്‍ പഠിച്ചു. അങ്ങനെ ചില ദിവസങ്ങളില്‍ കണ്ട പടം തന്നെ പല തവണ കാണേണ്ടി വന്നു...! “സൈന്യം, കാതലന്‍ തുടങ്ങിയ പടങ്ങള്‍ ഞാനങ്ങനെ പലതവണ കണ്ടതില്‍ ചിലത് മാത്രം. ഇടക്കിടെ വീട്ടില്‍ പിടിക്കപ്പെട്ടു. എന്നാലും എന്നിലെ ആ‌-സുഖം കുറഞ്ഞില്ലാ...!!! സ്കൂളില്‍ പോക്ക് ഒന്നരാടന്‍ എന്നുള്ളത് രണ്ടു ദിവസം കൂടുമ്പോള്‍ എന്ന രീതിയിലേക്ക് മാറി. പിന്നെ പ്രശ്നങ്ങള്‍ നാടും നാട്ടാരും സ്കൂളും കോമ്പൌണ്ടും അറിഞ്ഞു. ഞാന്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി..! വാഴ തലതെറിച്ചവനായി...!! പലരും ഡോമിനിക് സാവിയോ എന്ന് വിശേഷിപ്പിച്ചിരുന്ന വാഴയിലെ ജോസ്മോന്‍ അങ്ങനെ തല്ലിപ്പൊളിയായി...!!! (അത് ചിലര്‍ മുതലെടുത്തു.... അത് മറ്റൊരു കഥയായി പിന്നെ പറയാം..) പഠിത്തം മുടങ്ങി...!! ഞാന്‍ ഇനി ചെമ്മലമറ്റം സ്കൂളിലേക്ക് പോകില്ലാ എന്ന് അവസാനം വാശി പിടിച്ചു...! ആ അവസ്ഥ എത്തി. പിന്നെ അവിടെ നിന്നും മാറി തിടനാട് ഗവണ്‍മെന്റ് സ്കൂളില്‍ പഠിക്കാമെന്നേറ്റ് ടി.സി. വാങ്ങിക്കാന്‍ ശ്രമിച്ചെങ്കിലും എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന ചില ടീച്ചര്‍മാര്‍ സമ്മതിച്ചില്ലാ...!!

അവസാനം ചേട്ടായിയുടെ ബുദ്ധി വച്ച്, ഞങ്ങള്‍ മദ്ധ്യപ്രദേശിലേക്ക് കുടിയേറി...!!! ഇന്ന് ചിന്തിക്കുമ്പോള്‍... സംഭവിച്ചതെല്ലാം നല്ലതിന്...!! അല്ലായിരുന്നെങ്കില്‍ ഞാനിന്ന് നാ‍ട്ടില്‍ നാട്ടുകാരുടെ തല്ലും കൊണ്ട്, വല്ല കൂലിപ്പണി ചെയ്തോ, വല്ലവന്റേം റബര്‍ വെട്ടിയോ നടന്നേനെ...!!! കള്ളനെന്നോ തല്ലിപ്പൊളിയെന്നോ നാമകരണവും കിട്ടിയേനെ... ഉറപ്പ്...!!!

Comments

വാഴെ
വാഴയുടെ ജീവിതം കൊള്ളാം.
കുറെ കാര്യങ്ങള്‍ ഒപ്പം പറഞ്ഞിരിക്കുന്നു.
നന്നായി
കൂടുതല്‍ എഴുതുക

-സുല്‍
ശ്രീ said…
കഥ കൊള്ളാമല്ലോ വാഴേ...

‘സംഭവിച്ചതെല്ലാം നല്ലതിന്‍’ അല്ലേ?
മയൂര said…
കഥ നന്നായിട്ടുണ്ട്...
ആശാനേ...
ജൂറാസിക് പാര്‍ക്ക് - ദി സീക്രട്ട് പാര്‍ട്ട്
കൊള്ളാം...
നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ഇനിയും എഴുതണം...
“സിനിമാ കഥ പറച്ചില്‍ ”

വാഴേ .. ശരിയാ ഞാനും ഉച്ച്ക്കത്തെ ഇന്റ്ര്‌വെല്ലിന്‍ കുത്തിയിരുന്ന് സിനിമാ കഥ മുടങ്ങാതെ കേട്ടിട്ടുണ്ട്,അന്നു ആ കഥ പറ്യുന്നാ ആളിന്റെ വെയിറ്റ് ഒന്ന് വേറെ തന്നെ.

എനിക്ക് എന്നും ആശ ആയിരുന്നു അതുപോലെ ഇരുന്ന് ഒന്ന് കഥ പറയാന്‍ പക്ഷെ എനിക്ക് ഒരിക്കലും ഒരു സിനിമാ കാണാന്‍ സാധിച്ചില്ലാ, എന്നാ സിനിമാ കഥാ പറയണം എന്ന ആഗ്രഹം ദിവസത്തിന്‍ ദിവസം കൂടിം വന്നു.

പിന്നെ അതു ബഹിര്‍‌ഗമിപ്പിക്കാന്‍ ഞാന്‍ ഒരാളെ കണ്ടെത്തി വീട്ടിലെ ജോലിക്കാരി ഞാന്‍ അവളുടെ പുറകെ നടന്നു കഥ പറഞ്ഞു അവള്‍ എല്ലാം മൂളികേട്ടു .അവിടുന്നാ പിന്നെ എന്റെ പെരുന്നാള്‍ തൊടങ്ങുന്നെ ഏതൊ ഒരു ദുര്‍‌ബലനിമിഷത്തില്‍ അവളുമായി തെറ്റണ്ടി വന്നു ആ കഷ്മലാ (അങ്ങനെ പറയാമൊ? ആഹാ) അമ്മയോട് പറഞ്ഞു മാളൂട്ടി എല്ലാ“സിലിമെം” കാണുന്നുണ്ട് എന്നൊട് വന്നു കഥ പറയും.
ധിം.തരികിട തോം... പിന്നത്തെ കഥയാകഥ ...

സാമം വേദം ദാനം ദണ്ഡം ....ഒടുവില്‍ ഞാന്‍ ആ സത്യം പറഞ്ഞു ഞാന്‍ സിനിമാ ഒന്നും കണ്ടില്ലാ ഉച്ച്ക്ക് ക്ലാസ്സില്‍ പറയുന്നതാ ഞാന്‍ കേട്ടിട്ട് വന്നു പറഞ്ഞതാണു എന്നു. എന്നെ തല്ലിയതു ഒന്നും പൊരാഞ്ഞ് അമ്മ സ്കൂളില്‍ വന്നു കോണ്‌വെന്റ് സ്കൂളില്‍ ഉച്ചക്കു നടക്കുന്ന “സിനിമാ കഥ പറച്ചില്‍ ”എന്ന അനാശാസ്യാ നടപടിക്ക് എതിരെ അപലപിക്കുക കൂടി ചെയ്തപ്പൊള്‍ എന്റെ കാര്യം കട്ടപ്പൊകാ...

ഹോ അന്ന് ബാക്കി ഒള്ളോര്‍ എന്നേ നോക്കീയാ നോട്ടം ഹേന്റമ്മൊ!! ചത്തലും മറക്ക്ത്തില്ലാ പിന്നെ ക്ലാസ്സിലെ കഥ പറച്ചില്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറുകയും ആ കൂട്ടത്തില്‍ നിന്ന് എനിക്ക് അവര്‍ ഭ്രഷ്ട് കല്‍‌പ്പിക്കുകയും ഗ്രൂപ്പിന്നു പടി അടച്ചു പിണ്ഡം വെക്കുകയും ചെയ്തു....
Unknown said…
നന്നായീട്ടോ...ഇനീം പോരട്ടെ !!!!

ആശംസകള്‍
വാണി said…
എഴുതിയത് നന്നായിരിക്കുന്നു ജോസ്....
ഇനിയും എഴുതുക..
ഞാന്‍ അണ്ണന്റെ ഫാന്‍ ആണല്ലോ!! :)
ജീവിതത്തിലെ ഇങ്ങനെയുള്ള ഒരുപാട് അനൂഭവങ്ങളാണെന്നെ ഇവിടെ വരെ എത്തിച്ചത്...!! നല്ലതും ചീതതയുമാവാം... എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞാല്‍ പകുതി ജീവിതവിജയം തന്നെ സംഭവിക്കുന്നവിടെ എന്ന് ഞാന്‍ വിശ്വസിക്കുന്നു...!!

എന്റെ അക്ഷരങ്ങള്‍ക്ക് മോഡിപിടിപ്പിക്കുന്നത് നിങ്ങളുടെ അഭിപ്രായങ്ങളാണ്. നന്ദി...!!!
നല്ല വിവരണം (നല്ല അനുഭവക്കുറിപ്പ് എന്നെഴുതാനാണ് ആദ്യം തുടങ്ങിയത് - എല്ലാം നല്ലതിനാവട്ടെ അല്ലേ) :)

എന്റെ ഇതുപോലൊരു സിനിമാ സംഭവം ഇളയ അമ്മാവനുമായി പ്ലാന്‍ ചെയ്ത് പോയതായിരുന്നു. പോകാനായി വീട്ടില്‍ പറഞ്ഞ കള്ളം- തയ്ക്കാന്‍ കൊടുത്ത പാന്റ്സ് വാങ്ങിക്കണമെന്നും. പാന്റ്സ് വാങ്ങിക്കാന്‍ വീട്ടില്‍നിന്നിറങ്ങിയ സമയം - അഞ്ച് മണി. വാങ്ങിച്ച് തിരിച്ച് വീട്ടിലെത്തിയ സമയം രാത്രി പത്ത് മണി.

അച്ഛന് എന്നെക്കാളും പത്തിരട്ടി ബുദ്ധിയുണ്ടെന്ന് അടുത്തദിവസം രാവിലെ കിട്ടിയ ചൂരല്‍ കഷായത്തില്‍ നിന്നും പിടികിട്ടി :)
പ്രിയ ജോസ്,
എഴുത്തുകള്‍ ജീവിതത്തില്‍ നിന്നുല്ലതായത് കൊണ്ടു വായിക്കാന്‍ രസമുണ്ട്. ചെറിയ പാരഗ്രാഫ് ആക്കിയാല്‍ വായിക്കാന്‍ എളുപ്പമാകുമെന്നു തോന്നുന്നു.
തുടരുക....

Popular posts from this blog

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ................................................... .................................. എല്ലാം നല്ലതിനെന്നു കരുതുക...!” എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!

വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...

എന്റെ നാടായ തിടനാട് നിന്നും അന്നൊക്കെ ഏതാണ്ട് മൂന്ന് രൂപ മുടക്കിയാല്‍ ഭരണങ്ങാനത്ത് എത്താമായിരുന്നു. ആദ്യമായി ഞാന്‍ ഭരനങ്ങാനത്ത് പോകുന്നത് അമ്മയുടെ കൈയും പിടിച്ചായിരുന്നു. ഭരണങ്ങാനത്തിനു തൊട്ടടുത്തായുള്ള മേരിഗിരി ഹോസ്പിറ്റലില്‍ ആരൊയോ കാണാന്‍ പോയിട്ട് വരുന്ന വഴിയായിരുന്നു ആദ്യമായി അമ്മ എന്നെ ഭരണങ്ങാനത്ത് കൊണ്ടു പോയത്. ഭരണങ്ങാനത്ത് ബസിറങ്ങുന്നിടത്ത് മുന്നില്‍ തന്നെ കാണുക അല്‍‌ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠമാണ്. അന്നെനിക്ക് വ്യക്തമായി അറിയില്ല ആരാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. അമ്മ എനിക്കന്ന് ബസില്‍ ഇരുന്ന് പറഞ്ഞു തന്നു. ഈയിടെ മാര്‍പ്പാപ്പാ കോട്ടയത്ത് വന്ന് ഈ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു എന്നു വരെ പറഞ്ഞു തന്നു. എനിക്കന്ന് അധികമൊന്നും മനസിലായില്ലെങ്കിലും ഇത്രയും മനസിലായി അന്ന്. ഒത്തിരി നല്ലതായി ജീവിച്ച് മരിച്ച് ഈശോയുടെ അടുക്കല്‍ എത്തിയ ഒരാളാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. എന്റെ കുഞ്ഞുമനസില്‍ അത് ഒരു വലിയ കാര്യം തന്നെ ആയിരുന്നു. അമ്മ എന്റെ കൈയും പിടിച്ച് അല്‍‌ഫോന്‍സാമ്മയുടെ ക്ലാരമഠത്തില്‍ കയറിചെന്നു. തീക്കോയിയിലാണ് (വാഗമണ്ണിനു പോകുന്ന വഴിയില്‍) എന്റെ അമ്മ ജനിച്ച് വളര്‍ന്നത്. അവിടെ