Skip to main content

വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...

എന്റെ നാടായ തിടനാട് നിന്നും അന്നൊക്കെ ഏതാണ്ട് മൂന്ന് രൂപ മുടക്കിയാല്‍ ഭരണങ്ങാനത്ത് എത്താമായിരുന്നു. ആദ്യമായി ഞാന്‍ ഭരനങ്ങാനത്ത് പോകുന്നത് അമ്മയുടെ കൈയും പിടിച്ചായിരുന്നു. ഭരണങ്ങാനത്തിനു തൊട്ടടുത്തായുള്ള മേരിഗിരി ഹോസ്പിറ്റലില്‍ ആരൊയോ കാണാന്‍ പോയിട്ട് വരുന്ന വഴിയായിരുന്നു ആദ്യമായി അമ്മ എന്നെ ഭരണങ്ങാനത്ത് കൊണ്ടു പോയത്. ഭരണങ്ങാനത്ത് ബസിറങ്ങുന്നിടത്ത് മുന്നില്‍ തന്നെ കാണുക അല്‍‌ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠമാണ്. അന്നെനിക്ക് വ്യക്തമായി അറിയില്ല ആരാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. അമ്മ എനിക്കന്ന് ബസില്‍ ഇരുന്ന് പറഞ്ഞു തന്നു. ഈയിടെ മാര്‍പ്പാപ്പാ കോട്ടയത്ത് വന്ന് ഈ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു എന്നു വരെ പറഞ്ഞു തന്നു. എനിക്കന്ന് അധികമൊന്നും മനസിലായില്ലെങ്കിലും ഇത്രയും മനസിലായി അന്ന്. ഒത്തിരി നല്ലതായി ജീവിച്ച് മരിച്ച് ഈശോയുടെ അടുക്കല്‍ എത്തിയ ഒരാളാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. എന്റെ കുഞ്ഞുമനസില്‍ അത് ഒരു വലിയ കാര്യം തന്നെ ആയിരുന്നു.
അമ്മ എന്റെ കൈയും പിടിച്ച് അല്‍‌ഫോന്‍സാമ്മയുടെ ക്ലാരമഠത്തില്‍ കയറിചെന്നു. തീക്കോയിയിലാണ് (വാഗമണ്ണിനു പോകുന്ന വഴിയില്‍) എന്റെ അമ്മ ജനിച്ച് വളര്‍ന്നത്. അവിടെയുള്ള ക്ലാരമഠത്തിലെ എല്ലാ സിസ്റ്റര്‍മാരും അമ്മയെ അറിയും. പലരും അമ്മയെ സ്കൂളില്‍ പഠിപ്പിച്ചിട്ടുമുണ്ട്. ആ വഴി തന്നെ അവിടുന്ന് ഭരണങ്ങാനത്തേക്ക് സ്ഥലം മാറി വന്ന സിസ്റ്റര്‍മാര്‍ അമ്മയെ കണ്ടപ്പോള്‍ സ്നേഹാന്വേഷണവും ഒക്കെ നടത്തി. ഒപ്പം കുഞ്ഞായ എനിക്ക് ഏതോ സിസ്റ്റര്‍മാര്‍ കുറച്ച് മിഠായിയും പടങ്ങളും ഒക്കെ തന്നു. പിന്നെ സിസ്റ്റര്‍മാര്‍ക്കൊപ്പം അല്‍‌ഫോന്‍സാമ്മയുടെ മ്യൂസിയം കാണാന്‍ പോയി. (അത് മഠത്തിനുള്ളില്‍ തന്നെയാണ്). കയറി ചെല്ലുന്നിടത്ത് അന്ന് ആദ്യം കാണുക അല്‍‌ഫോന്‍സാമ്മയുടെ ഒരു രൂ‍പം വച്ചിരിക്കുന്നതാണ്. ഇന്നും അത് തന്നെയാണ്. ഇന്നിപ്പോള്‍ രൂപക്കൂട്ടിനുള്ളിലാണെന്നും മാത്രം. അവിടെ മുട്ടുകുത്തി നിന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ച് എഴുന്നേറ്റപ്പോള്‍ അമ്മയെന്നോട് രഹസ്യമായി പറഞ്ഞു“ “കണ്ടൊ അല്‍‌ഫോന്‍സാമ്മയുടെ രൂപത്തിനു പുറകിലെ ആ പടം“ (മലയും മരങ്ങളും ആകാശവുമൊക്കെയുള്ള ഒരു സീനറി വരച്ചിരിക്കുന്നു). “ങ്ഹാ.. കണ്ടു.. നല്ല പടമല്ലേ അമ്മേ...!!” അപ്പോള്‍ അമ്മ: “അത് നിന്റെ അപ്പച്ചന്‍ വരച്ചതാ...!!” എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. പിന്നെ എനിക്ക് എന്റെ അപ്പച്ചനെകുറിച്ച് അഭിമാനം തോന്നി.. പിന്നെ ഇത്തിരി അഹങ്കാരവും.
അന്ന് പിന്നെ അമ്മ എന്നെയും കൂട്ടി അല്‍‌ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളിയിലും പഴയപള്ളിയിലും ഒക്കെ പോയി. പഴയപള്ളിയിലേക്ക് കയറിപോകുന്ന നടയുടെ സൈഡില്‍ അന്നുമിന്നും ഒരു ആനയുടെ പ്രതിമ ഉണ്ട്‌. അന്ന് എനിക്ക് അതിന്റെ അടുക്കല്‍ പോകണമെന്ന് അമ്മയോട് കരഞ്ഞ് കൊണ്ടു പോയിച്ചതൊക്കെ ഇന്നലത്തേതു പോലെ ഓര്‍മ്മിക്കുന്നു.
പിന്നെയും പലതവണ ഞാനവിടെ പോയി. ജീവിതത്തിന്റെ മലക്കം മറിച്ചിലുകള്‍ക്കിടയിലെന്നോണം സ്കൂളില്‍ ഒരിത്തിരി തല്ലിപ്പൊളി ആയ നാളുകളില്‍ സ്കൂളില്‍ പോകാതെ പാലായില്‍ സിനിമക്ക് പോയിട്ട് വരുമ്പോള്‍ വീട്ടില്‍ പിടിക്കപ്പെടാതെ സഹായിക്കണമേയെന്ന പ്രാര്‍ത്ഥനയുമായി മിക്കപ്പോഴും ഞാന്‍ അല്‍‌ഫോന്‍സാമ്മയെ സമീപിച്ചു. പക്ഷെ ഒരിക്കല്‍ പോലും അല്‍‌ഫോന്‍സാമ്മ അന്നാ പ്രാര്‍ത്ഥന കേട്ടില്ല. പക്ഷെ.. ഇന്ന് ഞാന്‍ മനസിലാക്കുന്നു... അന്ന് അല്‍‌ഫാന്‍സാമ്മ എന്റെ പ്രാര്‍ത്ഥന കേള്‍ക്കാതിരുന്നത് നല്ലതിനായിരുന്നു എന്ന്. അന്ന് തല്‍‌ക്കാലത്തെ രക്ഷപ്പെടലിനായി ഉള്ള പ്രാര്‍ത്ഥന അല്‍‌ഫോന്‍സാമ്മ കേള്‍ക്കാതെ എന്റെ മുന്നോട്ടുള്ള ജീവിതത്തിന്റെ ദീര്‍ഘകാലരക്ഷപ്പെടലിനായി അല്‍‌ഫോന്‍സാമ്മ സര്‍വ്വശക്തനോട് എനിക്കായി പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും.. അല്ല... ഉണ്ട്...!!!
പള്ളിയിലെ മിഷന്‍ലീഗ് എന്ന സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നാളുകളായിരുന്നു എന്റെ കുട്ടിക്കാലം. മിഷന്‍ലീഗിന്റെ ആസ്ഥാനമന്ദിരം ഭരണങ്ങാനത്തെ പള്ളിക്കു മുന്നില്‍ റോഡിന് എതിര്‍വശത്തുള്ള ബില്‍ഡിംഗാരുന്നു. (ഇന്നും അതെ) അവിടെ ഞാന്‍ പലതവണ പല സെമിനാറുകള്‍ക്കും ക്യാമ്പുകള്‍ക്കുമായി പോയതിന്റെയും ഒപ്പം അല്‍‌ഫോന്‍സാമ്മയുടെ പള്ളിയില്‍ കുര്‍ബാന കൂടിയതുമായ ഓര്‍മ്മകള്‍ ഒരിക്കലും മായാതെ ഇന്നും മനസില്‍ കിടക്കുന്നു... ജീവിതത്തിനു പൊന്‍‌തൂവല്‍ ചാര്‍ത്തിയ നിമിഷങ്ങളായി...!!
* * * * * *
ഇത്തവണ നാട്ടില്‍ പോയപ്പോഴും ഞാന്‍ പൊയിരുന്നു എന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനായിട്ടല്ല. മറിച്ച് എന്റെ വളര്‍ച്ചയില്‍ ഒരുപാട് സഹായിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ അല്‍‌ഫോന്‍സാമ്മയെ കാണാന്‍. ഈ വരുന്ന ഒക്ടോബര്‍ 12-ആം തിയതി അല്‍‌ഫോന്‍സാമ്മ വിശുദ്ധരുടെ പഥവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ഞാന്‍ വിശ്വസിക്കുന്നു... അല്‍‌ഫോന്‍സാമ്മ പണ്ടേ വിശുദ്ധയാണ്. ഇപ്പോളാണ് പ്രഖ്യാപിക്കപ്പെടാന്‍ പോകുന്നത് എന്നു മാത്രം.
ആദ്യം ഞാന്‍ മഠത്തിലാണ് പോയത്. അവിടുത്തെ സിസ്റ്ററ്മാരുടെ അനുവാധത്തോടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി. പഴയതിനേക്കാള്‍ കുറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. കയറി ചെലുമ്പോഴെ കാണാം അല്‍‌ഫോന്‍സാമ്മയുടെ ഒരു രൂപം. പിന്നെ അല്‍‌ഫോന്‍സാമ്മ ഉപയോഗിച്ചിരുന്നതായ കട്ടില്‍, ഉടുപ്പ്, പാത്രങ്ങള്‍, അങ്ങനെ ഒരുപാട് പരിശുദ്ധ സാധനങ്ങള്‍. അടുത്ത മുറിയിലേക്ക് കയറിയാല്‍ അത് അല്‍‌ഫോന്‍സാമ്മ താമസിച്ചിരുന്ന മുറിയാണ്. അവിടെ കയറിയപ്പോള്‍ ഉള്ളില്‍ ഒരു വല്ലാത്ത കുളിര്‍മ്മ തോന്നി. അല്‍‌ഫോന്‍സാമ്മ ജീവിച്ച മുറിയാണിതെന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു കുളിര്‍മ്മ. അവിടെ നിന്നും കയറി ചെല്ലുന്ന റൂമില്‍ ഒരുപാട് സാധങ്ങള്‍ സൂക്ഷിച്ച് വച്ചിരിക്കുന്നു. അല്‍‌ഫോന്‍സാമ്മയെ കബറടക്കിയ പെട്ടി, അല്‍‌ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന ചൂല്‍ മുതല്‍ പലതും. അല്‍‌ഫോന്‍സാമ്മ അന്ന് ചെയ്ത തുന്നല്‍കല എനിക്ക് വല്ലാണ്ടിഷ്‌ടപ്പെട്ടു. അങ്ങനെ പ്രത്യേകത ഒന്നുമില്ലായിരിക്കാം... എന്നാലും അല്‍‌ഫോന്‍സാമ്മയില്‍ ഒരു കൊച്ചു കലാകാരി ഉണ്ടായിരുന്നല്ലൊ എന്നതു കൊണ്ടാവാം. പിന്നെഅവിടുത്തെ സിസ്റ്റര്‍മാരോട് കുറെ സംശയങ്ങളും കുശലാന്വേഷണങ്ങളും നടത്തി ഞാന്‍ പള്ളിയിലേക്ക് പോയി.
എല്ലായിടത്തും (മഠത്തിലും പള്ളിയിലും) പണികളൊക്കെ നടക്കുകയായിരുന്നു. ഒക്ടോബര്‍ 12-ആം തിയതിക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍. അല്‍‌ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ ചെന്നപ്പോള്‍, അനുവാധം ലഭിച്ചിരുന്നു എങ്കിലും, എന്തുകൊണ്ടൊ എനിക്ക് ക്യാമറയില്‍ പകര്‍ത്താന്‍ തോന്നിയില്ല. ശാന്തതയുടേയും സമാധാനത്തിന്റേയും ഒരു ആശാകേന്ദ്രമായി കാണപ്പെട്ട ആ പള്ളിക്കുള്ളില്‍ ഒരുപാട് പേര്‍ ആ കബറിടത്തിങ്കല്‍ മുട്ടുകുത്തി കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. അതിനിടയില്‍ പ്രായമേറിയ ഒരു ചേട്ടന്‍ കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചുകൊണ്ട് പരിശുദ്ധമായ ആ കബറിടത്തിനു വലം ചുറ്റുന്നു - മുട്ടിന്‍‌മേല്‍ ഇഴഞ്ഞ് ഇഴഞ്ഞ്. പ്രായം അയാളെ അനുവധിക്കില്ലാ ഒരു റൌണ്ടെങ്കിലും പുര്‍ത്തീകരിക്കാന്‍ എന്ന് ഞാന്‍ കരുതിയെങ്കിലും തളരാതെ അദ്ദേഹം മൂന്ന് തവണ വലം വച്ച് അതേ മുട്ടിന്‍‌മേല്‍ നിന്ന് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ ഞാനും കരഞ്ഞു പൊയി. എന്റെ പ്രാര്‍ത്ഥനകള്‍ ഞാനാ മനുഷ്യനായി സമര്‍പ്പിച്ചു. കുറെ നേരം അവിടെ ചിലവഴിച്ച്, തിരിഞ്ഞിറങ്ങി കൊച്ചുപള്ളിയിലും കയറി. അവിടെയുള്ള അല്‍‌ഫോന്‍സാമ്മയുടെ രൂപത്തിനു താഴെ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച് പലതും ലഭിച്ചവരായ ഒരുപാട് പേരുടെ ഫോട്ടോകള്‍ വച്ചിട്ടുണ്ട്. ഞാന്‍ ചിലതൊക്കെ വായിച്ചു നോക്കി. കുഞ്ഞില്ലാതിരുന്നവര്‍, അസുഖം ഭേതമായവര്‍, അങ്ങനെ പലരും...!!
* * * * * *
പിന്നെ രണ്ട് നാള്‍ക്ക് ശേഷം ഞാന്‍ തീക്കോയി ക്ലാരമഠത്തില്‍ പോയി. അവിടെ എന്റെ ഒരു വലിയ ഇളയമ്മയുണ്ട്. പ്രായമായിട്ട് വയ്യാണ്ടിരിക്കുകായാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്നെ ചെമ്മലമറ്റത്ത് പഠിപ്പിച്ച ഒരു സിസ്റ്റര്‍ ലിസി ഇവിടെയാണോ എന്ന്. അപ്പോള്‍ അറിഞ്ഞു അതെയെന്ന്. എന്നാല്‍ പിന്നെ ലിസിടീച്ചറെ കണ്ടിട്ട് പോകാമെന്ന് കരുതി പറഞ്ഞപ്പോള്‍ ആണ് ഇളയമ്മ പറയുന്നത്. ലിസിടീച്ചര്‍, അല്‍‌ഫോന്‍സാമ്മയുടെ വിശുദ്ധരുടെ പഥവിയിലേക്കുള്ള നാമകരണചടങ്ങിന് റോമിനു പോകാനിരിക്കയാണെന്ന്. എല്ലാവരില്‍ നിന്നും നറുക്കിട്ട് കുറച്ച് പേരെ തിരഞ്ഞെടുക്കുകയായിരുന്നു. അതില്‍ തീക്കോയി ക്ലാരമഠത്തില്‍ നിന്നും നറുക്ക് വീണത് എന്റെ ഗുരുനാഥയായ സിസ്റ്റര്‍ ലിസിക്കാണെന്ന് അറിഞ്ഞപ്പോള്‍ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. കുറച്ച് സമയം കഴിഞ്ഞ് തീക്കോയി സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കയായിരുന്ന ലിസിടീച്ചര്‍ എന്നെ കാണാനെത്തി മഠത്തിലേക്ക്. കുറെ നേരം ഞങ്ങള്‍ സംസാരിച്ചു. സെപ്റ്റംബര്‍ 30-ആ‍ാം തിയതി ടീച്ചറും മറ്റും റോമിനു പോകുമത്രെ. എനിക്ക് എന്റെ ടീച്ചറിനോടുള്ള സ്നേഹവും ബഹുമാനവും ഒത്തിരി വര്‍ദ്ധിച്ചു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞാണ് ടീച്ചറെന്നെ അനുഗ്രഹിച്ച് യാത്രയാക്കിയത്.
* * * * * *
സഹനത്തിന്റെ പ്രതീകമാ‍യി ജനിച്ച് വളര്‍ന്ന് ജീവിച്ച് മരിച്ച് വിശുദ്ദരുടെ പഥവിയിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന അല്‍‌ഫോന്‍സാമ്മ. അല്‍‌ഫോന്‍സാമ്മേ, എന്റെ കേരളനാടിനു നീയാണമ്മ...!! കാത്തുകൊള്ളേണമേ...!!!

Comments

അല്ഫോന്‍സാമ്മയെ പറ്റിയുള്ള വിവരണം നന്നായി ജോസ്...വളരെ നാളായി ഞാനും പലപ്പോഴായി ഒരുങ്ങുന്നു, ഭരണങ്ങാനത്തേക്കൊന്നു പോകാന്‍..ഇതുവരെ പറ്റീയില്ല...താമസിയാതെ പോകണമെന്ന് കരുതുന്നു..അപ്പോള്‍ ഈ വിവരണം ഒരു സാഹായമായേക്കും..നന്ദി..
Unknown said…
Really nice description of Alphonsamma and Bharananganam Jose.. Keep up the good work.
പതാലി said…
This comment has been removed by the author.
പതാലി said…
ജോസെ,
നന്നായിരിക്കുന്നു. ഇത്തരം ലളിത സുന്ദരമായ കൂടുതല്‍ പോസ്‌റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ജോസ്മോനേ,
രണ്ടു വട്ടം വായിച്ചു നല്ല വിവരണം
ലളിതമായി എന്നാല്‍ വിശദമായ വര്‍ണന,
ആ ഫോട്ടൊ കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ ആശിച്ചു ഒന്നു ഭരണങ്ങാനത്തിനു പോകാന്‍..
അല്‍ഫോന്‍‌സാമ്മയുടെ അനുഗ്രഹം എന്നും
ജോസ്മോന്റെ കൂടെയുണ്ടാവട്ടെ...
Kalpak S said…
മറ്റുള്ളവരോടുള്ള സ്നേഹത്തിനായി സഹനം വ്രതമാക്കിയ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ.വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന അല്‍ഫോന്‍സാമ്മയുടെ ബഹുമാനാര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ നാണയമിറക്കുന്നു. ഭരണങ്ങാനത്തിന് ഒരു അഭിമാനനിമിഷം കൂടി ജോസേ...2009 ഓഗസ്റ്റ് 19ന് നാണയം ഇറങ്ങും.2008 ഒക്ടോബര്‍ 12ന് ആണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി മാര്‍പ്പാപ്പ പ്രഖ്യാപിക്കുന്നത്, അന്ന് നാണയത്തെ പറ്റി ഔദ്യോഗിക അറിയിപ്പുണ്ടാകും.
Aloshi... :) said…
കൊള്ളാം നന്നായിരിക്കുന്നു ജോസേട്ടാ...
ജോസേട്ടന് അല്‍ഫോന്‍സാമ്മയുടെ മുറിയില്‍ ചെന്നപ്പോ തോന്നിയ ഒരു പ്രെത്യേകത എന്നു പറഞില്ലെ ഏ ദിവസങളില്‍ എനിക്കും അങനെ ഒരു അനുഭവമുണ്ടായി.. ഞാന്‍ ആവിലായില്‍ അമ്മ ത്രേസ്യാ താമസിച്ച കോണ്‍‌വെന്റില്‍ പോയിരുന്നു.. അമ്മയുടെ മുറിയില്‍ ചെന്നപ്പോ എന്തോ ഒരു വല്ലത്ത സമധാനം ശാന്തത എന്നൊക്കെ പറയില്ലെ അതുപോലെ... അവര്‍ക്കൊക്കെ ആ അനുഭവം നമ്മളില്‍ നിറക്കാന്‍ കഴിയുന്നുവെന്നതാണ് അവര്‍ വിശുദ്ധരാണ് എന്ന് വ്യ്ക്തിപരമായി പറയാന്‍ നമ്മളെ പ്രാപ്തരാക്കുക്ക... ചില മനുഷ്യ്യരുമായി സംസാരിക്കുമ്പോഴോ ഇടപഴകുമ്പോഴോ തോന്നാറില്ലേ ഒരു ശാന്തത അതു തന്നെ....

Popular posts from this blog

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ................................................... .................................. എല്ലാം നല്ലതിനെന്നു കരുതുക...!” എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!

“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!) ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (9-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും. ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസ