“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!)

ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (8-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും.

ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസിനുകള്‍ വീട്ടില്‍ തമാശക്കായോ അല്ലെങ്കില്‍ ഒരു ജാഡക്കായോ‍ വരുത്തുന്നുണ്ടായിരുന്നവരുടെ മക്കളായ എന്‍റെ ചില കൊമ്പത്തെ ചങ്ങാതികള്‍... ജുറാസിക്ക് പാര്‍ക്ക് എന്ന് വരച്ചല്ല മറിച്ച് കട്ടിംഗ് ആന്‍ഡ് പേസ്റ്റിംഗ് വരെ നടത്തി..., ക്ലാസില്‍ അതിന്റെ പേരിലൊരു എക്സ്ട്രാ ജാഡയും കാട്ടി നടന്നിരുന്ന അന്തകാലം...!! അതാണ് സംഭവത്തിന്‍റെ പശ്ചാത്തലമാക്കിയിരിക്കുന്നത്.

ചേട്ടന്‍ മദ്ധ്യപ്രദേശില്‍ ആണ്. ഏറ്റവും മൂത്ത ചേച്ചി ലൌക്നൌവില്‍. രണ്ടാമത്തെ ചേച്ചി‍ മുംബയിലേക്ക് വണ്ടി കയറിയിട്ട് നാളുകള്‍ ആകുന്നതേയുള്ളു. വീട്ടില്‍ ഇപ്പോള്‍ ഞാനും അമ്മയും അപ്പച്ചനും മാത്രം. ഞാന്‍ രാവിലെ സ്കൂളിലേക്ക് പോകുന്നത് ബസിലാണ്. അന്ന് ബസില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള വണ്ടിക്കുലി 10 പൈസയില്‍ തുടങ്ങുന്നു. എനിക്ക് വീട്ടില്‍ നിന്നും സ്കൂള്‍ വരെയെത്താന്‍ സെയിം 10 പൈസാ മതി. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടും, പിന്നെ മക്കളെ നേരായ വഴിയിലൂടെ നടത്തണമെന്ന അതിയായ ആഗ്രഹം (ഇതിനായിരിക്കും അത്യാഗ്രഹം എന്നു പറയുന്നതും) കൊണ്ടും, എന്നെ എന്നും പറഞ്ഞു വിടുന്നത് 20 പൈസയും തന്ന് വിട്ടാണ്. ഒരു തരത്തിലും അതും ഇതുമൊക്കെ വാങ്ങി ചീത്തയായി പോകരുത് എന്നൊരു നല്ല ഉദ്ദേശമാണ് ഇത്ര കറക്‍ട് കാശ് മാത്രം തന്നു വിടുന്നതിന്റെ പുറകിലെ ഉദ്ദേശം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ദിവസം പോക്കറ്റില്‍ നിന്നും പത്ത് പൈസാ വീണു പോയി... അന്ന് ഞാന്‍ നടന്നാണ് വീട്ടിലെത്തിയത്. അന്ന് അമ്മക്കും അപ്പച്ചനും ഒരു നല്ല ബോധമുദിച്ചതിന്റെ ഭാഗമായി 20 പൈസക്ക് പകരം 30 പൈസാ ആക്കി ഉയര്‍ത്തി എന്നും തന്നു വിടുന്ന ക്യാഷിന്‍റെ കണക്ക്. ഫലമോ... സ്ഥിരമായി എക്സ്ട്രാ 10 പൈസാ കാണാതെ പോകാന്‍ തുടങ്ങി - 5 പൈസായുടെ 2 നാരങ്ങാമിട്ടായി രൂപത്തില്‍.

മുകളില്‍ പറഞ്ഞ അതേ കാരണം വീണ്ടും - വീട്ടിലെ സാമ്പത്തികം, മക്കള്‍ക്ക് നേരായ വഴി..!!! ആയതിനാല്‍ തന്നെ സിനിമ എന്നൊരു പരിപാടി എന്‍റെ ജീവിതത്തില്‍ പലപ്പോഴും സ്വപനം മാത്രമായിരുന്നു അന്ന്. പുതിയ പുതിയ സിനിമകള്‍ കണ്ട് വന്ന് ക്ലാസിലെ ഡെസ്കിനു മുകളില്‍ കയറിയിരുന്ന് കഥ പറയുന്നവര്‍ക്കിടയില്‍ ഞാനെന്നും ഒരു സാധാ കേള്‍വിക്കാരന്‍ മാത്രമായി ഒതുങ്ങി. ചിലപ്പോല്‍ സ്വയവും, ചിലപ്പോള്‍ പിറന്നു വീണ വീടിനേയും എന്റെ അറിവില്ലാത്ത മനസു കൊണ്ട് പ്‌രാകി. ഞായറാഴിച്ച വൈകുന്നേരം റ്റി.വി.യില്‍ ഉള്ള സിനിമ കാണാനും അമ്മയും അപ്പച്ചനും അടുത്ത വീട്ടില്‍ (ഇത്തിരി അകലെയാണേ റ്റി.വി. ഉള്ള അടുത്ത വീട്) വിടില്ല. എന്നാല്‍ ഏതു നേരവും എന്നെ സ്വാതന്ത്ര്യത്തൊടെ പറഞ്ഞു വിടുന്ന ഒരു സ്ഥലമുണ്ടായിരുന്നു... ഞങ്ങളുടെ ഇടവക പള്ളി - സെന്‍റ്‍‍ ജോസഫ് ചര്‍ച്ച്, തിടനാട്. അങ്ങനെ എന്റെ കുരുട്ടുബുദ്ധിയിലെ കുഞ്ഞുബുദ്ധി കൊണ്ട് - പളിയിലേക്കെന്നും പറഞ്ഞ് - ഞാന്‍ ഞായറാഴിച്ചത്തെ സിനിമ അടുത്ത വീട്ടില്‍ നിന്നും ചിലപ്പോള്‍ കാണാന്‍ ആരംഭിച്ചെങ്കിലും, അതുകൊണ്ട് എന്റെ കൂട്ടുകാര്‍ക്കിടയില്‍ ഒരു സ്ഥാനവും എനിക്കു നേടാനായില്ല...!! നാളുകള്‍ കഴിയുന്തോറും എന്റെ മനസില്‍ സിനിമാ ഒരു ഭ്രാന്തായി തുടങ്ങി... കിട്ടാത്ത മുന്തിരിയായിട്ടും..!!!

അങ്ങനെ ഇരിക്കെ ഒരു നാള്‍..., പള്ളിയില്‍ ഇരുന്ന് കൂട്ടുകാര്‍ക്കൊപ്പം -എല്ലാം കോളേജില്‍ പഠിക്കുന്ന ചേട്ടായിമാര്‍- ക്യാരംസ് കളിക്കുന്നതിനിടയില്‍, കൊച്ചച്ചന്‍ (അസ്സി.വികാരി) സജീവിനോടും സാജുവിനോടും ജോസഫിനോടും ഒക്കെയായി പറയുന്നത്: “കോട്ടയത്ത് അഭിലാഷ് തിയറ്റടില്‍ “ജൂറാസിക് പാര്‍ക്ക്” വന്നിട്ടുണ്ട്... നമുക്കൊന്ന് പോയി നോക്കിയാലോ...!!?” എല്ലാവരും ഓകെ എന്ന് പറഞ്ഞു..! മനസു കൊണ്ട് ഞാനും “ഓകെ” എന്ന് പറഞ്ഞെങ്കിലും, പുറത്തേക്ക് എനിക്കൊന്നും പറയാനില്ലായിരുന്നു... കാരണം ആ ചോദ്യത്തിന്റെ ഒരംശം പോലും എന്നൊടായിരുന്നില്ലാ എന്നതു കൊണ്ടും, എന്നെ വീട്ടില്‍ നിന്നും വിടില്ലാ എന്നുറപ്പുണ്ടായിരുന്നതു കൊണ്ടും. അവര്‍ എല്ലാവരും കൂടി വ്യാഴാഴിച്ച പോകാമെന്ന് ഉറപ്പിക്കുകയും ചെയ്ത് പിരിഞ്ഞു. ഞാന്‍ അന്ന് വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോള്‍ എന്റെ മനസ് ആ കൊച്ചച്ചന്റെ ചോദ്യത്തിലായിരുന്നു.... കൂടാതെ ഞാനപ്പോള്‍ തന്നെ മനസു കൊണ്ട് പറഞ്ഞ് ആ “ഓകെ” എന്ന ഉത്തരവും. ആ സ്വപ്നം എങ്ങനെ സത്യമാക്കിയെടുക്കും എന്ന് ചിന്തിച്ച് ചിന്തിച്ച് അവസാനം ഒരു ചെറിയ പ്രത്യാശക്കുള്ള വകുപ്പ് മനസില്‍ ഉണ്ടാക്കി. പിറ്റേന്ന് രാവിലെ ഞാന്‍ പള്ളിയില്‍ കുര്‍ബാനക്ക് പൊയി... (ബുദനാഴിച്ച) കൊച്ചച്ചനെ നേരിട്ട് കണ്ട് ചെറുതായി സോപ്പൊക്കെ ഇട്ട് ഞാന്‍ ചോദിച്ചു...”അച്ചാ, നാളെ സിനിമ കാണാം ഞാനും പോരെട്ടെ...??” വികാരിയച്ചനോട് നുണ പറഞ്ഞാണ് കൊച്ചച്ചന്‍ ഈ പരിപാടിക്ക് പോകുന്നത് അത് അറിയാവുന്ന എന്നെ കൊണ്ടു പോകുന്നതാണ് ബുദ്ധി എന്നു തോന്നിയിട്ടാവാം അച്ചന്‍ സമ്മതിച്ചു... വിത്ത് എ കണ്ടീഷന്‍ “ആരോടും പറയരുത്.. അച്ചന്റെ കൂടെയാ പോയത് എന്ന്...” ഞാന്‍ സമ്മതിച്ച് വീട്ടിലേക്ക് ഓടി.... ഇനി വീട്ടിലും കൂടി സമ്മതിക്കണോല്ലോ എന്ന് ചിന്തിച്ച്...!!!

വീട്ടില്‍ ചെന്ന് കാര്യം ഇങ്ങനെ അവതരിപ്പിച്ചു: “അതേ ഇന്ന് കൊച്ചച്ചന്‍ പറഞ്ഞു, നാളെ കോട്ടയത്ത് ജൂറാസിക് പാര്‍ക്ക് എന്ന സിനിമാ കാണാന്‍ അച്ചനും സജീവും ഒക്കെ പോകുവാ.. എന്നോടും ചെല്ലാന്‍ പറഞ്ഞു...” അമ്മ അപ്പോള്‍ തന്നെ എതിര്‍ത്തു...”കോട്ടയത്തോ... ഹേയ് വേണ്ടാ വേണ്ടാ...!!” ഞാന്‍ കരഞ്ഞു പറഞ്ഞു... സമ്മതിച്ചില്ലാ... അങ്ങനെ കരഞ്ഞ് കരഞ്ഞ് ഞാന്‍ അന്നും സ്കൂളില്‍ പോയി. വൈകിട്ട് വന്ന് വീണ്ടും കരഞ്ഞു, നിലവിളിച്ചു, അലറി, അലറിക്കരഞ്ഞു. എന്തായാലും ഇതിലെന്തിലോ ഒന്നില്‍ അപ്പച്ചന്‍ വീണു... സമ്മതിച്ചു. ഞാന്‍ പിന്നെ അലറിച്ചിരിച്ചു മനസില്‍...!! ബ്‌ഹാ...ഹാ...ഹാ....!!!!

പിറ്റേന്ന് അച്ചന്‍ പറഞ്ഞിരുന്നതനുസരിച്ച്, പള്ളിയുടെ മുന്നിലെ ബസ് സ്റ്റോപ്പില്‍ രാവിലെ ഒന്‍പതേകാലോടെ ഞാന്‍ റെഡിയായി നിന്നു. പിന്നെ ഓരോരുത്തരായി വന്നു. അവസാനം കൊച്ചച്ചനും വന്നു... വികാരിയച്ചനോട് കള്ളം പറഞ്ഞിറങ്ങിയപ്പോള്‍ താമസിച്ചു പോയെന്ന കാരണം സത്യം സത്യമായി പറയുകയും ചെയ്തു. ഒന്‍പതരക്ക് ഒരു പാലാ ബസ് ഉണ്ട്. അതിനായി ഞങ്ങള്‍ കാത്തു നിന്നു. ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ എന്റ് സ്കൂളിലെ എന്റെ ഡ്രില്‍ ടീച്ചര്‍ (പള്ളിയുടെ പുറകിലാണ് ടീച്ചറിന്റെ വീട്) ബസ് കയറാനായി വന്നു. ഞാന്‍ ആദ്യം ഒന്ന് നടുങ്ങിയെങ്കിലും... ഉള്ള ധൈര്യം കെട്ടിപ്പിടിച്ച് നിന്നു..! ടീച്ചര്‍ എന്നെ കണ്ടതും: നീയെങ്ങോട്ടാ വാഴേ...? സ്കൂളില്‍ വരുന്നില്ലേ..?!” ഞാന്‍ സത്യം പറഞ്ഞു..: “ഇല്ലാ... ഞങ്ങള്‍ കോട്ടയത്തിനു പോകുവാ സിനിമാ കാണാന്‍”. ടീച്ചര്‍ എന്നെ തുറിച്ച് നോക്കി പറഞ്ഞു... “സ്കൂള്‍ കളഞ്ഞ സിനിമക്ക് പോകുന്നോ...?” “ടീച്ചറെ ജൂറാസിക് പാര്‍ക്ക് കാണാനാ...!! ഒരവസം കിട്ടിയതാ ഇവരുടെ കൂടെ... അതു കളഞ്ഞാന്‍ പിന്നെ കാണാന്‍ പറ്റില്ലാല്ലോ.... നമ്മുടെ ഇവിടെ വരുവോന്ന് അറിയില്ലാല്ലോ..!!!” ജൂറാസിക് പാര്‍ക്ക് എന്നു കേട്ടപ്പോ ടീച്ചര്‍ ഒന്ന് തണുത്തു... “ങ്ഹാ ഹാ... എന്നാ കണ്ടിട്ടു വാ... കഥ പറയണേ...!! അല്ലാ..., അച്ചനും പോകുവാണോ പിള്ളേരുടെ കൂടെ...?” “ഹേയ്... എനിക്ക് പാലാ വരെ ഒന്ന് പോകണം.... ഇവിടെ വന്നപ്പൊളാ ഇവരെ കണ്ടത്...” അച്ചന്‍ കൂസാതെ പറഞ്ഞു. പിന്നെ സമയാസമയങ്ങളില്‍ കിട്ടിയ ബസില്‍ ഞങ്ങള്‍ കോട്ടയത്തെത്തി... അഭിലാഷ് തിയറ്ററിന്റെ വെള്ളിത്തിരയില്‍ ഞാനും അച്ചനും കൂട്ടുകാരും സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ആ വിസ്മയം ചിത്രം കണ്ണിമക്കാതെ കണ്ടിറങ്ങി. ഇടക്കൊക്കെ ഞാന്‍ ചെറുതായി പേടിച്ചു എന്നുള്ളത് ഇന്നുവരെ എനിക്കു മാത്രമറിയാമായിരുന്ന ഒരു സത്യം. ജൂറാസിക്ക് പാര്‍ക്കിന്റെ ഹാങ്ങോവറില്‍ ഞാന്‍ പിന്നെ അങ്ങട് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു.

തിരിച്ച് ബസില്‍ പോരുമ്പോള്‍, നാളെ സ്കൂളില്‍ കൂട്ടുകാരോട് എങ്ങനെ കഥ പറയണം എന്നതിന്റെ ഒരു റിഹേഴ്സല്‍ തന്നെ നടത്തി. വീട്ടില്‍ എത്തി ആ വിസ്മയ കഥ പല ആംഗിളില്‍ പറഞ്ഞ് അമ്മയേയും അപ്പച്ചനേയും ജീവനോടെ കൊല്ലാകൊല നടത്തി. പിറ്റേന്ന് റ്റി.വി.യില്‍ കണ്ടിട്ടുള്ള കോമ്പ്ലാന്‍ കുടിച്ച കുട്ടിയേ പോലെ നൂറിരട്ടി ഉന്മേഷവാനായി ഞാന്‍ സ്കൂളിനേ ലക്ഷ്യമാക്കി യാത്രയായി. എല്ലാവര്‍ക്കും മുന്‍പേ ഞാന്‍ ക്ലാസിലെത്തി. പിന്നെ വന്നു കയറിയ ഒരോരുത്തരോടായി പറഞ്ഞു: “ഞാനിന്നലെ ജൂറാസിക് പാര്‍ക്ക് കണ്ടു..” എന്നാല്‍ ഫലം രാം ഗോപാല്‍ വര്‍മ്മയുടെ ആഗ് (ഷോലെ) പോലെ..., പ്രതീക്ഷകളെ കീഴ്മേല്‍ മറിച്ച്, നൂറു നിലയില്‍ പൊട്ടി എന്റെ സ്വപ്നങ്ങള്‍..!!! “മലയാളത്തിലുള്ള ഒരു നല്ല സിനിമ പോലും മര്യാദക്ക് കണ്ടിട്ടില്ലാത്ത നീയാ കോട്ടയത്ത് പോയി ജൂറാസിക് പാര്‍ക്ക് കണ്ടെന്ന് പുളുവടിക്കുന്നത്...!!?? ഞങ്ങള്‍ ഇത് വിശ്വസിക്കാന്‍ മാത്രം പൊട്ടന്മാരല്ലടാ വാഴേ....!!” “നീയേതെങ്കിലും സിനിമാ മാസികയില്‍ കഥ വായിച്ചു കാണും” എന്നൊക്കെയുള്ള രീതിയില്‍ ഉള്ള കമന്റുകളല്ലാതെ ഒരാള്‍ പോലും എന്റെ കഥ കേള്‍ക്കാന്‍ തയ്യാറായില്ല...! എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. എന്നാല്‍....!!

വെള്ളിയാഴിച്ചത്തെ നാലാമത്തെ പീരിയഡ്... ടീച്ചര്‍ കടന്നു വന്നു.. ഡ്രില്‍ ടീച്ചര്‍...!!! എല്ലാവരും എഴുന്നേറ്റ് “ഗുഡ് മോര്‍ണിംഗ് ടീ‍ീച്ചാ‍ാര്‍..” എന്നുറക്കെ അലറിക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ അദ്യം ചോദിച്ചതിങ്ങനെയാണ്... “അല്ലാ... വാഴെയെന്തിയേ...!!???” ഞാന്‍ എഴുന്നേറ്റ്...., ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ചു. അപ്പോള്‍ വന്നു ടീച്ചറിന്റെ അടുത്ത ചോദ്യം.. “ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു ജൂറാസിക് പാര്‍ക്ക്...?” കൂട്ടുകാര്‍ ഒന്ന് നടുങ്ങുന്നത് ഞാന്‍ കണ്ടു. എന്റെ തല മാനം മുട്ടുമെന്ന് എനിക്കപ്പോള്‍ തോന്നി. “നല്ലതായിരുന്നു.... എനിക്കൊത്തിരി ഇഷ്ടപ്പെട്ടു...!! പറ്റിയാല്‍ പോയി കാണണം ടീച്ചറെ..!!” എന്നൊക്കെ അടങ്ങിയ ഒരു നല്ല ഉത്തരവും പിന്നെ വന്ന ചോദ്യങ്ങള്‍ക്ക് സ്പില്‍ബര്‍ഗിനേക്കാള്‍ ആ സിനിമയേക്കുറിച്ച് അറിവുണ്ടെനിക്ക് എന്ന ഭാവത്തിലും ഞാന്‍ ഉത്തരങ്ങള്‍ കാച്ചി. ആ പീരിയഡ് കഴിഞ്ഞ് ഉച്ചഭക്ഷണസമയം ഒരു മണിക്കൂര്‍...!!! ഞാന്‍ ഡസ്കിനു മുകളില്‍...! കൂട്ടുകാര്‍ പലയിടങ്ങിലായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഞാന്‍ കഥ പറയുകയാണ്... ഞാനെങ്ങനെ കഥ പറഞ്ഞാലും എല്ലാവരും സ്വീകരിക്കാന്‍ തയാറാണ്. ഒരു പക്ഷെ ഞാനന്ന് പറഞ്ഞ കഥ സ്പില്‍ബര്‍ഗ് കേട്ടാല്‍ ഒരു പക്ഷെ പുതിയ ഒരു സിനിമ തന്നെ പിടിച്ചെന്നും വരാം. ഇംഗ്ലീഷിന് 3 മാര്‍ക്കെന്ന നേട്ടങ്ങള്‍ വരെ കിട്ടിയിട്ടുള്ള ഞാനാണ് ഒരു ഇംഗ്ലീഷ് സിനിമയുടെ കഥ ഡയലോഗ്സ്-റ്റു-ഡയലോഗ്സ് പറഞ്ഞ് ഫലിപ്പിച്ച് അന്ന് കയടി നേടിയത്. അന്നെനിക്ക് മനസിലായി സിനിമാ കഥ പറഞ്ഞ് ആളാവുന്നതിന്റെ ഒരു സുഖം. പിന്നീട്... മഹാന്മാരുടെ കാര്യങ്ങളില്‍ പറയുമ്പോള്‍ ഉപയോഗിക്കുന്ന വാക്ക് ഉപയോഗിച്ച് പറഞ്ഞാല്‍... പില്‍ക്കാലങ്ങളില്‍ മുകളില്‍ പറഞ്ഞ ആ സുഖം ഒരു അസുഖം ആയി എന്നില്‍ ഉടലെടുത്തു.

അങ്ങനെ.., ആ ജൂറാസിക്ക് പാര്‍ക്കിന്റെ ബാക്കി കഥയായി....., പാവം അമ്മ തയിക്കുന്നതിന്റെ കൂലി ഞാന്‍ പലയിടത്തും നിന്നും അമ്മയറിയാതെ കളക്ഷന്‍ ആരംഭിച്ചു. എന്നിട്ട് അതുമായി പാലാ മഹാറാണി, യുവറാണി, യൂണിവേഴ്സല്‍, എന്നിവടങ്ങളില്‍ നിരങ്ങിയിറങ്ങി. (പാലാ ടൌണിനെക്കുറിച്ച് കൂടുതലറിയാവുന്നവരോട്... “പാലാ ന്യൂ തിയറ്ററി“ല്‍ ‍ ഞാനിതുവരെ കയറിയിട്ടില്ലാ... മൂന്ന് വട്ടം സത്യം.) ഒരു ദിവസം രണ്ടു പടം എന്ന് രീതിയില്‍ കണ്ട്, പിറ്റേന്ന് ഞാന്‍ നിര്‍ബന്ദമായും സ്കൂളില്‍ പോയിരുന്നു. കഥ പറയാനായി മാത്രം. സ്കൂള്‍ ഡയറിയില്‍ സ്വയം എഴുതി അപ്പച്ചന്റെ അക്ഷരങ്ങളായി...! അങ്ങനെ അപ്പച്ചന്റെ ഒപ്പ് അപ്പച്ചനെക്കാല്‍ നന്നായി ഇടാന്‍ പഠിച്ചു. അങ്ങനെ ചില ദിവസങ്ങളില്‍ കണ്ട പടം തന്നെ പല തവണ കാണേണ്ടി വന്നു...! “സൈന്യം, കാതലന്‍ തുടങ്ങിയ പടങ്ങള്‍ ഞാനങ്ങനെ പലതവണ കണ്ടതില്‍ ചിലത് മാത്രം. ഇടക്കിടെ വീട്ടില്‍ പിടിക്കപ്പെട്ടു. എന്നാലും എന്നിലെ ആ‌-സുഖം കുറഞ്ഞില്ലാ...!!! സ്കൂളില്‍ പോക്ക് ഒന്നരാടന്‍ എന്നുള്ളത് രണ്ടു ദിവസം കൂടുമ്പോള്‍ എന്ന രീതിയിലേക്ക് മാറി. പിന്നെ പ്രശ്നങ്ങള്‍ നാടും നാട്ടാരും സ്കൂളും കോമ്പൌണ്ടും അറിഞ്ഞു. ഞാന്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി..! വാഴ തലതെറിച്ചവനായി...!! പലരും ഡോമിനിക് സാവിയോ എന്ന് വിശേഷിപ്പിച്ചിരുന്ന വാഴയിലെ ജോസ്മോന്‍ അങ്ങനെ തല്ലിപ്പൊളിയായി...!!! (അത് ചിലര്‍ മുതലെടുത്തു.... അത് മറ്റൊരു കഥയായി പിന്നെ പറയാം..) പഠിത്തം മുടങ്ങി...!! ഞാന്‍ ഇനി ചെമ്മലമറ്റം സ്കൂളിലേക്ക് പോകില്ലാ എന്ന് അവസാനം വാശി പിടിച്ചു...! ആ അവസ്ഥ എത്തി. പിന്നെ അവിടെ നിന്നും മാറി തിടനാട് ഗവണ്‍മെന്റ് സ്കൂളില്‍ പഠിക്കാമെന്നേറ്റ് ടി.സി. വാങ്ങിക്കാന്‍ ശ്രമിച്ചെങ്കിലും എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന ചില ടീച്ചര്‍മാര്‍ സമ്മതിച്ചില്ലാ...!!

അവസാനം ചേട്ടായിയുടെ ബുദ്ധി വച്ച്, ഞങ്ങള്‍ മദ്ധ്യപ്രദേശിലേക്ക് കുടിയേറി...!!! ഇന്ന് ചിന്തിക്കുമ്പോള്‍... സംഭവിച്ചതെല്ലാം നല്ലതിന്...!! അല്ലായിരുന്നെങ്കില്‍ ഞാനിന്ന് നാ‍ട്ടില്‍ നാട്ടുകാരുടെ തല്ലും കൊണ്ട്, വല്ല കൂലിപ്പണി ചെയ്തോ, വല്ലവന്റേം റബര്‍ വെട്ടിയോ നടന്നേനെ...!!! കള്ളനെന്നോ തല്ലിപ്പൊളിയെന്നോ നാമകരണവും കിട്ടിയേനെ... ഉറപ്പ്...!!!

നീ പറഞ്ഞ പന്തല്‍..., നിനക്കായി തന്നെ...!!!

ജോബി... ജോബിക്കുട്ടന്‍ എന്നു വിളിക്കുന്ന ജോബി...!!! അവനെനിക്ക് സ്വന്തം ചേട്ടനായിരുന്നു...! അതിലേറെ ഒരു സുഹൃത്തായിരുന്നു...! എനിക്കവനും അവന് ഞാനും മനസാക്ഷി സൂക്ഷിപ്പുകാരായിരുന്നു...! അവന് രണ്ട് ഇളയ പങ്ങമ്മാ‍രുണ്ട്... കുഞ്ഞുമാളിയും മുത്തും (മുത്ത് ഇപ്പോള്‍ കന്യാസ്ത്രീയായി) എന്ന് ഞങ്ങള്‍ വിളിക്കും...! അവന്റെ പപ്പാ, അതായത് എന്റെ അമ്മാവന്‍... ജോണിയച്ചന്‍ എന്ന് ഞാന്‍ വിളിക്കുന്ന ജോണി പടിഞ്ഞാറിടത്ത്... പിന്നെ അവന്റെ മമ്മി.., എന്റെ അമ്മായി... ഒത്തിരി സ്നേഹിക്കാനറിയാവുന്ന ഒരു നല്ല കൂട്ടുകാരിയെപോലെ ആയിരുന്നു അമ്മായി. മൂലമറ്റത്തിനടുത്ത് കാഞ്ഞാറാണ് ജോബിയുടെ വീട്. അവധിക്കാലം വന്നാല്‍ എന്‍റെ കൂടുതല്‍ ദിവസങ്ങളും അവിടെയായിരിക്കും... അല്ലെങ്കില്‍ ജോബി എന്റെ വീട്ടിലേക്ക് വരും...!!

ഓണവും ക്രിസ്തുമസും വലിയ അവധിയുമൊക്കെ ഞങ്ങള്‍ ഒരുമിച്ച് കടന്നു പോന്നു. ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയില്‍ ഞാന്‍ മദ്ധ്യപ്രദേശിലെത്തി. അവന്‍ സ്വന്തമായി ഒരു ഓട്ടോ റിക്ഷാ വാങ്ങി അതുമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു വിജയക്കൊടി പാറിക്കാനൊന്നും അവന് അ ഓട്ടോ കൊണ്ട് കഴിഞ്ഞില്ല...!! കൂട്ടുകാരെല്ലാം ഓട്ടോ ഓടിക്കാന്‍ പഠിച്ചു... എല്ലാ ദിവസവും തന്നെ സെകന്‍ഡ്ഷോ കാണാന്‍ കൂട്ടുകാര്‍ക്കെല്ലാം പോകാനൊരു എളുപ്പവഴിയുണ്ടായി... പിന്നെ ഇടക്കിടെ മൂലമറ്റം കള്ളൂഷാപ്പിലോ... കോളപ്ര കള്ളുഷാപ്പിലേക്കോ ഒരോട്ടം.. അതിനു കാശായിട്ടല്ല... കള്ളായിട്ടായിരുന്നു പ്രതിഫലം ലഭിക്കുക. ഇതൊക്കെയെ അവന്റെ ഓട്ടോ വഴി നടന്നുള്ളൂ. ഒരു പക്ഷെ അവനിലെ തമാശക്കാരനായ സ്നേഹസമ്പന്നതയാവണം ഇങ്ങനെയൊക്കെയാക്കിയത്. എന്നാലും അവനെല്ലാര്‍ക്കും കണ്ണിലുണ്ണീയായിരുന്നു. അങ്ങനെ... പിന്നിട് എന്റെ ചേട്ടായി വഴി അവന് മദ്ധ്യപ്രദേശില്‍ ഒരു ജോലി ശരിയാക്കി കിട്ടി.

അവന്‍ വീട്ടില്‍ വന്നാല്‍.. അമ്മയേ... ചാച്ചിയേ എന്ന് വിളിച്ച് ഓടി വന്ന് കെട്ടിപ്പിടിച്ച് എടുത്ത് പൊക്കി നടക്കും... അതായിരുന്നു അവന്റെ സ്റ്റയില്‍...!! വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവന്‍ അവരെ കളീപ്പിച്ച് കളിപ്പിച്ച് ഒരു കുട്ടിക്കെങ്കിലും ഇത്തിരി ഇന്‍‌ജുറി ഉണ്ടാക്കി വല്ലാത്ത ഒരു കരച്ചില്‍ ഒക്കെ ഉണ്ടാക്കിയെ അടങ്ങൂ... എന്നാലും അവനെ കുട്ടികള്‍ക്കിഷ്‌ടവുമായിരുന്നു...! എന്‍റെ ചേട്ടന്‍റെ നാലു കുട്ടികള്‍ക്ക് ജോബിപപ്പന്‍ എന്നു വച്ചാല്‍ ജീവനായിരുന്നു. എല്ലാവരുടേയും തന്നെ കൈയിലും കാലിലും ഒക്കെ അവ്ന്റെ ഓര്‍മ്മകളാവുന്ന മുറിപ്പാടുകള്‍ ഉണ്ട് താനും..!!! ഏറ്റവും മൂത്തവന്റെ താടിയില്‍ ഒരു നല്ല മുറിപ്പാട് തന്നെ ഉണ്ട്... ചോദിച്ചാല്‍ അവന്‍ - ഡെബിന്‍ - പറയും “ജോബിപ്പാപ്പന്റെ കൂടെ കട്ടിലില്‍ കിടന്ന് ഗുസ്തി കൂടിയതാ... ഞാന്‍ കട്ടിലില്‍ നിന്ന് താഴെ വീണൂ.. അപ്പോ മുറിഞ്ഞതാ...” എന്നിട്ട് നീ കരഞ്ഞില്ലേടാ അപ്പോ..? എന്നുള്ളതിനുത്തരം... “ഹേയ്... ഞാനന്നേരം കണ്ടില്ലാ.. പിന്നെ ജോബിപ്പാപ്പനാ പറഞ്ഞത്.. ചോര വരുന്നൂന്ന്...” ഒരു നിമിഷം മൌനമായതിനു ശേഷം അവന്‍ പറയും “എന്തു രസായിരുന്നല്ലേ...അന്നൊക്കെ....”

അതവിടെ നില്‍‌ക്കട്ടെ...!!!

2006, ഫെബ്രുവരി മാസം, ജോബി മദ്ധ്യപ്രദേശില്‍ നിന്നും വിളിച്ചു... “എടാ... മൈ#$%*$#**, *^%$#*@, നിനക്കിടക്കെന്നെ ഒന്ന് വിളിച്ചാലെന്താ...!?“ എടാ സമയം കിട്ടിയില്ലടെ..!! “എന്നാല്‍ അതേയ് ഞാന്‍ വിളിച്ചത്... നമ്മടെ കുഞ്ഞുമാളിടേ കല്യാണമാ.. നീ വന്നേക്കണം ഒരാഴ്ച്ചയെങ്കിലും മുന്‍പേ...” ഞാ‍ന്‍ വരാമെടാ എന്നുറപ്പു പറഞ്ഞു...! അന്ന് മുത്ത് കന്യാസ്ത്രീയാവാന്‍ പോയിട്ട്... നോഷീറ്റിലാണ് (അവസാനത്തെ രണ്ടു വര്‍ഷത്തേ കഠിന സന്യാസ വൃതപരിശീലനം) അന്ന്. ആ‍യതുകൊണ്ട് മുത്ത് കല്യാണത്തിനു വരില്ലാ എന്നും അവന്‍ പറഞ്ഞ് ഫോണ്‍ വച്ചു. അവധി വലിയ കഷ്‌ടപ്പെട്ടാണ് കിട്ടിയത്. കല്യാണത്തിന് മൂന്ന് നാള്‍ മുന്‍പ് ഞനവന്റെ വീട്ടില്‍ ചെന്നു. കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ എനിക്ക് ബോംബെയ്ക്ക് മടങ്ങണം...!!

കുഞ്ഞുമാളിയുടെ കല്യാണം പ്രമാണിച്ച് അവന്റെ വീട് മോടി പിടിപ്പിക്കുന്ന തിരക്ക് കഴിഞ്ഞിരുന്നു. മുറ്റം കുറച്ച് ശരിയാക്കാനുണ്ട്. മുറ്റത്ത് ഒരു കല്ല് ഇത്തിരി ഉയര്‍ന്ന് കാണാം. അത് അവിടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഉപേക്ഷിച്ചെങ്കിലും ജോബി എന്നെ ചൂട് കേറ്റി ജോണിയച്ചനേം കൂട്ടി ഞങ്ങള്‍ ആ കല്ല് പൊട്ടിച്ചോ, കുഴിച്ചോ എടുത്തു കളയാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ പണിയാരംഭിച്ചു. തമാശകളാല്‍ മുഖരിതമായിരുന്നു പണീ. (അതൊന്നും ഇവിടെ കുറിക്കുന്നില്ലാ..! മറ്റു ചിലത് മാത്രം കുറിക്കട്ടേ..)
ജോണിയച്ചന്‍: “ഇപ്പോള്‍ ഈ കല്ലങ്ങട് മാറി കിട്ടിയാല്‍ പിന്നെ മുത്തിന്റെ ഊടുപ്പിടീലിനും, ജോബീടെ കല്യാണത്തിനും ഒക്കെ നല്ലതായിരിക്കും.”
ജോബി: “ഞാനെങ്ങും കെട്ടുന്നില്ലാ...!!”
ഞാന്‍: “അല്ലേലും നിനക്കാരാടാ പെണ്ണു തരികാ..?”
ജോബി: “പിന്നെ, ഈ കല്ല് മാറ്റിയാല്‍ നന്നായിട്ട് ഒരു പന്തല് കെട്ടാന്‍ പറ്റും.”
ജോണിയച്ചന്‍: “നീ കെട്ടുന്നില്ലേല്‍ പിന്നെ എന്തിനാ പന്തല്..?”
ജോബി: “ചത്താലും പന്തലു കെട്ടണമല്ലോ...”
ജോണിയച്ചന്‍: “അതിന് നിന്നെപോലെയുള്ള പാപികള്‍ ഒന്നും പെട്ടന്ന് ചാവില്ലെടാ..”
ഞാന്‍: “അതേ..., നീയങ്ങനെ പെട്ടന്ന് ചാവില്ലെടാ..., നീയൊക്കെ അനുഭവിക്കന്‍ കിടക്കുന്നതല്ലേ ഉള്ളൂ..., എല്ലാം അനുഭവിച്ചിട്ടെ നീയൊക്കെ ചാവൂ..”
ജോബി: “ഹോ... അപ്പോ ഈ കല്ലെടുക്കുന്നത് വെയിസ്റ്റാവുമോ...?”
എന്തായാലും ഞങ്ങള്‍ ആ കല്ല് കുഴിച്ചെടുത്ത് മാറ്റിയിട്ടു. പുറക് വശത്തേക്ക് ഉരുട്ടി മാറ്റി അവിടെ നല്ല ഒരു ഇരിപ്പിടമാക്കി ആ കല്ല്.

കുഞ്ഞുമാളിയുടെ കല്യാണം കെങ്കേമമായി നടന്നു. അന്ന് വൈകുന്നേരം ഞങ്ങള്‍ മൂന്ന് പേര്‍ - ജോബി, ഞാന്‍, പിന്നെ ജോബിയുടെ ഒരു ഉറ്റ സുഹൃത്ത് ജോജോ - കോളപ്ര കള്ളുഷാപ്പില്‍ ജോജോയുടെ ഓട്ടൊയില്‍ പോയി. വഴിക്ക് വച്ച് പെരുമ്പാമ്പിനെ കണ്ടത് പിന്നിട് വാര്‍ത്തയായിരുന്നു. കോളപ്ര കള്ളുഷാപില്‍ ചെന്ന് കപ്പയും മീനും കഴിച്ചു. പിന്നെ മൂലമറ്റത്തിനു വിട്ടു. ഒരു പൈന്റ് വാങ്ങി മൂന്നാക്കി വീശി. എന്നിട്ട് തിരിച്ച് വന്ന്, കാഞ്ഞാര്‍ പാലത്തിനടിയില്‍ കുളിക്കാന്‍ തീരുമാനിച്ചു. അവിടെ പുല്ലില്‍ ഇരുന്ന് വിശേഷങ്ങള്‍ പറഞ്ഞു. ഇടക്ക് ജോബി: “അങ്ങനെ കുഞ്ഞുമാളിയുടെ വലിയൊരാഗ്രഹം സാധിച്ചു കൊടുത്തു... അവളുടെ വലിയൊരു ആഗ്രഹമായിരുന്നു.. വെളുത്ത സാന്‍‌ട്രോ കാറില്‍ വേണം കല്യാണത്തിനു പോകാനെന്ന്... എല്ലാം നടന്നു...! ഇനി മുത്ത്... അവളുടെ ഉടുപ്പിടീലും കഴിഞ്ഞ് ചത്താലും വേണ്ടില്ലടാ...!!” ഞാനും ജോജോയും ഒന്നിച്ച് പറഞ്ഞു... “അതും നമ്മള്‍ അടിച്ചു പൊളിക്കുമെടാ...!” ജോബി: “മദ്ധ്യപ്രദേശില്‍ നിന്നും ഒരുത്തന്റെ കയില്‍ നിന്നും മുപ്പതിനായിരം രൂപ പലിശക്ക് വാങ്ങിയാ ഞാന്‍ വന്നത്...! ഇനി ചെന്നിട്ട് കഷ്‌ടപ്പെട്ട് പണിയണം... ആ കടം തീര്‍ക്കണം....! മുത്തിന്റെ ഉടുപ്പിടീലിനു (സഭാവസ്ത്രം ലഭിക്കുന്ന ദിനം) പിന്നെയും വാങ്ങണമല്ലോ...!!!” ഞങ്ങള്‍ ചിരിച്ചു..! പിന്നെ ഇറങ്ങി കുളിച്ചു... ജോജോയുമായി ഒരു ഫുള്ളിന് പന്തയം വച്ചു... ആറ് നീന്തി കടന്നാല്‍ ഒരു ഫുള്‍. അങ്ങനെ ജോജോ ആറ് നീന്തി കടന്ന് വന്നു. എന്റെ കാശ് പോയി. നന്നായി വീണ്ടും വീശി. പിറ്റേന്ന് ഞാന്‍ മുംബയിക്ക് വണ്ടി കയറി.

ഫെബ്രുവരി 12 ഞായറാഴിച്ച, ഞാ‍നും എന്റെ ഉറ്റസുഹൃത്ത് ഷില്‍‌സും കൂടീ. എന്റെ ഒരു അകന്ന ബന്ധത്തിലുള്ള പെങ്ങളെ കാണാന്‍ പോയതായിരുന്നു. അവിടെ വച്ച്, എന്റെ മറ്റൊരു കസിന്‍, അഭിലാഷ് വിളിച്ചു: “എടാ.., അവിടുന്ന് നാട്ടിലെത്താന്‍ എത്ര സമയം എടുക്കും...?”
ഞാന്‍: “24-26 മണിക്കുറ്....! എന്തു പെറ്റിയെടാ..?!”
അഭിലാഷ്: “എന്നാല്‍ നീയെത്രയും പെട്ടന്ന് അടുത്ത വണ്ടിക്ക് കയറാന്‍ നോക്ക്... ഫ്ലയിറ്റിനു പറ്റുമെങ്കില്‍ അങ്ങനെ...!“
ഞാന്‍: ”അതിനിപ്പോ എന്തു പറ്റി...?”
അഭിലാഷ്: “എടാ, നമ്മുടെ ജോബി... പോയെടാ...”
ഞാന്‍: “ങ്ഹാ.. എനിക്കറിയാം... ഇന്ന് അവന്‍ തിരിച്ചു പോകുമെന്ന് എന്നോട് പറഞ്ഞാരുന്നു...”
അഭിലാഷ്: “അതല്ലെടാ... ജോബിക്കുട്ടന്‍ നമ്മളെ വിട്ടു പോയെടാ...”
എനിക്കെന്തോ തമാശ കേട്ട പോലെ തോന്നി... “ങ്ഹേ.. പോടാ‍ ഒന്ന്... നീയിതെന്തോന്നാ പറയുന്നെ...!!? ഞാനവനോട് ഇന്നലേം മിണ്ടിയതലല്ലേ...!!”
അഭിലാഷ്: “അവനൊരു കൂട്ടുകാരന്റെ കൂടെ ബൈക്കില്‍ മൂലമറ്റത്തിനു പോയതാരുന്നു... അവിടെ വച്ച്.. ബൈക്ക് മണലില്‍ സ്ലിപ്പായി... അവന്‍ തല ഇടിച്ചാ വീണത്...! രണ്ടു പേരും ഇത്തിരി വെള്ളത്തിലായിരുന്നത്രേ...!!! ഓണ്‍-ദ-സ്പോട്ടില്‍ അവന്‍ പോയെടാ...”
എനിക്ക് തല കറങ്ങുന്നത് ഞാനറിഞ്ഞു...!! അഭിലാഷ് വീണ്ടും പറഞ്ഞു...”എടാ നീ തളരരുത്... എത്രയും പെട്ടന്ന് നീയവിടുന്ന് വണ്ടി കയറിക്കോ...!!

പിന്നെ ഒരോട്ടപ്പാച്ചിലായിരുന്നു... എല്ലാത്തിനും -മാനസികമായും, പണമായും, ശാ‍രീരികമായും- ഷി‌ല്‍‌സ് സഹായിച്ചു. രാത്രി പനവേലില്‍ നിന്നും ഒരു ട്രയിന്‍ കിട്ടി. പിറ്റേന്ന് ഉച്ചയായപ്പോഴേക്കും നാട്ടില്‍ കടന്നു... എന്നാല്‍ ഇനിയുമൂണ്ട് ദൂരം. ഇടക്ക് അഭിലാഷിനെ വിളിച്ചു. എനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് അവനോട് പറഞ്ഞെങ്കിലും സാഹചര്യങ്ങള്‍ അനുവദിക്കില്ലായിരുന്നു. ജോബിയുടെ മുഖത്തിന്റെ ഒരു വശം അപകടത്തില്‍ ശരിക്കും മുറിഞ്ഞിട്ടുണ്ട്.. അയതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞു കൂടുതല്‍ സമയം വയ്ക്കേണ്ടാ എന്ന്. അതു മാത്രമല്ല..., വീട്ടിലെ രംഗങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. പലരും എന്നെ വിളിച്ചു പറഞ്ഞു... “എടാ.., നിനക്കായി കാത്തു നില്ക്കണമെന്നുണ്ട്.. കഴിയുന്നില്ലാ...!! നീ ഒന്നും പറയരുത്...” - ഞാന്‍ ഒന്നും പറഞ്ഞില്ലാ‍...!!! വാക്കുകളില്ലാതെ എന്തു പറയാന്‍...!!!

അന്ന് രാത്രി, 12 മണിയോടെ ഞാന്‍ ആലുവായില്‍ വണ്ടി ഇറങ്ങി. ഷില്‍‌സ് പറഞ്ഞു വച്ചിരുന്നതനുസരിച്ച്, അവന്റെ അനിയനും കൂട്ടുകാ‍രനും കൂടി വണ്ടിയുമായി വന്നു. എന്നെ മൂലമറ്റത്ത്, കാഞ്ഞാറ്റിലെത്തിച്ചു... 2 മണിയായപ്പോഴേക്കും. എല്ലാവരും ഉറങ്ങാനുള്ള വിഫലശ്രമത്തിലായിരുന്നു. അമ്മായി കിടന്ന് തളര്‍ന്നുറങ്ങിയിരുന്നു. എന്നെ എല്ലാരും പുറത്ത് തന്നെ തടഞ്ഞു നിറുത്തി... അമ്മായി കണ്ടാല്‍ പ്രശ്നമാകുമെന്നും പറഞ്ഞ്. എന്നാല്‍ എങ്ങനെയോ അമ്മായി അറിഞ്ഞു... ഓടി വന്നു.. എന്നെ കെട്ടി പിടിച്ചു... ഏങ്ങി ഏങ്ങി നിലവിളിച്ചു.... “പോയെടാ...!! അവന്‍ പോയെടാ...!!” എല്ലാവരും കരയുന്നത് എനിക്ക് ഒരു നിഴല്‍ പോലെ കാണാമായിരുന്നു...! എനിക്കെന്നെ നിയന്ത്രിക്കാനാവുനതിലും ഒരുപാടകലെ ആയിരുന്നത്..!! അതിനിടയില്‍ ജോണിയച്ചന്‍ ശാന്തനായി എന്റെ അടുത്ത് വന്ന് പറഞ്ഞു... “നീയെങ്ങനെയാ വന്നത്...?“ എല്ലാവരോടുമായി, അമ്മായി അകത്തു കൊണ്ടു പോകാനും പറഞ്ഞു... എന്നിട്ട് വീടിന്റെ പുറകിലുള്ള ടാങ്കില്‍ വെള്ളം കയറുന്നുണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ് പുറകു വശത്തേക്ക് പോയി... കുറെ നേരത്തിനു ശേഷവും തിരിച്ചു വരാഞ്ഞതിനാല്‍ എന്റെ അമ്മ അങ്ങോട്ട് പോയി നോക്കാമെന്ന് വച്ചെങ്കിലും ഞാന്‍ തടഞ്ഞു.. ഞാന്‍ പോയി നോക്കിക്കോളാമെന്ന് പറഞ്ഞ് ഞാനങ്ങോട്ട് നടന്നു.

വീടിന്റെ പുറകില്‍... കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഞാനും ജോബിയും ജോണിയച്ചനും കൂടി ഉരുട്ടി മാറ്റി കൊണ്ടുവന്നിട്ട ആ കല്ലില്‍ ഇരുന്ന് ജോണിയച്ചന്‍ ഏങ്ങി കരയുന്നുണ്ടായിരുന്നു...!!! എനിക്കിത്തവണ എന്നെ തന്നെ നിയന്ത്രിക്കാനയില്ലാ...!! “എടാ..., അവനന്ന് പറഞ്ഞത് അറം പറ്റിയല്ലോടാ...” എന്ന് പറഞ്ഞുള്ള ആ ഏങ്ങലിനു മുകളില്‍ ഞാന്‍ തകര്‍ന്നു പോയി...!!! “അതേടാ..., അവന്‍ പറഞ്ഞ പോലെ തന്നെ, അവന്‍ തന്നെ ഈ കല്ല് മാറ്റിയിട്ടിട്ട് നന്നായിട്ട് പന്തല്‍ കെട്ടി അവന്‍ പോയി...!!!” എനിക്കായില്ലാ ജോണിയച്ചനെ ആശ്വസിപ്പിക്കാന്‍... ഞാനും ഒപ്പം തകര്‍ന്നതല്ലാതെ...!!!

പിറ്റേന്ന്... രാവിലെ പള്ളിയില്‍ പോകും മുന്‍പ് ഞാ‍നാ കല്ലിനടുത്ത് പോയി കുറെ സമയം നിന്നു... ആ കരിങ്കല്ല് എന്നെ നോക്കി ഇളിച്ചു കാട്ടുന്നതായി എനിക്ക് തോന്നി...!!!! ജോബിയുടെ തമാശകള്‍ നിറഞ്ഞ.... പൊട്ടിച്ചിരിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നെ അന്ന് കൂടുതല്‍ കരയിപ്പിച്ചു....!!!

അഹം - ഒരു വിവരണം

ഞാന്‍ ജോസ്മോന്‍ ജോര്‍ജ്ജ്. കേരളത്തിലെ കോട്ടയം ജില്ലയില്‍ തിടനാട് എന്ന കൊച്ച് ഗ്രാമത്തിലെ വാഴയില്‍ കുടുംബത്തില്‍ ജോര്‍ജ്ജ് മേരി ദമ്പതികളുടെ നാലു മക്കളില്‍ നാലാമത്തവനായി ജനിച്ചു.

അപ്പച്ചന്‍ (അങ്ങനെയാണ് ഞാന്‍ എന്റെ പിതാമഹനെ വിളിക്കുന്നത്) ഒരു കലാകാരനായിരുന്നു. വിശദമായി പറഞ്ഞാല്‍ ഒരു സകലകലാ വല്ലഭന്‍... ഓയില്‍ പെയിന്റിംഗായിരുന്നു അദ്ദേഹത്തിന്റെ ജോലി. എന്നാല്‍ അദ്ദേഹം അത് കൂടാതെ, നാടകങ്ങള്‍ക്ക് പിന്നണിഗായകനായും, ഭാഗവതരായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു നല്ല കൈനോട്ടക്കാരന്‍ കൂടിയായിരുന്നു. പിന്നിട് അദ്ദേഹം റബര്‍ വെട്ടുക എന്ന ജോലി മാത്രമാക്കി... അതിന് കാരണവുമുണ്ടായിരുന്നു....!

അമ്മ..., അമ്മ ഒരു തയ്യല്‍ ടീച്ചര്‍ ആയിരുന്നു. തയ്യല്‍ക്കാരിയായിരുന്നു എന്ന് സിംബളായി പറയാം. അമ്മ ഒത്തിരി പാവമാണ്! ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിതം മാറ്റി വച്ച ഒരമ്മ. ഇടക്ക് അപ്പച്ചന്‍ റ്റൈഫോയിഡ് പനി പിടിച്ച് കലശലായി... മരണത്തെ മുഖാമുഖം കണ്ട്, അന്ത്യകൂദാശ പോലും കൊടുത്തതാണ്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് അപ്പച്ചനെ മുകളിലിരിക്കുന്നവന്‍ ഞങ്ങള്‍ക്ക് തിരിച്ച് തന്നു. അതിനു ശേഷം അപ്പച്ചന് ജോലിക്ക് പോകുക ബുദ്ധിമുട്ടായിരുന്നു. അമ്മ തളര്‍ന്നില്ല...!! രാത്രിയും പകലും വേര്‍തിരിക്കാതെ അമ്മ തന്റെ തയ്യല്‍ മിഷ്യനോട് കിന്നാരം പറഞ്ഞ് കുടുംബം പച്ച പിടിപ്പിച്ചു. അന്ന് ചേട്ടന്‍ കോളേജില്‍ പോകുന്നതേ ഉള്ളു. ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും, ഞാന്‍ ഉണരുമ്പോഴും അമ്മ തന്റെ തയ്യല്‍ മിഷ്യനോടൊപ്പം കിന്നരിക്കുന്നുണ്ടാവും. - ഒരിക്കലും അരമ്മയെ മനസിലാക്കാന്‍ മക്കള്‍ക്കാവില്ല.... അതിന് ഈ ജീവിതം മതിയാവില്ല.

ചേട്ടന്‍...! എബ്രാഹം ജോര്‍ജ്ജ്, പ്രിന്‍സിപ്പാള്‍ ഓഫ് ജവഹര്‍ നവോദയ വിദ്യാലയ്, കാർഗിൽ & ലേഗ്, കാശ്മീർ. എനിക്കഭിമാനമാണ് അങ്ങനെ പറയാന്‍. അദ്ദേഹം ഒരു മാജിക് കാരനായി എനിക്ക് തോന്നിയിട്ടുണ്ട്...! ചേട്ടന്‍ ഉണ്ടാക്കിയതെല്ലാം ശൂന്യതയില്‍ നിന്നയിരുന്നു. റബര്‍ ഷീറ്റ് അടിക്കാന്‍ അപ്പച്ചന്‍ ചേട്ടനെ പറഞ്ഞ് വിടുമ്പോള്‍.. അമ്മ അപ്പച്ചനെ ഓര്‍മ്മിപ്പിക്കും... “അപ്പച്ചാ..., അവന് ഒത്തിരി പഠിക്കാനുള്ളതാ...” എന്ന്. “പിന്നെ അവനിപ്പം പഠിച്ച് കലക്‍ടര്‍ ആവാന്‍ പോകുവല്ലേ...?” എന്ന് അപ്പച്ചനും. ജീവിതത്തിന്റെ കഷ്ടപാടുകളെ കണ്ടില്ലെന്ന് നടിച്ച് തളരാതെ മുന്നേറാന്‍ ചേട്ടനെ പ്രേരിപ്പിച്ചത് എന്താണെന്നെനിക്കറിയില്ല. ഞാനും ചേട്ടനും തമ്മില്‍ ഒരുപാട് അന്തരങ്ങള്‍ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. സ്വഭാവത്തില്‍ അന്തരം ഉണ്ട് എന്ന് ഞാന്‍ പറഞ്ഞില്ലെങ്കിലും, ഞങ്ങളെ രണ്ടുപേരേയും അറിയുന്നവര്‍ പറയാറുണ്ട്. കുടുംബം നാശത്തിലേക്ക് കൂപ്പ് കുത്തുമായിരുന്നില്ലെങ്കിലും, കഷ്‌ടപാടുകള്‍ ഏറി വന്നപ്പോള്‍ എല്ലാ ഉത്തരവാദിത്വങ്ങളും സ്വയം തലയിലേറി ചേട്ടന്‍ നടന്നു... തളരാതെ... തകരാതെ...! ഇല്ലായ്മയുടെ ദിനങ്ങളെ കഴിഞ്ഞ ഇന്നലെകളാക്കി. ചേട്ടന്‍ വിവാഹം കഴിച്ച് നാല് കുട്ടികളുമുണ്ട് ഇന്ന്. എന്നാല്‍ ഇന്നും എല്ലാം കാത്ത് പരിപാലിക്കുകയാണ് ഒരു കൂട്ടുകുടുംബത്തിലെ വലിയേട്ടനായി.

ലൌലിചേച്ചി - ചേട്ടത്തി - എന്ന് ഞാന്‍ വിളിക്കുന്നു. ചേട്ടന്‍ ഭാഗ്യവാനാണ്..., ഞങ്ങളും...! അതുകൊണ്ടാണ് ലൌലിചേച്ചി എന്റെ വീട്ടിലെ മരുമകളായത്. അമ്മയേക്കാള്‍ സ്വല്പം താഴെ, ചേച്ചിമാരേക്കാള്‍ ഒരു പടി മുകളില്‍ ഞാന്‍ എന്റെ ചേട്ടത്തിയെ കാണുന്നു. എന്നും ചേട്ടന് വേണ്ടിയും, കുടുംബത്തിന് വേന്ണ്ടിയും നിലകൊള്ളുന്ന ഒരു നല്ല - ഒരുപാട് നല്ല ചേട്ടത്തി. ചേട്ടന് നാല് കുട്ടികള്‍: ഡെബിന്‍, ഡാലിയ, ഡിംബിള്‍, ഡാനി.

ഫെമിനാചേച്ചി: സി. സെറിന്‍. എന്റെ മൂത്ത ചേച്ചിയാണ്. കോതമംഗലം സെന്റ് ജോസഫ് - ധര്‍മഗിരി മഠത്തില്‍ ചേര്‍ന്ന് സിസ്റ്ററായി. ഇപ്പോള്‍ ലക്നൌ-ലെ മാവ് എന്ന സ്ഥലത്താണ്. കുട്ടിക്കാലം മുതല്‍ ചേച്ചിയുടെ ആഗ്രഹമായിരുന്നു, സിസ്റ്ററാവുക എന്നത്. ഒത്തിരി പാവം. ചേച്ചി ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് ഫെമിനാചേച്ചിയോടായിരുന്നു എന്നും ഇത്തിരി സ്നേഹം കൂടുതല്‍. അതിന് പ്രത്യേക കാരണമൊന്നുമില്ലായിരുന്നു. അപ്പച്ചന്റെ എല്ലാ കലാവാസനയും ഒന്നടങ്കം കിട്ടിയത് ചേച്ചിക്കാണ്. പാട്ടുകാരി, വരകാരി, അഭിനേത്രി, ഇതിനൊക്കെ പുറമേ ഡാന്‍സ്കാരി. ചേച്ചി എന്നും ശാന്തതയുടെ പര്യായമായിരുന്നു... ഇന്നും അതെ...!!!

ജോര്‍ജിയാചേച്ചി: മുംബയിലെ ഹിന്ദുജാ ഹോസ്പിറ്റലില്‍ നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുന്നു. എന്റെ നന്മയായിരുന്നു എന്നും ചേച്ചിയുടെ മനസില്‍. ഞാനൊരു പൂ ചോദിച്ചാല്‍ പൂന്തോട്ടം നല്‍കുന്ന ചേച്ചി. എന്നെ ഇത്രമാത്രം മനസിലാക്കാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. ചേച്ചി എന്നെ ഒരുപാട് സ്നേഹിച്ചു... സ്നേഹിക്കുന്നു. പലപ്പോഴും എനിക്കാ സ്നേഹം തിരിച്ചു നല്‍കാന്‍ കഴിയാറുമില്ല. ചേച്ചി വിവാഹം കഴിച്ച് രണ്ട് ആണ്‍കുട്ടികളുമുണ്ട്. അളിയന്‍: സിബി - സ്നേഹിക്കാന്‍ അറിയാവുന്ന ഒരളിയന്‍. ശാസനയിലും ഉണ്ട് സ്നേഹമദ്ദേഹത്തിന്. ചേച്ചിയുടെ കുട്ടികള്‍: ജോയല്‍, സിറില്‍.

പിന്നെ ഞാന്‍....!!!